2015-01-18 07:13:00

മനിലയില്‍ പാപ്പായ്ക്കൊപ്പം വന്‍ യുവജനസംഗമം


ഫിലിപ്പീന്‍സിന്‍റെ തലസ്ഥാന നഗരമായ മനിലയിലുള്ള സെന്‍റ് തോമസ് യൂണിവേഴ്സിറ്റി ക്യാമ്പസിലാണ് പാപ്പായെ കാണുവാനും ശ്രവിക്കുവാനും യുവജനങ്ങള്‍ ആര്‍ത്തിരമ്പിയത്. യൂണിവേഴ്സിറ്റിയുടെ 400-ാം വാര്‍ഷികവും കണക്കിലെടുത്താണ് 40,000-ത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാപീഠം പാപ്പായുടെ സന്ദര്‍ശനത്തിന് വേദിയായത്. 81 ശതമാനം കത്തോലിക്കരുള്ള ഫിലിപ്പീസിലെ കാത്തലിക്ക് യൂണിവേഴ്സിറ്റി, യുവജനങ്ങള്‍ക്കായി സംഘടിപ്പിച്ച പാപ്പാ ഫ്രാന്‍സിസിന്‍റെ സാന്നിദ്ധ്യത്തിലുള്ള പ്രാര്‍ത്ഥനാസംഗമവും, യുവജനങ്ങളുടെ ജീവിതസാക്ഷൃവുമായിട്ടാണ് ഒരു മണിക്കൂറിലേറെ നീണ്ടുനിന്ന സംഗീതാത്മകമായ പരിപാടി സംഘടിപ്പിച്ചത്. യുവജനങ്ങളുടെ നിറസാന്നിദ്ധ്യവും സജീവ പങ്കാളിത്തവും പാപ്പാ ഫ്രാന്‍സിസിന്‍റെ ഫിലിപ്പീന്‍സ് സന്ദര്‍ശനത്തിലെ നാലാം ദിവസത്തിനും, അവസാനദിനത്തിലെ ആദ്യപരിപാടിക്കും നിറപ്പകിട്ടേകി.

ഒരുങ്ങിയ ഇംഗ്ലിഷ് പ്രസംഗം ഉപേക്ഷിച്ച്, യുവാക്കളോട് പാപ്പാ ദ്വിഭാഷിയുടെ സഹായത്തോടെ ഹൃദയം തുറന്നു സംസാരിക്കുകയും ജീവിത വെല്ലുവിളികളെ സമഗ്രതയോടെ നേരിടുവാനുള്ള സന്ദേശം നല്കുകയും ചെയ്തു. താഴെ ചേര്‍ക്കുന്നത് പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രസംഗത്തിന്‍റെ (English Original) പരിഭാഷ ചുവടെ ചേര്‍ക്കുന്നു :

യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിക്കളോടുകൂടെ ആയിരിക്കുന്നതിലുള്ള സന്തോഷം പ്രകടിപ്പിച്ചുകൊണ്ടാണ് മനില സെന്‍റ് തോമസ് യൂണിവേഴ്സിറ്റിയിലെ യുവജനങ്ങളുമായുള്ള കൂടിക്കാഴ്ചയുടെ പ്രഭാഷണം പാപ്പാ ഫ്രാന്‍സിസ് ആരംഭിച്ചത്. യുവജനങ്ങള്‍ക്ക് ഹൃദയപൂര്‍വ്വം അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുകയും, കൂടിക്കാഴ്ചയ്ക്ക് വേദിയൊരുക്കിയ എല്ലാവര്‍ക്കും നന്ദിയര്‍പ്പിക്കുകയും ചെയ്തു. സഭയ്ക്ക് യുവജനങ്ങളോടുള്ള സ്നേഹവും പ്രത്യാശയും ആദ്യം പ്രകടമാക്കിയ പാപ്പാ,  നല്ല ലോകവും സമൂഹവും വളര്‍ത്തെയുടുക്കുന്നതില്‍ യുവജനങ്ങള്‍ വഹിക്കേണ്ട തീക്ഷ്ണവും സത്യസന്ധവുമായ പങ്കിനെക്കുറിച്ച് അവരെ അനുസ്മരിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും ആഗ്രഹിക്കുന്നുവെന്ന് പ്രസ്താവിച്ചു.

എനിക്ക് സ്വാഗതമര്‍പ്പിച്ച യുവജനങ്ങള്‍ക്ക് നന്ദിപറയുന്നു. നിങ്ങളിലുള്ള ആശകളും ആശങ്കകളും, പ്രതീക്ഷയും പ്രത്യാശയുമെല്ലാം എല്ലാവര്‍ക്കുവേണ്ടി അവര്‍ പ്രകടിപ്പിക്കുയുണ്ടായി. യുവജനങ്ങളുടെ പ്രതീക്ഷകളും പ്രയാസങ്ങളുമാണ് അവര്‍ വാക്കുകളില്‍ പ്രകടമാക്കിയത്. ദീര്‍ഘമായി അവയെക്കുറിച്ച് ഇവിടെ പ്രതിപാദിക്കുക ശ്രമകരമാണ്. എന്നാല്‍ നിങ്ങളുടെ അദ്ധ്യാപകരുടെ സഹായത്തോടെ പ്രാര്‍ത്ഥനാപൂര്‍വ്വം അവയെ പരിഗണിക്കുകയാണെങ്കില്‍ ജീവിതത്തില്‍ അവയെക്കുറിച്ച് ക്രിയാത്മകവും ഫലദായകവുമായ തീരുമാനങ്ങളില്‍ എത്തിച്ചേരുവാന്‍ സാധിക്കും. യുവജനങ്ങള്‍ രാഷ്ട്രനിര്‍മ്മിതിയില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്കേണ്ട മൂന്നു മേഖകളെക്കുറിച്ച് ഞാന്‍ പറയട്ടെ. ആദ്യത്തേത് സമഗ്രതയുടെ വെല്ലുവിളിയാണ്. വെല്ലുവിളി എന്ന വാക്കുതന്നെ രണ്ടുവിധത്തില്‍ മനസ്സിലാക്കാം. ആദ്യത്തെ അര്‍ത്ഥം വിപരീതാത്മകമാണ് – സത്യമായും ശരിയായും നല്ലതായും ഒരാള്‍ കരുതുന്ന ധാര്‍മ്മിക ബോധ്യങ്ങള്‍ക്ക് വിപരീതമായി പ്രവര്‍ത്തിക്കുവാനുള്ള പ്രലോഭനമാണത്. പിന്നെ സ്വാര്‍ത്ഥതാല്പര്യങ്ങളും, ആര്‍ത്തിയും, കാപട്യവും, മറ്റുള്ളവരെ ഉപയോഗപ്പെടുത്തുവാനുള്ള പ്രവണതയും നമ്മുടെ സമഗ്രതയെ വെല്ലുവിളിക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ്. എന്നാല്‍ വെല്ലുവിളിയെ ക്രിയാത്മകമായും മനസ്സിലാക്കാം. അത് ധൈര്യപൂര്‍വ്വം പ്രവര്‍ത്തിക്കുവാനുള്ള ക്ഷണമാകാം. പിന്നെ വിശ്വസിക്കുന്നതും വിശുദ്ധവുമായ കാര്യങ്ങളെക്കുറിച്ചുള്ള പ്രവാചക ദൗത്യവും വെല്ലുവിളിയുമാണ്. അങ്ങനെയാകുമ്പോള്‍, ഒരാളുടെ ജീവിതത്തില്‍ ഇന്നും എവിടെയും നിര്‍വ്വഹിക്കേണ്ടതാണ് പ്രവാചക വെല്ലുവിളി അല്ലെങ്കില്‍ ദൗത്യം. ഇത് പിന്നീടോ, പ്രായമാകുമ്പോഴോ, വലിയ ഉത്തരവാദിത്വങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടോ ആവാം, എന്നു ചിന്തിച്ചു മാറ്റിവയ്ക്കേണ്ട കാര്യമല്ല.. മറ്റുള്ളവരോട് – സമപ്രായക്കാരോടും സമകാലീനരോടും മുതിര്‍ന്നവരോടും സത്യസന്ധമായും നീതിനിഷ്ടയോടുംകൂടെ പെരുമാറേണ്ടത് എന്‍റെ ജീവിതത്തിലെ ഇന്നിന്‍റെ വെല്ലുവിളിയാണ്. വെല്ലുവിളികളെ നാം ഒഴിവാക്കരുത്, മാറ്റിവയ്ക്കരുത്! മറിച്ച് നേരിടണം.

സ്നേഹിക്കുവാന്‍ പഠിക്കുക, യുവതലമുറയുടെ അനുപേക്ഷണീയമായ വെല്ലുവിളിയാണ്. സ്നേഹിക്കുന്ന വ്യക്തി ആപത്ക്കരമായ വിധത്തിലാണ് നന്മചെയ്യുവാന്‍ പരിശ്രമിക്കുന്നത്, അപകടങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ്. അതായത് പുറംതള്ളപ്പെടലിന്‍റെയും, ചതിക്കപ്പെടുന്നതിന്‍റെയും, അല്ലെങ്കില്‍ അപരനെ ദുരുപയോഗം ചെയ്യുന്നതിന്‍റെയും കെണികള്‍ സ്നേഹമെന്ന വെല്ലുവിളിയില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. എന്നിരുന്നാലും സ്നേഹത്തെ നാം ഭയക്കരുത്! സ്നേഹിക്കാന്‍ ഭയപ്പെടരുത്! എന്നാല്‍ സ്നേഹത്തിലും, സ്നേഹിക്കുന്നതിലും സമഗ്രത പാലിക്കേണ്ടതുണ്ട്. സ്നേഹജീവിതത്തിലും നാം സത്യസന്ധതയും മാന്യതയും പുലര്‍ത്തേണ്ടതുണ്ട്!

പൗലോസ് അപ്പസ്തോലന്‍ തിമോത്തിക്ക് എഴുതിയ ലേഖനത്തില്‍ പറയുന്നു, ‘നീ ചെറുപ്പമായതുകൊണ്ട് ആരും നിന്നെ അവഗണിക്കാതിരിക്കട്ടെ. വാക്കിലും പെരുമാറ്റത്തിലും സ്നേഹത്തിലും നീ എല്ലാവര്‍ക്കും മാതൃകയായിരിക്കണം’ (1 തിമോത്തി 4, 12). അങ്ങനെ യുവജനങ്ങള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകാന്‍ വിളിക്കപ്പെട്ടവരാണ്, സമഗ്രതയുടെ മാതൃകയായിരിക്കുവാന്‍ വിളിക്കപ്പെട്ടവരാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ സ്വാഭാവികമായും നിങ്ങള്‍ എതിര്‍പ്പും, വിദ്വേഷവും, നിരുത്സാഹപ്പെടുത്തലും, ചിലപ്പോള്‍ അവഹേളനവും നേരിട്ടെന്നു വരാം. എന്നാല്‍ ഈ പ്രതിസന്ധികളെല്ലാം മറികടക്കാന്‍ പോരുന്ന സവിശേഷഗുണം നിങ്ങള്‍ക്കുണ്ട്. അത് നിങ്ങള്‍ സ്വീകരിച്ചിട്ടുള്ള പരിശുദ്ധാത്മാവാണ്. അനുദിന പ്രാര്‍ത്ഥനയാലും ദിവ്യകാരുണ്യത്താലും നിങ്ങളിലെ ദൈവാത്മാവിനെ ഉണര്‍ത്താനായാല്‍ ക്രിസ്തു നിങ്ങളെ വിളിക്കുകയും ഭരമേല്പിക്കുകയും ചെയ്യുന്ന ധാര്‍മ്മിക മഹത്വം നിങ്ങള്‍ക്കു നേടുവാന്‍ സാധിക്കും. അങ്ങനെ ജീവിതത്തില്‍ ക്ലേശിക്കുന്ന സുഹൃത്തുക്കള്‍ക്ക് ദിശാമാപിനിയാകുവാനും, മാര്‍ഗ്ഗദീപമാകുവാനും നിങ്ങള്‍ക്കു സാധിക്കും. പ്രത്യാശ നഷ്ടപ്പെട്ട്, ആദര്‍ശങ്ങള്‍ വലിച്ചെറിയാന്‍ പ്രലോഭിതരായി, വിദ്യാലയം വിട്ട് തെരുവിലേയ്ക്കിറങ്ങുവാന്‍ നിര്‍ബന്ധിതരാകുന്ന യുവജനങ്ങളെ നാം ഓര്‍ക്കേണ്ടതാണ്.

നിങ്ങളുടെ സമഗ്രത നഷ്ടപ്പെടാതിരിക്കുക എന്നത്, അതിനാല്‍ ഏറെ പ്രധാനപ്പെട്ട കാര്യമാണ്. നിങ്ങളുടെ ജീവിതാദര്‍ശങ്ങളും മൂല്യങ്ങളും ബലികഴിക്കരുത്. ജീവതനന്മയ്ക്കും, വിശുദ്ധിക്കും നൈര്‍മ്മല്യത്തിനും, ധീരതയ്ക്കും എതിരായ പ്രലോഭനങ്ങള്‍ക്ക് നിങ്ങള്‍ അടിമപ്പെടരുത്. ജീവിതത്തിലെ വെല്ലുവിളികള്‍ നേരിടണം, അഭിമുഖീകരിക്കണം. ക്രിസ്തുവിനോടൊത്ത് – നിങ്ങള്‍ക്കത് തീര്‍ച്ചയായും കൂടുതല്‍ സാധിക്കും, നീതിനിഷ്ഠവും നവവുമായ ഫിലിപ്പീനോ സംസ്കൃതിയുടെ പ്രായോക്താക്കളും ശില്പികളുമാകുവാന്‍, പ്രിയ യുവജനങ്ങളേ, നിങ്ങള്‍ക്കു സാധിക്കട്ടെ! 

പരിസ്ഥിതി സംരക്ഷണം നിങ്ങളുടെ താല്പര്യവും പ്രതിബന്ധതയും ഇന്ന് അനിവാര്യമായിരിക്കുന്ന മറ്റൊരു മേഖലയുമാണ്. കാലാവസ്ഥാവ്യതിയാനം മറ്റേതു രാജ്യത്തെക്കാളും അധികം ഫിലിപ്പീന്‍സിനെ ഗൗരവതരമായി ബാധിക്കുവാന്‍ പോകുന്നതുകൊണ്ടല്ല ഇതു ഞാന്‍ പറയുന്നത്. നിങ്ങള്‍ ഉത്തരവാദിത്വമുള്ള പൗരന്മാര്‍ എന്നതിനേക്കാള്‍, നല്ല ക്രൈസ്തവരെന്ന നിലയില്‍ ദൈവസൃഷ്ടിയായ പ്രപഞ്ചത്തെ, ഭൂമിയെ, പരിസ്ഥിതിയെ ആദിരിക്കുവാനും സംരക്ഷിക്കുവാനും വിളിക്കപ്പെട്ടവരാണ്. പരിസ്ഥിതി സംരക്ഷണം എന്നു പറയുന്നത് പാരിസ്ഥിതിക ശുചിത്വം പാലിക്കുന്നതിലോ, നിത്യോപയോഗ വസ്തുക്കളുടെ മൂലപദാര്‍ത്ഥം പുനഃരാവിഷ്ക്കരിച്ച് സംരക്ഷിക്കുന്നതിലോ അല്ല. ഇവ പ്രധാനപ്പെട്ടതും നല്ല കാര്യവുമാണ്, എന്നാല്‍ അതുമാത്രം പോരാ. ദൈവികസൃഷ്ടിയുടെ മനോഹാരിതയും പദ്ധതിയും വിശ്വാസത്തിന്‍റെ കണ്ണുകളാല്‍ നമുക്കു കാണാനാകണം. പരിസ്ഥിതിയും മനുഷ്യാന്തസ്സും തമ്മിലുള്ള മൗലികമായ കണ്ണി ദൈവികപദ്ധതിയാണ്. മനുഷ്യര്‍ - സ്ത്രീയും പുരുഷനും ദൈവത്തിന്‍റെ പ്രതിച്ഛായയില്‍ സൃഷ്ടിക്കപ്പെട്ടവരും സൃഷ്ടിയുടെമേല്‍ ആധിപത്യമുള്ളവരുമാണ് (ഉല്പത്തി 1, 26-28). സൃഷ്ടിയുടെ സംരക്ഷകരെന്ന നിലയില്‍ ഭൂമിയെ മാനവ കുടുംബത്തിന്‍റെ മനോഹരമായ ഉദ്യാനമാക്കേണ്ടത് മനുഷ്യരുടെ കടമയാണ്. നമ്മുടെ വനംങ്ങള്‍ നശിപ്പിക്കുകയും,

ഭൂമി വെട്ടിപ്പിടിക്കുകയും, ജലസമ്പത്ത് മലീമസമാക്കുകയും ചെയ്യുമ്പോള്‍ ശ്രേഷ്ഠമായ പരിസ്ഥിതി സംരക്ഷണമെന്ന വിളിയെ നാം വഞ്ചിക്കുകയാണ്.

മൂന്നു മാസങ്ങള്‍ക്കു മുന്‍പ് പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് സഭാ പിതാക്കന്മാര്‍ നിങ്ങളെ അനുസ്മരിപ്പിച്ചതാണ്. നമ്മുടെ പ്രവര്‍ത്തനങ്ങളുടെയും ജീവിതശൈലിയുടെയും ധാര്‍മ്മിക മാനവും, ഭൂമിയുടെ ഉപയസാധ്യതകളുടെ വ്യയവും ഉപയോഗവും വിലയിരുത്തുവാനാണ് ആവശ്യപ്പെട്ടത്. ഇന്ന് നിങ്ങളുടെ ജീവിതപശ്ചാത്തലത്തിലും ക്രിസ്തുരാജ്യ നിര്‍മ്മിതിയിലെ നിങ്ങളുടെ ഭാഗഭാഗിത്വത്തിന്‍റെയും ചുറ്റുപാടില്‍ പ്രവര്‍ത്തിക്കണമെന്നും,  ഈ ഉത്തരവാദിത്വം നിര്‍വ്വഹിക്കണമെന്നും അഭ്യാര്‍ത്ഥിക്കുകയാണ്. പ്രിയ യുവജനങ്ങളേ, സൃഷ്ടിയുടെയും അതിലെ ഉപയസാധ്യതകളുടെയും നീതിനിഷ്ഠവും ഉത്തരവാദിത്വപരവുമായ ഉപയോഗവും സംരക്ഷണവും വളരെ അടിയന്തിരമായ ആവശ്യമാണ്, അതില്‍ യുവതലമുറയ്ക്ക് വലിയ പങ്കുവഹിക്കുവാനുമുണ്ട്. ഫിലിപ്പീന്‍സിന്‍റെ ഭാവി നിങ്ങളാണ്. നിങ്ങളുടെ നാടിന്‍റെ പരിസ്ഥിതിയുടെ അവസ്ഥാവിശേഷവും മനോഹാരിതയും നിങ്ങള്‍തന്നെ വിലിയിരുത്തുക, നിലനിര്‍ത്തുക!        

യുവജനങ്ങളായ നിങ്ങള്‍ക്ക് പ്രവര്‍ത്തിക്കാവുന്ന മറ്റൊരു മേഖലയാണ് പാവങ്ങളുടെ പരിചരണം. ക്രൈസ്തവര്‍ ദൈവിക കുടുംബത്തിലെ അംഗങ്ങളാണ്. വ്യക്തിപരമായി നാം ഉള്ളവരോ ഇല്ലാത്തവരോ എന്നത് പ്രശ്നമല്ല. എങ്കിലും ആവശ്യത്തിലായിരിക്കുന്ന സഹോദരങ്ങളെ സാഹിയിക്കാന്‍ കടപ്പെട്ടവരാണ് നാം. ഭൗതികവും വൈകാരികവും ആത്മീയവുമായ സഹായം തേടുന്നവര്‍, സഹായം അര്‍ഹിക്കുന്നവര്‍ എപ്പോഴും നമുക്കു ചുറ്റുമുണ്ട്. ഒന്നുമില്ലെങ്കിലും എപ്പോഴും നമുക്കു നല്കാവുന്ന ശ്രേഷ്ഠമായ സമ്മാനമാണ്  സൗഹൃദം, സ്നേഹം കരുണ, പിന്നെ ക്രിസ്തുസ്നേഹം! ക്രിസ്തുവിനെ സ്വീകരിച്ചിട്ടുള്ളവര്‍ക്ക് എല്ലാം ഉണ്ടെന്നു പറയാം. ക്രിസ്തുവിനെ നല്കുക എന്നത്, പിന്നെ നമുക്ക് നല്കാവുന്ന സമ്മാനങ്ങളില്‍ അത്യുല്‍കൃഷ്ടമായിരിക്കും.

ദാരിദ്യം എന്താണെന്നും നിങ്ങള്‍ക്ക് അറിയാം. പിന്നെ ക്രിസ്തു വാഗ്ദാനംചെയ്യുന്ന ആത്മീയദാരിദ്ര്യത്തിന്‍റെ, ‘ആത്മനാ ദാരിദ്ര്യമുള്ളവര്‍’ എന്നതിന്‍റെ പൊരുളും നിങ്ങളില്‍ ചിലര്‍ക്കെങ്കിലും അറിയാം (മത്തായി 5, 3). ദാരിദ്ര്യവ്രതമെടുത്ത് ക്രിസ്തുവിനെ അനുഗമിക്കുവാന്‍ ആഗ്രഹിക്കുന്ന ഇക്കൂട്ടത്തില്‍ ഉള്ളവരോട് പ്രോത്സാഹനത്തിന്‍റെയും നന്ദിയുടെയും വാക്കു പറയട്ടെ. ദാരിദ്ര്യാരൂപി ഉള്‍ക്കൊള്ളുന്നവര്‍ക്ക്  അനേകരെ സമ്പന്നരാക്കാനാവും. എന്നാല്‍ നിങ്ങളില്‍ കൂടുതല്‍ ഉള്ളവര്‍,  കുടുതല്‍ നല്കുവാനും പ്രവര്‍ത്തിക്കുവാനും കടപ്പെട്ടിരിക്കുന്നു. സമയവും കഴിവും മറ്റ് ഉപയസാധ്യതകളും നിങ്ങള്‍ ക്ലേശിക്കുന്നവര്‍ക്കും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കും നല്കുമ്പോള്‍, നിങ്ങള്‍ സമൂഹത്തില്‍ മാറ്റത്തിന് വഴിതെളിക്കും. ഈ മാറ്റം ഇന്നിന്‍റെ അടിയന്തിരാവശ്യമാണ്. അതു ചെയ്യുന്നവരെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കും. ‘നിങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ സമ്പത്തു ധാരളമായിട്ടുണ്ടാകും,’ എന്നാണ് ക്രിസ്തു പറയുന്നത് (മാര്‍ക്കോസ് 10, 21).

ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ യൂണിവേഴ്സിറ്റിയില്‍വച്ച് വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ പ്രഖ്യാപിച്ചതിങ്ങനെയാണ്, ആധുനിക ലോകത്തിന് ഇണങ്ങുന്ന സ്നേഹസംസ്കൃതി വളര്‍ത്തുവാന്‍ പോരുന്ന നവമായ യുവത്വം ഇന്നിന്‍റെ ആവശ്യമാണ്! അത് നിങ്ങളായിരിക്കണം, ആ യുവാവും യുവതിയും നിങ്ങള്‍ ഓരോരുത്തരുമായിരിക്കട്ടെ!! പ്രിയ യുവജനങ്ങളേ, നിങ്ങളുടെ ആദര്‍ശധീരത ഒരിക്കലും കൈവെടിയരുത്! ദൈവം നിങ്ങള്‍ക്കും, നിങ്ങളുടെ നാടിനും, നാം വസിക്കുന്ന ലോകത്തിനുമായി നല്കുന്ന പദ്ധതിയുടെയും ദൈവസ്നേഹത്തിന്‍റേയും സന്തുഷ്ടിയുള്ള സാക്ഷികളായി നിങ്ങള്‍ ജീവിക്കുക!

 

 








All the contents on this site are copyrighted ©.