2015-01-17 08:31:00

മഴയത്തും പാപ്പാ ഫ്രാന്‍സിസ് ദിവ്യബലിയര്‍പ്പിച്ചു തക്ലോബാനിലെ ജനതയ്ക്ക് ഹൃദയംതുറന്ന സാന്ത്വനം


ബലഹീനതകളില്‍ നമ്മോടൊത്തു സഹതപിക്കുന്ന പ്രധാനപുരോഹിതനാണ് ക്രിസ്തു. അവിടുന്ന് പാപമൊഴികെ എല്ലാറ്റിലും നമ്മെപ്പോലെയായിരുന്നു. എന്നാല്‍ നമ്മോടൊപ്പാമായിരിക്കാന്‍ അവിടുന്ന് മനുഷ്യപ്രകൃതി സ്വീകരിച്ചു. പാപികളായ നമ്മെപ്പോലെ ജീവിച്ചു. ഇത് ഇന്നത്തെ ആദ്യവായനയില്‍ പൗലോസ് അപ്പസ്തോലന്‍ അനുസ്മരിപ്പിക്കുന്നു. നമുക്കുമുന്നേ നടന്നുകൊണ്ട് അവിടുന്ന് നമുക്ക് കാണിച്ചു തന്ന ജീവിതമാതൃക കുരിശിന്‍റേതാണ് സഹനത്തിന്‍റേതാണ്. യൊളാന്താ ചുഴലിക്കാറ്റ് ഇന്നാടിനെ കീഴിമുറിച്ചിട്ട് 14 മാസങ്ങള്‍ കഴിഞ്ഞു. എങ്കിലും പതറാതെ മുന്നേറുവാനും ജീവിതം മുന്നോട്ടു നയിക്കുവാനും സാധിക്കുന്നത് ക്രിസ്തു നിങ്ങള്‍ക്കു മുന്നേചരിക്കുന്നതിനാലാണ്. അവിടുത്തെ പീഡാസഹനത്തില്‍ നമ്മുടെ എല്ലാ യാതനകളും അവിടുന്ന് ഉള്‍ക്കൊണ്ടു, ഏറ്റെടുത്തു. അങ്ങനെയാണ് ആദ്യ വായന നമ്മെ ഉദ്ബോധിപ്പിക്കുന്നത്. 

ഫിലിപ്പീന്‍സിന്‍റെ ദുരന്തം ഞാന്‍ വാത്തിക്കാനില്‍ ഇരുന്നു കണ്ട നാള്‍മുതല്‍ ഇവിടെ വരണമെന്ന് ആഗ്രഹിച്ചതാണ്. അന്നുതന്നെ തീരുമാനിച്ചാതാണ് ഈ യാത്ര. കുറച്ചു വൈകയെങ്കിലും ഞാന്‍ ഇതാ, നിങ്ങളോടു കൂടെയാണ്. യേശു കര്‍ത്താവാണെന്ന് നിങ്ങളോട് ഏറ്റുപറയുവാനാണ് ഞാന്‍ വന്നിരിക്കുന്നത്. അവിടുന്ന് നമ്മെ കൈവെടിയുകയില്ല. വേദനിക്കുന്ന നിങ്ങള്‍ പറയും... പാപ്പാ, ഞങ്ങള്‍ എല്ലാം നഷ്ടപ്പെട്ടവരാണ്. വീടും സ്വന്തമായവരെയും, ഉപജീവനവും എല്ലാം.....! നിങ്ങളുടെ വേദന മനസ്സിലാക്കുന്നു. പക്ഷെ, ഇതാ... കുരിശിലേയ്ക്കു നോക്കൂ. അവിടുന്ന് വേദനയോടെ തൂങ്ങിക്കിടക്കുന്നു. കുരിശിലാണെങ്കിലും, ഓര്‍ക്കുക, അവിടുന്ന് നമ്മെ കൈവെടിയുകയില്ല. കുരിശിലാണ് അവിടുന്ന് അഭിഷിക്തനായത്, ജീവിതത്തില്‍ നാം അനുഭവിക്കുന്ന എല്ലാ ദുരന്തങ്ങളും കെടുതികളും അവിടുന്ന് സഹിച്ചിട്ടുണ്ട്. യേശു കര്‍ത്താവാണ്. ക്രൂശിതന്‍ നിങ്ങളുടേയും എന്‍റേയുമാണ്. നമുക്കായി, നമ്മോടൊപ്പം സഹിച്ചവനാണ് ക്രിസ്തു. അങ്ങനെ നമ്മോടൊപ്പം കരയുകയും, ജീവിതയാത്രയില്‍ ഏറ്റവും വേദനാജനകമായ നിമിഷങ്ങളിലും നമ്മോടൊപ്പം നടക്കുന്നവനാണ്, നമ്മോടൊപ്പം ആയിരിക്കുന്നവനാണ് ക്രിസ്തു.

ദുരന്തങ്ങളില്‍ എല്ലാം നഷ്ടപ്പെട്ടവരാണ് എന്‍റെ മുന്നിലുള്ള നിങ്ങള്‍ ... നിങ്ങളോട് എന്തു പറയണമെന്ന് എനിക്ക് അറിയില്ല. എന്നാല്‍ ക്രിസ്തുവിന് അറിയാം എന്തു പറയണമെന്ന്.. നിങ്ങളില്‍ ചിലര്‍ കുടുംബവും കുടുംബാംഗങ്ങളും നഷ്ടപ്പെട്ടവരാണ്. എനിക്കു ചെയ്യാവുന്നത് ഹൃദയത്തിന്‍റെ വേദനയോടെ നിശ്ശബ്ദമായി നിങ്ങള്‍ക്കൊപ്പം ആയിരിക്കുവാനാണ്. നിങ്ങള്‍ ചോദിക്കും, ദൈവമേ, എന്താണിത്? എന്തുകൊണ്ട് ഞങ്ങള്‍ക്ക് എന്നും ഈ ദുരന്തമെന്ന്...??  ഇതാ, കുരിശില്‍നിന്നും ക്രിസ്തുവാണ് നിങ്ങളോട്, നിങ്ങളോട് ഓരോരുത്തരോടും മന്ത്രിക്കുന്നത്, മറുപടി നല്കുന്നത്. ഇനിയും നിങ്ങളോട് എന്തു പറയണമെന്ന് എനിക്ക് അറിയില്ല. ക്രിസ്തുവിലേയ്ക്കു തിരിയാം. അവിടുന്നാണ് കര്‍ത്താവ്, അവിടുന്നാണ് രക്ഷകന്‍.... ജീവിതത്തില്‍ യാതനകള്‍ അനുഭവിച്ച അവിടുന്ന് നമ്മുടെ യാതനകള്‍ അറിയുന്നു, നമ്മുടെ സഹനം അവിടുന്നു കാണുന്നു.  പിന്നെ, ക്രൂശിന്‍ ചുവട്ടില്‍ അവിടുത്തെ അമ്മയുമുണ്ട്. ജീവിതയാതനകളുടെ നടുവില്‍ അമ്മയുടെ മുന്നില്‍ നാം കുഞ്ഞുങ്ങളെപ്പോലെയാണ്. ഒന്നും അറിയാതെ വേദനയോടെ കരയുന്ന കുഞ്ഞുമക്കള്‍. അമ്മേ, എന്നു വിളിച്ചു പ്രാര്‍ത്ഥിക്കാം, പേടിച്ചരണ്ട കുഞ്ഞിനെപ്പോലെ, മക്കളെപ്പോലെ...!!  ജീവിതദുഃഖത്തിന്‍റെ കയത്തില്‍ നമുക്കു വിളിച്ചപേക്ഷിക്കാം... അമ്മേ... അമ്മേ....

നിശബ്ദമായി നമുക്ക് കുരിശിലേയ്ക്കു നോക്കാം... അവിടുന്ന് നമ്മെ മനസ്സിലാക്കുന്നു.. മക്കളെപ്പോലെ നമുക്ക് ക്രിസ്തുവിന്‍റെ അമ്മയുടെ പക്കലേയ്ക്കു തിരിയാം... അമ്മയുടെ വസ്ത്രത്തിന്‍റെ വിളുമ്പില്‍ നമുക്ക് മുറുകെ പിടിക്കാം. ഹൃദയം തുറന്നു പറയാം... വിളിച്ചപേക്ഷിക്കാം... അമ്മേ! നിങ്ങളുടെ ഹൃദയവിചാരങ്ങള്‍ ഇനി, നിശ്ശബ്ദമായി അമ്മയോടു പറയൂ. നമ്മെ സ്നേഹിക്കുന്ന, അറിയുന്ന അമ്മയാണ് മറിയം... നമ്മോടൊത്തു ചരിക്കുന്ന നമ്മുടെ സഹോദരനാണ് ക്രിസ്തു. അതിനാല്‍ നാമം ഒറ്റയ്ക്കല്ല. അതുപോലെ കെടുതിയില്‍ നമ്മെ സഹായിക്കാന്‍ ഓടിയെത്തിയ എത്രയോ പേരുണ്ട്., സഭയും ഞാനും ഞങ്ങളെല്ലാവരും നിങ്ങള്‍ക്കൊപ്പമുണ്ട്. അതിനാല്‍ നാം അന്യോന്യം സഹായിക്കുന്ന സഹോദരങ്ങളായി ജീവിക്കാം.

ഇത്രയുമാത്രാമാണ് എന്‍റെ ഹൃദയത്തില്‍ നിങ്ങള്‍ക്കായുള്ളത്. ഇനിയും പറയാന്‍ വാക്കുകളില്ലാത്തതില്‍ ക്ഷമിക്കുക. ഓര്‍ക്കുക... ക്രിസ്തു നിങ്ങളെ കൈവെടിയുകയില്ല. അവിടുത്തെ അമ്മയായ പരിശുദ്ധ കന്യകാനാഥയുടെ സ്നേഹവാത്സല്യവും നിങ്ങളെ ഉപേക്ഷിക്കില്ല.  ക്രിസ്തുവിന്‍റെ കുരിശിലെ സ്നേഹത്തില്‍നിന്നും ലഭിക്കുന്ന ശക്തിയോടെ അമ്മയുടെ ചാരത്ത്, അമ്മയുടെ വസ്ത്രാഞ്ചലത്തില്‍ പിടിച്ചുകൊണ്ട്, ക്രിസ്തുവില്‍ സഹോദരീ സഹോദരന്മാരെപ്പോലെ പ്രത്യാശയോടെ മുന്നോട്ടു ചരിക്കാം.

 








All the contents on this site are copyrighted ©.