2015-01-15 07:04:00

സ്ഥാനമൊഴിയുന്ന നെപ്പോളിത്താനോയ്ക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ അഭിനന്ദനങ്ങള്‍!


നീണ്ടകാല രാഷ്ട്രീയ ജീവിതത്തിനുശേഷം സ്ഥാനസ്ത്യാഗംചെയ്യുന്ന ഇറ്റാലിന്‍ പ്രസിഡന്‍റ് നെപ്പോളിത്താനോയ്ക്ക്, ശ്രീലങ്കാ സന്ദര്‍ശനത്തിന്‍റെ തിരക്കിനിടയിലും ജനുവരി 14-ാം തിയതി ബുധനാഴ്ച പാപ്പാ ഫ്രാന്‍സിസ്  ടെലിഗ്രാം സന്ദേശത്തിലൂടെ നന്ദിയും അഭിനന്ദനങ്ങളും അര്‍പ്പിക്കാന്‍ മറന്നില്ല. 

നെപ്പോളിത്താനോ ഇറ്റാലിയന്‍ രാഷ്ട്രത്തിനും ജനതയ്ക്കും നല്കിയ നിസ്വാര്‍ത്ഥവും മാതൃകാപരവുമായ സേവനങ്ങള്‍ക്ക് ആധികാരികതയും വിശ്വസ്തതയും സമര്‍പ്പണവും ഉണ്ടായിരുന്നെന്ന് ഹ്രസ്വസന്ദേശത്തില്‍ പാപ്പാ എടുത്തുപറഞ്ഞു. അദ്ദേഹത്തിന്‍റെ വിജ്ഞാനവും ഉള്‍ക്കാഴ്ചയും ദീര്‍ഘദൃഷ്ടിയുള്ള പ്രവൃത്തികളും ഐക്യത്തിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റെയും കൂട്ടായ്മയുടെയും രാഷ്ട്രീയാന്തരീക്ഷം ഇറ്റലിയില്‍ മാത്രമല്ല, യൂറോപ്പില്‍ പൊതുവെയും സംലബ്ദമായിട്ടുണ്ടെന്ന് പാപ്പാ സന്ദേശത്തില്‍ പ്രസ്താവിച്ചു.

2006 മെയ്, 15 മുതല്‍ 2015 ജനുവരി,14-വരെയാണ് നെപ്പോളിത്താനോയുടെ സേവനകാലം. ഇറ്റലിയുടെ കമ്യൂണിസ്റ്റ്, ഡെമോക്രാറ്റിക്ക് പാര്‍ട്ടികളിലൂടെ രാഷ്ട്രീയ രംഗത്ത് പയറ്റിത്തെളിഞ്ഞ നെപ്പോളിത്താനോ, 2006-ലെ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ചുകൊണ്ടാണ് അധികാരത്തില്‍ ഏറിയത്.

ആധുനിക ലോകത്ത് ഐക്യത്തിന്‍റെ ശക്തിയും മാതൃകയും പ്രകടമാക്കിയ യൂറോപ്യന്‍ യൂണിയന്‍ നിര്‍മ്മിതിയുടെ പ്രായോജനകനും, രാഷ്ട്രീയ പ്രതിസന്ധിയില്‍ അനുരഞ്ജകനും, കൂട്ടായ്മയുടെ പ്രായോക്താവുമായിരുന്നു നെപ്പോളിത്താനോ.  പ്രധാനമന്ത്രി, മത്തെയോ റെന്‍സിയെ രാഷ്ട്രീയമായ ഉത്തരവാദിത്വങ്ങള്‍ ഏല്പിച്ചുകൊണ്ടാണ് 89-കാരന്‍ നെപ്പോളിത്താനോ പ്രസിഡന്‍റ് സ്ഥാനത്തിന്‍റെ രണ്ടാം ഘട്ടം ആരോഗ്യപരമായ കാരണങ്ങള്‍ പൂര്‍ത്തിയാക്കാനാവാതെ സ്ഥാനമൊഴിഞ്ഞത്. ഗ്രീസില്‍ ആസന്നമാകുന്ന രാഷ്ട്രീയ തെരഞ്ഞെടുപ്പും, ലോകത്തിന്‍റെ ഇതര ഭാഗങ്ങളിലെന്നപോലെ യൂറോപ്യന്‍ യൂണിയന്‍ അനുഭവിക്കുന്ന സാമ്പത്തിക മാന്ദ്യവും വര്‍ദ്ധിച്ച ആശങ്കകളും രാഷ്ട്രീയ അനിശ്ചിതത്ത്വവും ഇറ്റലിക്കും യൂറോപ്യന്‍ യൂണിയനും സൃഷ്ടിച്ചുകൊണ്ടാണ് നെപ്പോളിത്താനോ വിരമിച്ചത്. 








All the contents on this site are copyrighted ©.