2015-01-15 17:54:00

പാപ്പാ ഫ്രാന്‍സിസിന്‍റെ പതിവുതെറ്റിയ ശ്രീലങ്കന്‍ പരിപാടികള്‍


ജനുവരി 15 ബുധനാഴ്ച - ശ്രീലങ്ക സന്ദര്‍ശനത്തിന്‍റെ രണ്ടാം ദിവസത്തെ തിരക്കിട്ട പരിപാടികളുടെ അന്ത്യത്തില്‍ പ്രാദേശിക സമയം വൈകുന്നേരം 7 മണിക്ക് കൊളൊമ്പോയിലെ മെത്രാസന മന്ദരത്തിലേയ്ക്കാണ് കാറില്‍ പുറപ്പെട്ടത്. ശ്രീലങ്കന്‍ മെത്രാന്മാരുമായുള്ള ആദ്യദിനം മാറ്റിവച്ച കൂടിക്കാഴ്ചയാണ് പരിപാടി.

എന്നാല്‍ തൊട്ടുമുന്നേ  250 കി.മി അകലെ ജാഫ്നയിലെ മധു തീര്‍ത്ഥാട കേന്ദ്രത്തിലെ പരിപാടിക്കുശേഷം കൂടിക്കാഴ്ചയ്ക്കുള്ള മെത്രാന്മാര്‍ കൊളംമ്പോയില്‍ എത്തിച്ചേരാന്‍ വൈകിയപ്പോള്‍  അടുത്തുള്ള മഹാബോധി ബുദ്ധവിഹാരം സന്ദര്‍ശിക്കാന്‍ പാപ്പാ ഫ്രാന്‍സിസ് തീരുമാനിച്ചു. കല്ലേറുദുരം അകലമുള്ള ബുദ്ധവിഹാരത്തില്‍ കാറിലെത്തിയ പാപ്പായെ ആശ്രമാധിപന്‍, ബനിഗള ഉപാദിസ്സയും മറ്റു സന്ന്യാസികളുംചേര്‍ന്ന് സന്തോഷത്തോടെ സ്വീകരിച്ചു. ക്ഷേത്രകവാടം തുറന്നുകൊടുത്തപ്പോള്‍ മറ്റു സന്ന്യാസിമാരെപ്പോലെ പാപ്പായും പാദരക്ഷകള്‍ അഴിച്ചുമാറ്റിയാണ് അകത്തു പ്രവേശിച്ചത്. അഗ്രഹാരത്തിലെ സ്തൂപം തുറന്ന് ബുദ്ധദേവന്‍റെ ഏറ്റവും അടുത്ത അനുചരന്മാരുടെ തിരുശേഷിപ്പുകള്‍ പ്രാര്‍ത്ഥനയോടെ സന്ന്യാസികള്‍ പാപ്പായ്ക്ക് കാണിച്ചുകൊടുക്കുകയും ആദരവു പ്രകടിപ്പിക്കുകയുംചെയ്തു. വര്‍ഷത്തില്‍ ഒരിക്കല്‍ ബുദ്ധമതസ്ഥര്‍ക്കു മാത്രമായി സംഭവിക്കുന്ന സ്തൂപപ്രദര്‍ശനമാണ് പ്രാര്‍ത്ഥനയുടെ അകമ്പടിയോടെ പാപ്പായ്ക്കുവേണ്ടി നടത്തിയത്. മതസൗഹാര്‍ദ്ദത്തിന്‍റെയും വിശ്വസാഹോദര്യത്തിന്‍റെയും സ്പന്ദനങ്ങള്‍ അവിടെക്കൂടയവര്‍ക്ക് അനുഭവവേദ്യമായി.

ബുദ്ധവിഹാരത്തില്‍നിന്നും കൊളംമ്പോ അതിരൂപതയുടെ മെത്രാസന മന്ദിരത്തിലെത്തില്‍ പാപ്പാ തിരിച്ചെത്തിയപ്പോഴേയ്ക്കും കൂടിക്കാഴ്ചയ്ക്കുള്ള മെത്രാന്മാരും എത്തിയിരുന്നു. അവിടത്തെ കപ്പേളയിലാണ് ശ്രീലങ്കിയിലെ മെത്രാന്മാരുമായി കൂടിക്കാഴ്ച നടത്തിയത്. കൊളംമ്പോ അതിരൂപതായുടെ മെത്രാപ്പോലീത്തയും, ദേശീയ മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത്തിനോടും, മറ്റ് 20 മെത്രാന്മാരോടുംകൂടെ ആദ്യദിനത്തില്‍ നടക്കേണ്ട കൂടിക്കാഴ്ച സമയക്രമീകരണത്തിനായി മാറ്റിവച്ചതില്‍ ക്ഷമ യാചിച്ചുകൊണ്ടാണ് പാപ്പാ ആരംഭിച്ചത്. തികച്ചും അനൗപചാരികമായിരുന്ന കൂടിക്കാഴ്ചയില്‍ അന്ന്, ജനുവരി 14-ാം തിയതി രാവിലെ കൊളംമ്പോയിലെ ഗ്യാലെ ഫാച്ചെ തീരത്തുവച്ച് ശ്രീലങ്കയുടെ പ്രേഷിതന്‍ ജോസഫ് വാസിനെ അത്ഭുതത്തിന്‍റെ പിന്‍ബലമില്ലാതെ വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തിയതിന്‍റെ പിന്നിലെ കാരണം പാപ്പാ കൂടിക്കാഴ്ചയില്‍ വിശദീകരിച്ചു.

ശ്രീലങ്കയില്‍ വിശ്വാസത്തിന്‍റെ വെളിച്ചം പകര്‍ന്ന ഇന്ത്യയിലെ ഗോവസ്വദേശിയായ മിഷണറി ജോസഫ് വാസിനെയും, അതുപോലെ മറ്റു നാടുകളില്‍ ക്രിസ്തുസന്ദേശം എത്തിച്ച പീറ്റര്‍ ഫെയ്ബറിനെയും, അങ്കിയത്തയെയും, ലവാലിനെയും പതിവുള്ള നടപിടി ക്രമങ്ങള്‍ ഇല്ലാതെ വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തിയതിന്‍റെ കാരണം, അവര്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് ദൈവസ്നഹം പകര്‍ന്നു നല്കുവാന്‍ പ്രകടമാക്കിയ പ്രേഷിതതീക്ഷ്ണതയും ജീവിത സമര്‍പ്പണവുമാണെന്ന് പാപ്പാ ഫ്രാന്‍സിസ് സമര്‍ത്ഥിച്ചു. ഹൃദ്യമായ സ്വീകരണത്തിനും പ്രേഷിതയാത്ര ഫലപ്രദമാക്കാന്‍ നല്കിയ പിന്‍തുണയ്ക്കും ശ്രമകരമായ ശ്രീലങ്കയിലെ എല്ലാ സഭാശുശ്രൂഷയ്ക്കും നന്ദിപറഞ്ഞുകൊണ്ടാണ് പാപ്പാ മെത്രാന്മാരുമായുള്ള ഹ്രസ്വമായ കൂടിക്കാഴ്ച ഉപസംഹരിച്ചത്.

ശ്രീലങ്കയുടെ മുന്‍പ്രസിഡന്‍റ്, മഹീന്ദ രാജപക്ഷെയുമായുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ കൂടിക്കാഴ്ചയും എല്ലാവരെയും ആശ്ചര്യപ്പെടുത്തിയ ശ്രീലങ്ക സന്ദര്‍ശനത്തിലെ സംഭവമായിരുന്നു.  അവിടത്തെ ഔദ്യോഗിക പരിപാടികള്‍ക്ക് അന്ത്യംകുറിച്ച് കൊളംമ്പോയിലെ വത്തിക്കാന്‍ സ്ഥാനപിതിയുടെ മന്ദരത്തില്‍ ജനുവരി 14-ാം തിയതി ബുധനാഴ്ച പാപ്പാ തിരിച്ചെത്തിയപ്പോഴേയ്ക്കും രാത്രി 8 മണിയായിരുന്നു. അപ്പോഴേയ്ക്കും തന്നെ കാണുവാന്‍ മുന്‍പ്രസിഡന്‍റ് മഹിന്ദ രാജപക്ഷെ കുടുംബവുമായി എത്തിയിരുന്നു. വത്തിക്കാനില്‍ വന്നു തന്നെ കാണുകയും, ശ്രീലങ്കയിലേയ്ക്ക് ക്ഷമിക്കുകയും ചെയ്ത രാജപക്ഷയെ കാണണമെന്നത് പാപ്പായുടെ ആഗ്രഹമായിരുന്നു. പത്നി ശ്രീശാന്തി രാജപക്ഷെ, സഹോദരന്‍ ഗോതഭയ രാജപക്ഷെ എന്നവര്‍ക്കൊപ്പമാണ് പാപ്പായെ കാണുവാനും വിജയപ്രദമായ സന്ദര്‍ശനത്തിന് നന്ദിപറയുവാനും മഹിന്ദ രാജപക്ഷെ എത്തിയത്.

തിരഞ്ഞെടുപ്പില്‍ പരാജിതനായിട്ടും, തന്‍റെ ക്ഷണപ്രകാരം ശ്രീലങ്കയിലെത്തിയ പാപ്പായെ നേരില്‍ക്കാണുവാന്‍ വിനീതനായി സകുടുംബം എത്തിയ രാജപക്ഷെ പ്രകടമാക്കിയത്   പക്വമാര്‍ന്ന രാഷ്ട്രീയ നിലപാടാണെന്നും, നാടിന്‍റെ മുന്നോട്ടുള്ള പ്രയാണത്തില്‍ വരിയുന്ന ജനാധിപത്യ മൂല്യത്തിന്‍റെ തെളിച്ചവുമാണതെന്നും നമുക്കു പ്രത്യാശിക്കാം.  

 








All the contents on this site are copyrighted ©.