2015-01-15 12:10:00

പാപ്പാ ഫ്രാന്‍സിസിന് ഫിലിപ്പീന്‍സില്‍ ഉജ്ജ്വലവരവേല്‍പ്


രണ്ടു ദിവസത്തെ ശ്രീലങ്ക അപ്പോസ്തോലിക സന്ദര്‍ശനം പൂര്‍ത്തിയാക്കി ജുനുവരി 15-ാം തിയതി വ്യാഴാഴ്ച പ്രാദേശിക സമയം വൈകുന്നേരം 6.45-നാണ് പാപ്പാ ഫ്രാന്‍സിസ് തലസ്ഥാന നഗരമായ മനിലായിലെ വീലമോര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്. ശ്രീലങ്കന്‍ എയര്‍ ലൈന്‍സിന്‍റെ എയര്‍ബസ് 340 വടക്കന്‍ ശാന്തസമുദ്രത്തിലെ ദ്വീപുരാജ്യമായ ഫിലിപ്പീന്‍സിന്‍റെ ഇരുണ്ട മാനത്തിലൂടെയാണ് താഴ്ന്ന് ഇറങ്ങിയതെങ്കിലും, വിമാനത്താവളത്തില്‍ പാപ്പായെ സ്വീകരിക്കാന്‍ വെള്ളയണിഞ്ഞ് ആടിയും പാടിയും നിന്ന ഫിലിപ്പീന്‍ യുവതയും വന്‍ജനാവലിയും വിമാനപ്പടവുകള്‍ ഇറങ്ങിയ പാപ്പായുടെ മുഖത്ത് പുഞ്ചിരി വിരിയിച്ചു.

ഫിലിപ്പീന്‍സിലെ അപ്പസ്തോലിക സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് ജുസേപ്പെ പിന്‍റോ പാപ്പായെ വിമാനത്തില്‍നിന്നും സ്വീകരിച്ച് അനയിച്ചപ്പോള്‍,

ഫിലിപ്പീന്‍സിന്‍റെ പ്രസിഡന്‍റ്, ബെനീഞ്ഞോ നോനോ അക്വീനോ വിമാനപ്പടുകള്‍ താഴെ പ്രത്യേക വേദിയിലേയ്ക്കും പാപ്പായെ സ്വീകരിച്ചാനയിച്ചു.

9 മണിക്കൂര്‍ നീണ്ട യാത്രചെയ്ത്, മൂന്നു ദിവസത്തെ അപ്പസ്തോലിക സന്ദര്‍ശനത്തിനായെത്തിയ പാപ്പാ ഫ്രാന്‍സിസിന്  ദിവസത്തിന്‍റെ വൈകിയ വേളയില്‍ ഹ്രസ്വാമായ ഔപചാരിക സ്വീകരണമാണു നല്കിയത്. വത്തിക്കാന്‍റെയും ഫിലിപ്പീന്‍സിന്‍റെയും പതാകകള്‍ കാറ്റില്‍ പാറിയപ്പോള്‍ ഇരരാഷ്ട്രങ്ങളുടെയും ദേശീയ ഗാനങ്ങള്‍ മിലിട്ടറി ബാന്‍ഡ് മനോഹരമായി മീട്ടി. ഓപചാരിക സ്വീകരണച്ചടങ്ങ് സമാപിച്ചു. അവിടെ സന്നിഹിതരായിരുന്ന രാഷ്ട്രപ്രതിനിധികളെയും മനിലാ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ലൂയി താഗ്ളേ ഉള്‍പ്പെടെയുള്ള സഭാപ്രതിനിധികളെയും വിശിഷ്ടാതിഥികളെയും പാപ്പാ അഭിവാദ്യംചെയ്തു.

‘പാപ്പാ ഫ്രാന്‍ചേസ്ക്കോ സ്വാഗതം’ എന്ന് ഫിലിപ്പീന്‍സിന്‍റെ ഔദ്യോഗിക ഭാഷയായ താഗാലോയിലും, ഇംഗ്ലിഷ് ഇറ്റാലിയന്‍ എന്നിങ്ങനെ വിവിധ ഭാഷകളില്‍ ആടിയും പാടിയും എയര്‍പ്പോര്‍ട്ട് ഏരിയയില്‍ നിന്ന ആയിരക്കണക്കിന് യുവജനങ്ങളെയും ജനങ്ങളെയും പാപ്പാ സന്തോഷത്തോടെ അഭിവാദ്യം ചെയ്തു.

പിന്നെ വിശ്രമത്തിനായി 9 കിലോ മീറ്റര്‍ അകലെയുള്ള വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരത്തിലേയ്ക്ക് തുറന്ന പോപ്പോമോബൈലില്‍ യാത്രയായി.

സന്ധ്യമയങ്ങിയിട്ടും തിരക്കുള്ള നഗരവീഥിയുടെ ഇരുപാര്‍ശ്വങ്ങളിലും ജനാവലി തിങ്ങിനിന്ന് പാപ്പായ്ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.   








All the contents on this site are copyrighted ©.