2015-01-14 16:12:00

കാന്‍ഡി രാജാവിന്‍റെ മതസ്വാതന്ത്ര്യ ലിഖിതം ഇന്നും പ്രസക്തമാകുന്ന സമ്മാനം


ശ്രീലങ്കയിലെ മെത്രാന്മാര്‍ക്ക് പാപ്പാ ഫ്രാന്‍സിസ് നല്കിയ സന്ദര്‍ശന സ്മാരകം ഇന്നും എവിടെയും പ്രസക്തമാകുന്ന മതസ്വാതന്ത്ര്യത്തിന്‍റെ സൂചികയാണെന്ന് കാന്‍ഡിയിലെ സലീഷൃന്‍ പ്രവിന്‍ഷ്യന്‍, ഫാദര്‍ നഹല്‍ നിയനാഗേ പ്രസ്താവിച്ചു. 1694-ല്‍ കാന്‍ഡി രാജാവ് കീര്‍ത്തി രാജസിന്‍ഹെ അന്നത്തെ കൊളംബോ അതിരൂപതാദ്ധ്യക്ഷനു ചെമ്പുതകടില്‍ ഉല്ലേഖനംചെയ്തു നല്കിയ മതസ്വാതന്ത്ര്യത്തിന്‍റെ കല്പനയുടെ അസ്സല്‍ പകര്‍പ്പാണ് ശ്രീലങ്കാ സന്ദര്‍ശനവേളയില്‍ പാപ്പാ ഫ്രാന്‍സിസ് ശ്രീലങ്കയിലെ മെത്രാന്മാര്‍ക്കു സമ്മാനിച്ചതെന്ന്,  ശ്രീലങ്ക സ്വദേശിയായ ഫാദര്‍ നിയനാഗേ സാക്ഷൃപ്പെടുത്തി.

സിംഹള ഭാഷയിലുള്ള രാജകല്പനയുടെ ലിഖിതപ്രകാരം കാന്‍ഡി സാമ്രാജ്യത്തിലെ ബുദ്ധമത വിശ്വാസികള്‍ക്ക് സ്വമനസ്സാ ശ്രേഷ്ഠമായ ക്രിസ്തുമതം സ്വീകരിക്കുവാന്‍ സ്വാതന്ത്ര്യമുണ്ടെന്നും, ക്രിസ്തുമതപ്രചാരണം നടത്തുന്നതിനും നാട്ടില്‍ പള്ളികള്‍ പണിയുന്നതിനും അനുമതി നല്കുന്നതുമാണ് ചെമ്പു തകിടിലെ രാജലിഖിതം.

അന്നത്തെ കൊളംമ്പോ അതിരൂപതാദ്ധ്യക്ഷന്‍ രാജകല്പന ലിയോ 13-ാമന്‍ പാപ്പായ്ക്ക് സമ്മാനമായി നല്കുകയും, അത് വത്തിക്കാന്‍ ശേഖരത്തില്‍ സംരക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. ചെമ്പിലുള്ള കല്പനയുടെ മൂലരൂപത്തിന്‍റെ അസ്സാലാണ് പാപ്പാ മെത്രാന്മാര്‍ക്കു സമ്മാനിച്ചത്.

ലോകത്തിന്‍റെ നാനാഭാഗങ്ങളിലും മതസ്വാതന്ത്യം ഹനിക്കപ്പെടുകയും, ഭാരതത്തിന്‍റെ ചിലഭാഗങ്ങളിലെങ്കിലും ‘ഘര്‍ വാപസി,’ പുനഃവിശ്വാസ പ്രതിഷ്ഠ നിര്‍ബന്ധമായും നടക്കുന്ന കാലഘട്ടത്തില്‍, 5 നൂറ്റാണ്ടു പഴക്കമുള്ളതെങ്കിലും മനുഷ്യന്‍റെ മൗലികമായ മതസ്വാതന്ത്ര്യം മാനിക്കുന്ന സിംഹളരാജാവിന്‍റെ കല്പന അനുകരണീയമാണെന്ന് ശ്രീലങ്കാ സ്വദേശിയായ ഫാദര്‍ നിഹനാഗേ വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

സമ്പൂര്‍ണ്ണ ബൗദ്ധമ രാജ്യത്തിനായി വാദിക്കുന്ന മൗലികവാദികളായ ബുദ്ധമത പ്രമുഖരുടെ വാദം നില്ക്കുന്ന ശ്രീലങ്കയ്ക്കു കാന്‍ഡി രാജാവിന്‍റെ മൂല്യബോധം ഉണ്ടാകേണ്ടതാണെന്നും ഫാദര്‍ നിഹനാഗേ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.

 








All the contents on this site are copyrighted ©.