2015-01-09 11:48:00

തിരഞ്ഞെടുപ്പ് പാപ്പായുടെ സന്ദര്‍ശനത്തെ അലോസരപ്പെടുത്തില്ല


ശ്രീലങ്കയിലെ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് പാപ്പായുടെ സന്ദര്‍ശനത്തെ അലോസരപ്പെടുത്തില്ലെന്ന്, പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്,

ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.

തിരഞ്ഞെടുപ്പില്‍ വിജയമായാലും പരാജയമായാലും കാലപരിധി ഇനിയുമുള്ള പ്രസിഡന്‍റ് മഹീന്ദ രാജപക്ഷെ ഭരണഘടനയനുസരിച്ച് തല്‍സ്ഥാനത്ത് തുടരുമെന്നും, അതിനാല്‍‍ തിരഞ്ഞെടുപ്പിനെ സാധാരണഗതിയില്‍ വീക്ഷിക്കണമെന്നും, പാപ്പായുടെ സന്ദര്‍ശനം സുഗമമായി മുന്നോട്ടു പോകുമെന്നും ഫാദര്‍ ലൊമ്പാര്‍ഡി റോമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രത്യാശപ്രടിപ്പിച്ചു. ജനുവരി 13- മുതല്‍ 15-വരെയാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ ശ്രീലങ്കാ സന്ദര്‍ശനം. തുടര്‍ന്ന് 15 മുതല്‍ 19-വരെ തിയതികളില്‍ പാപ്പാ ഫിലിപ്പീസ് സന്ദര്‍ശിക്കുമെന്നും, ലോകത്തിന്‍റെ വന്‍ജനസാന്നിദ്ധ്യമുള്ള ഏഷ്യാഭൂഖണ്ഡത്തോടുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രത്യേക വാത്സല്യമാണ്, കൊറിയ സന്ദര്‍ശനത്തെ തുടര്‍ന്ന് വീണ്ടും ഏഷ്യന്‍ മണ്ണിലേയ്ക്കുള്ള

ഈ പ്രേഷിതയാത്രകള്‍ സൂചിപ്പിക്കുന്നതെന്നും ഫാദര്‍ ലൊമ്പാര്‍ഡി വിശദീകരിച്ചു.

ജനുവരി 12-ാം തിയതി തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5 മണിക്ക് റോമില്‍നിന്നും പുറപ്പെടുന്ന പാപ്പാ ഫ്രാന്‍സിസ്,

ശ്രീലങ്കയിലെ സമയം പിറ്റേന്ന് - ജനുവരി 13-ാം തിയതി ചെവ്വാഴ്ച രാവിലെ കൊളംമ്പോ വിമാനത്താവളത്തില്‍ ഇറങ്ങുമെന്നും, പ്രസിഡന്‍റ് രാജപക്ഷെ രാഷ്ട്രത്തിന്‍റെ പേരില്‍ നല്കുന്ന ഔദ്യോഗിക സ്വീകരണത്തോടെ രണ്ടു ദിവസം നീണ്ടു നില്ക്കുന്ന സന്ദര്‍ശന പരിപാടികളിലേയ്ക്ക് കടക്കുമെന്നും ഫാദര്‍ ലൊമ്പാര്‍ഡി വ്യക്തമാക്കി.

70 ശതമാനം ബുദ്ധമതക്കാരും 13 ശതമാനം ഹൈന്ദവരുമുള്ള ശ്രീലങ്കിയല്‍ 10 ശതമാനമാണ് ക്രൈസ്തവര്‍. സിംഹള-തമിഴ് വംശീയ വ്യതിരിക്തത ഉണ്ടെങ്കില്‍ത്തന്നെയും രാഷ്ട്രീയ-സമൂഹ്യ ജീവിതമേഖലയില്‍ ശാന്തമായൊരു അന്തരീക്ഷത്തിലാണ് രാഷ്ട്രത്തലവന്മാരും ദേശീയസഭയും ചേര്‍ന്ന് പാപ്പാ ഫ്രാന്‍സിസിനെ ക്ഷണിച്ചതെന്നും ഫാദര്‍ ലൊമ്പാര്‍ഡി വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. 

15-ാം തിയതി വൈകുന്നേരം ശ്രീലങ്കില്‍ സമാപിക്കുന്ന സന്ദര്‍ശനത്തെ തുടര്‍ന്ന് അന്നുതന്നെ പ്രാദേശിക സമയം വൈകുന്നേരം, അപ്പസ്തോലിക യാത്രയുടെ രണ്ടാം ഘട്ടമായി ഫിലിപ്പീന്‍സിലേയ്ക്ക് പുറപ്പെടുമെന്നും ഫാദര്‍ ലൊമ്പാര്‍ഡി വ്യക്തമാക്കി.

 








All the contents on this site are copyrighted ©.