2015-01-09 15:16:00

അടിമകളല്ല നാം സഹോദരങ്ങളെന്ന് പാപ്പാ ഫ്രാന്‍സിസിന്‍റെ സമാധാനസന്ദേശം


2015 ജനുവരി 1-ാ ം തിയതി പുതുവത്സരപ്പിറവിയില്‍ ആഗോളസഭ ആചരിക്കുവാന്‍ പോകുന്ന  48-ാമത് ലോകസമാധാന ദിനത്തിനുള്ള സന്ദേശത്തിലാണ്, മനുഷ്യന്‍ മനുഷ്യനെ അടിമയാക്കരുതെന്ന് പാപ്പാ ആഹ്വാനംചെയ്യുന്നത്. ഡിസംബര്‍ 10-ാം തിയതി ബുധനാഴ്ച രാവിലൊണ് പാപ്പാ ഫ്രാന്‍സിസ് നല്കുന്ന സവിശേഷമായ ലോക സമാധാനദിന സന്ദേശം 10 ഭാഷാഭേദങ്ങളില്‍ വത്തിക്കാന്‍ പ്രകാശനംചെയ്തത്. അടിമത്വത്തിന്‍റെ കിരാതമുഖം ചരിത്രത്തില്‍ മായിച്ചു തീരും മുന്‍പേ, മനുഷ്യക്കടത്തെന്ന അസ്തിത്വപരമായ തിന്മയെ ആധുനിക മനുഷ്യന്‍ നവസാങ്കേതികയും സൗകര്യങ്ങളും ഉപയോഗിച്ച് പിന്നെയും വളര്‍ത്തുകയാണെന്ന് പാപ്പാ സന്ദേശത്തില്‍ കുറ്റപ്പെടുത്തി.

സാഹോദര്യത്തിന്‍റെ അതിര്‍വരമ്പുകളെ അതിലംഘിക്കുന്ന ഈ പാപം സ്ഥാപനവത്കൃതമായ അസമത്വവും, അടിസ്ഥാന മനുഷ്യാവകാശങ്ങളുടെയും അന്തസ്സിന്‍റെയും ലംഘനവും അടിമത്വത്തിന്‍റെ നൂതന സംസ്ക്കാരവുമാണെന്ന് പാപ്പാ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു. മനുഷ്യമനഃസ്സാക്ഷി ചരിത്രത്തില്‍ മെന്നഞ്ഞെടുത്ത വിമോചനത്തിന്‍റെ സുവര്‍ണ്ണനിയമം ലംഘിച്ചുകൊണ്ടാണ് സംസ്ക്കാരസമ്പന്നനായ മനുഷ്യന്‍ കുടിയേറ്റത്തിന്‍റെയും, ദത്തെടുക്കലിന്‍റെയും, ആധുനിക തൊഴില്‍ മേഖലകളുടെയും, ഗാര്‍ഹികചുറ്റുപാടുകളുടെയും പരിസരങ്ങളില്‍ അടിമത്വത്തിന്‍റെ ക്രൂരബന്ധനം ആഗോള പശ്ചാത്തലത്തില്‍ വീണ്ടും കണ്ണിചേര്‍ക്കുന്നതെന്ന് പാപ്പാ സന്ദേശത്തില്‍ വ്യക്തമാക്കുന്നു.

സാഹോദര്യത്തിന്‍റെ ആഗോളവത്കൃത ശൃംഖലയ്ക്കു മാത്രമേ, നവവും ലോകവ്യാപകവുമായ മാനവികതയ്ക്കെതിരായ തിന്മയെ പിഴുതെറിയാനാവൂ എന്നു പ്രസ്താവിച്ചുകൊണ്ടാണ് പാപ്പാ ദീര്‍ഘമായ സന്ദേശം ഉപസംഹരിക്കുന്നത്. ലോകമതങ്ങളെയും, രാഷ്ട്രങ്ങളേയും സര്‍ക്കാരേതര പ്രസ്ഥാനങ്ങളെയും, സന്നദ്ധസംഘടനകളെയും, സന്ന്യസ്തരെയും അജപാലകരെയും നവമായ അടിമത്വത്തിനെതിരായി അണിനിരത്തുവാനും സന്ദേശത്തിലൂടെ പാപ്പാ ഹാര്‍ദ്ദമായി ക്ഷണിക്കുന്നുണ്ട്. 








All the contents on this site are copyrighted ©.