2015-01-04 13:22:00

നക്ഷത്ര ഗായകര്‍


പുതുവത്സരദിനത്തിലെ ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുവാന്‍ ജര്‍മ്മനയില്‍നിന്നും, സ്വിറ്റ്സര്‍ലണ്ടില്‍നിന്നും വത്തിക്കാനില്‍ എത്തിയ Star singer-നെ, നക്ഷത്രഗായകരെ പാപ്പാ ഫ്രാന്‍സിസ് പ്രത്യേകം അനുമോദിച്ചു.

(കേരളത്തില്‍ star singer എന്നു പറയുന്നത് സിനിമാപാട്ടുകളുടെ അവതരണ മത്സരത്തിന്‍റെ പ്രതിവാര ടിവി പരിപാടിയില്‍ പങ്കെടുക്കുന്നവരെയാണെന്നത്, ആദ്യം തന്നെ പറയുന്നത് ആശയക്കുഴപ്പം ഒഴിവാക്കുവാനാണ്).

പൂജരാജാക്കളുടെ വേഷവിതാനത്തിലായിരുന്നു 100-ഓളം കുട്ടികള്‍ വത്തിക്കാനിലെത്തിയത്. അവര്‍ പൂജരാജാക്കളുടെ വേഷവിതാനത്തില്‍ത്തന്നെ വീടുകള്‍ തോറും കയറിയിങ്ങി, കരോള്‍ഗീതങ്ങള്‍ പാടി തങ്ങളുടെ സമപ്രായക്കാരായ പാവപ്പെട്ട കുട്ടുകളെ സഹായിക്കാന്‍ പണം ശേഖരിക്കുന്ന ഗായകര്‍ക്ക് പാപ്പാ പ്രത്യേകം ജര്‍മ്മന്‍ ഭാഷയില്‍ നന്ദിയര്‍പ്പിക്കുകയും, പുതുവത്സരാശംസകള്‍ നേരുകയും ചെയ്തു.

‘സ്റ്റാര്‍ സിങ്ങേഴ്സ്’ എന്നാണ് ഈ പ്രസ്ഥാനം അറിയപ്പെടുന്നത്.

ഇന്ന് യൂറോപ്പിലെ മറ്റു രാജ്യങ്ങളിലേയ്ക്കും വ്യാപിച്ചിട്ടുള്ള നക്ഷത്ര ഗായകരുടെ സംഘടന ജര്‍മ്മനിയില്‍ മാത്രം 1200 ദേവാലയങ്ങളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു. അതില്‍ 50,000-ത്തോളം അംഗങ്ങളുമുണ്ടത്രേ. ക്രിസ്തുമസ് നാളില്‍ തുടങ്ങി പ്രത്യക്ഷീകരണ തിരുനാള്‍, അല്ലെങ്കില്‍ പൂജരാജാക്കളുടെ തിരുനാള്‍വരെ നക്ഷത്രഗായകര്‍ ഉപവിപ്രവര്‍ത്തനത്തിനുള്ള ധനശേഖരത്തിന് ഗാനങ്ങള്‍ ആലപിച്ചിറങ്ങുന്നു.

2008-ല്‍ നക്ഷത്രഗായകര്‍ അവരുടെ ഉപവി പ്രസ്ഥാനത്തിന്‍റെ 50 വാര്‍ഷികം ആഘോഷിക്കുകയുണ്ടായി. പാവങ്ങളുടെ പക്ഷംചേരുവാനും ഐകദാര്‍ഢ്യം പ്രകടിപ്പിക്കുവാനും ലോകത്ത് ഉടലെടുത്തിട്ടുള്ള ഏറെ ശ്രദ്ധേയമായ യുവജനപ്രസ്ഥാനമായി വളര്‍ന്നിട്ടുണ്ട് നക്ഷത്രഗായകര്‍ - Star Singers! 

Christus mansionem benedicat… ക്രിസ്തു ഈ ഭവനത്തെ ആശീര്‍വ്വദിക്കട്ടെ, എന്ന ആശംസാഗീതത്തോടെയാണ് നക്ഷത്രഗായകര്‍ അവരുടെ സായാഹ്നപരിപാടികള്‍ ഓരോ ഭവനത്തിലും അരങ്ങേറുന്നത്.

ദിരദ്രരില്‍ ദരിദ്രനായി പുല്‍തൊട്ടിയില്‍ ജനിച്ച ക്രിസ്തുവിനെ കാണുവാനും അവിടത്തേയ്ക്ക് കാഴ്ചകള്‍ സമര്‍പ്പിക്കുവാനുമായി കിഴക്കുനിന്നുമുള്ള രാജാക്കള്‍ എത്തി എന്ന മത്തായിയുടെ സുവിശേഷ ഭാഗത്തില്‍‍നിന്നും (മത്തായി 2, 1-12) പ്രചോദനം ഉള്‍ക്കൊണ്ടായിരിക്കണം എളിയവരെ സാഹായിക്കാന്‍ നക്ഷത്രഗായര്‍, star singers പ്രസ്ഥാനം വളര്‍ന്നതെന്നുവേണം അനുമാനിക്കാന്‍.

 








All the contents on this site are copyrighted ©.