2014-12-31 16:43:18

പുതിയ ഗാനവും
യാവേയിലുള്ള പുതുജീവനും (39)


RealAudioMP3
സങ്കീര്‍ത്തനം 96 (a)
കഴിഞ്ഞ പ്രക്ഷേപണത്തില്‍ ബൈബിളിലെ അതിമനോഹരമായൊരു സ്തുതിപ്പാണ് കണ്ടത്
146-ാം സങ്കീര്‍ത്തനം. ഈ പ്രക്ഷേപണത്തില്‍ നാം പ്രപഞ്ചനാഥനും രാജാവുമായ കര്‍ത്താവിനെ സ്തുതിക്കുന്ന 96-ാം സങ്കീര്‍ത്തിന്‍റെ പഠനം ആരംഭിക്കുകയാണ്. ‘കര്‍ത്താവിന് ഒരു നവ്യഗീതം ആലപിക്കുവിന്‍,’ എന്നാരംഭിക്കുന്ന ഈ സങ്കീര്‍ത്തനം വിശുദ്ധഗ്രന്ഥത്തിലെ മനോഹരമായ മറ്റൊരു സ്തുതിപ്പാണ്. വിശദമായ പഠനത്തിലേയ്ക്ക് കടക്കുന്നതിനു മുന്‍പ് നമുക്ക് അതിന്‍റെ പദങ്ങളുമായി പരിചയപ്പെടാന്‍ പരിശ്രമിക്കാം. അവ ശരിയായി ശ്രവിക്കുകയാണെങ്കില്‍ അല്ലെങ്കില്‍ വായിക്കുകയാണെങ്കില്‍ത്തന്നെ അതിന്‍റെ ഭാവവും രൂപവും ഘടനയുമൊക്കെ സാമാന്യഗതിയില്‍ നമുക്കുതന്നെ മനസ്സിലാക്കാന്‍ സാധിക്കും.

വളരെ ലളിതമായൊരു ഈണത്തില്‍ ഈ സങ്കീര്‍ത്തനം പാടാന്‍ ശ്രമിക്കുകയാണ്. സങ്കീര്‍ത്തനങ്ങള്‍ ചുമ്മാ വായിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നു വിശ്വസിക്കുന്നു. കാരണം സമ്പൂര്‍ണ്ണമായും സംഗീതരൂപമുള്ള ബൈബിള്‍ ഗ്രന്ഥമാണ് സങ്കീര്‍ത്തനങ്ങള്‍. അവ രചിക്കപ്പെട്ടിട്ടുള്ളതുതന്നെ പാടുവാനാണ്, ആലപിക്കുവാനാണ്. ഇസ്രായേലിന്‍റെ വിവിധ ആരാധനക്രമ മുഹൂര്‍ത്തങ്ങളും പ്രാര്‍ത്ഥനാ സമ്മേളനങ്ങളും കണ്ടുകൊണ്ടാണ് അവ രചിക്കപ്പെട്ടിട്ടുള്ളത്. നാം പഠിക്കുവാന്‍ പോകുന്ന സങ്കീര്‍ത്തനത്തിന്‍റെ പ്രഥമ വരി, അല്ലെങ്കില്‍ പദം തന്നെ പറയുന്നത്, “കര്‍ത്താവിന് ഒരു നവ്യകീര്‍ത്തനം ആലപിക്കുവിന്‍....” എന്നാണ്. അതിനാല്‍ ലളിതമായ സംഗീതരൂപം അവംലംബച്ചുകൊണ്ട് നമുക്ക് സങ്കീര്‍ത്തനത്തിന്‍റെ ഘടനയിലേയ്ക്കും വ്യാഖ്യാനത്തിലേയ്ക്കും മെല്ലെ കടക്കാം.. ആദ്യമായി സങ്കീര്‍ത്തനം മുഴുവാനായും നമുക്കൊന്ന് ലളിതമായ ഈണത്തില്‍ ശ്രവിക്കാം, അതിന്‍റെ വിഷയം,
ഉള്ളടക്കം ഹൃദിസ്ഥമാക്കാന്‍ പരിശ്രമിക്കാം.

Pslam 96

1. കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍
ഭൂമി മുഴുവന്‍ അവിടുത്തെ പാടിസ്തുതിക്കട്ടെ.
2. കര്‍ത്താവിനെ പാടിപ്പുകഴ്ത്തുവിന്‍, അവിടുത്തെ നാമത്തെ വാഴ്ത്തുവിന്‍
അവിടുത്തെ രക്ഷയെ പ്രതിദിനം പ്രകീര്‍ത്തിക്കുവിന്‍.

ആദ്യ പദത്തില്‍തന്നെ പുതിയകീര്‍ത്തനം... എന്ന പ്രയോഗം പുതിയ നിയമത്തിലേയ്ക്കും ക്രിസ്തുവിലേയ്ക്കും വിരല്‍ ചൂണ്ടുകയാണ്. പുതിയ നിയമം, പുതുവീണ്ട്, പുതുവസ്ത്രം, പുതിയ കല്പന.. എല്ലാം ക്രിസ്തുവിലേയ്ക്ക് നമ്മെ അടുപ്പിക്കുന്നു. അല്ലെങ്കില്‍ അവിടുത്തെ രണ്ടാം വരവിനെ സൂചിപ്പിക്കുന്നു.


3. ജനതകളുടെയിടയില്‍ അവിടുത്തെ മഹത്വം പ്രഘോഷിക്കുവിന്‍
ജനപദങ്ങളുടെയിടയില്‍ അവിടുത്തെ അത്ഭുതപ്രവൃത്തികള്‍ വര്‍ണ്ണിക്കുവിന്‍
4. എന്തെന്നാല്‍, കര്‍ത്താവ് ഉന്നതനും അത്യന്തം സ്തുത്യര്‍ഹനുമാണ്,
സകല ദേവന്മാരെയുംകാള്‍ അവിടുന്ന് ഭയപ്പെടേണ്ടവനുമാണ്.

കര്‍ത്താവിന്‍റെ മഹത്വം പ്രഘോഷിക്കാന്‍ സങ്കീര്‍ത്തകന്‍ പറഞ്ഞിട്ട്, ഉടനെ അതിന്‍റെ കാരണവും പദങ്ങളില്‍ പ്രസ്താവിക്കുന്നു. അവിടുന്ന് സ്തുത്യര്‍ഹനും സകലദേവാന്മാരെയുംകാള്‍ ഭയപ്പെടേണ്ടവനുമാണ്. ഭൂമിയിലെ പലരേയും ദേവാന്മാരായി അല്ലെങ്കില്‍ ദൈവവങ്ങളായി ആരാധിക്കുകയും വിഗ്രഹങ്ങള്‍ അവര്‍ക്കായി നിര്‍മ്മിക്കുയും ചെയ്യുന്നുണ്ട്, അല്ലെങ്കില്‍ അങ്ങനെയുള്ളൊരു കാലഘട്ടത്തിലാണ് സങ്കീര്‍ത്തകന്‍ ഈ പദങ്ങള്‍ കുറിച്ചത് എന്നു വേണം മനസ്സിലാക്കുവാന്‍. എന്തിന് ഇന്നും, നൂറ്റാണ്ടുകള്‍ക്കുശേഷവും ഈ വരികള്‍ പ്രസക്തമാണ്, കാരണം വിഗ്രഹാരാധനയും അങ്ങനെയുള്ള മനഃസ്ഥിതിയും മനുഷ്യരുടെ മനസ്സുകളില്‍ ഇന്നു കുടികൊള്ളുന്നുണ്ട്.

5. ജനതകള്‍ ദേവന്മാരുടെ വിഗ്രഹങ്ങളെ മാത്രം ആരാധിക്കുന്നു,
എന്നാല്‍, കര്‍ത്താവ് ആകാശത്തിന്‍റെ സ്രഷ്ടാവാണ്.
6. മഹത്വവും തേജസ്സും അവിടുത്തെ സന്നിധിയിലുണ്ട്.
ബലവും സൗന്ദര്യവും അവിടുത്തെ വിശുദ്ധമന്ദിരത്തിലുണ്ട്.

സങ്കീര്‍ത്തകന്‍ വരികളില്‍ ചൂണ്ടിക്കാണിക്കുന്ന വിഗ്രഹാരാധന എന്നുമുണ്ട്, ഇന്നുമുണ്ട്. വിഗ്രഹങ്ങള്‍ നിര്‍ജ്ജീവ വസ്തുക്കളാണ് അവയ്ക്ക് ഒന്നും ചെയ്യുവാന്‍ കഴിവില്ല. എന്നാല്‍ ദൈവം കര്‍ത്താവാണ്, അവിടുന്ന് സ്രഷ്ടാവാണ്, അവിടുന്ന് പരിപാലകനാണ്, സംരക്ഷകനാണ്, രക്ഷകനാണ്... ശക്തിയും തേജസ്സും സൗന്ദര്യവും സമ്പൂര്‍ണ്ണതയില്‍ അവിടുത്തേയ്ക്കുണ്ട്, അത് അവിടുത്തെ വിശുദ്ധ മന്ദിരത്തില്‍ തെളിഞ്ഞു നില്കുന്നുവെന്നും സങ്കീര്‍ത്തകന്‍ പദങ്ങളില്‍ സമര്‍ത്ഥിക്കുന്നു.

7. ജനപദങ്ങളേ, ഉദ്ഘോഷിക്കുവിന്‍,
മഹത്വവും ശക്തിയും കര്‍ത്താവിന്‍റേതെന്ന് ഉദ്ഘോഷിക്കുവിന്‍.
8. കര്‍ത്താവിന്‍റെ നാമത്തിനു ചേര്‍ന്നവിധം അവിടുത്തെ മഹത്വപ്പെടുത്തുവിന്‍,
കാഴ്ചകളുമായി അവിടുത്തെ അങ്കണത്തില്‍ പ്രവേശിക്കുവിന്‍.

അതിനാല്‍ നമ്മുടെ സ്രഷ്ടാവും ശക്തനുമായ കര്‍ത്താവിന്‍റെ മുന്നില്‍ കാഴ്ചകളുമായി വരുവിന്‍, അങ്ങനെ അവിടുത്തേയ്ക്ക് ഉചിതമായ ബഹുമാനവും മഹത്വവും നല്കുവിന്‍.. ജനപദങ്ങളേ, ഉദ്ഘോഷിക്കുവിന്‍...കാരണം മഹത്വവും ശക്തിയും കര്‍ത്താവിന്‍റേതു മാത്രമാണ്.

9. വിശുദ്ധവസ്ത്രങ്ങളണിഞ്ഞ് അവിടുത്തെ ആരാധിക്കുവിന്‍,
ഭൂമി മുഴുവന്‍ അവിടുത്തെ മുന്‍പില്‍ ഭയന്നു വിറയ്ക്കട്ടെ.
10. ജനതകളുടെ ഇടയില്‍ നിങ്ങള്‍ പ്രഘോഷിക്കുവിന്‍, കര്‍ത്താവു വാഴുന്നു.
ലോകമിതാ, സുസ്ഥാപിതമായിരിക്കുന്നു. അതിന് ഇളക്കം തട്ടുകയില്ല.
കര്‍ത്താവു ജനതകളെ ഒരുനാള്‍ നീതിപൂര്‍വ്വം വിധിക്കും.

നാം കേട്ട പദങ്ങളില്‍ കര്‍ത്താവിന്‍റെ സന്നിധിയില്‍ വിശുദ്ധ വസ്ത്രങ്ങള്‍ അണിഞ്ഞ് ആഗതരാകുവാനാണ് സങ്കീര്‍ത്തകന്‍ നമ്മെ ക്ഷണിക്കുന്നത്. കാരണം, കര്‍ത്താവ് നീതിയുള്ള ന്യായാധിപനെപ്പോലെ നമ്മെ വിധിക്കാന്‍ ആഗതനാകുമെന്ന് ഗീതം പ്രസ്താവിക്കുന്നു. അങ്ങനെ വെളിപാടു പുസ്തകം വ്യാഖ്യാനിക്കുന്നതുപോലെ ഈ വരികളും കര്‍ത്താവിന്‍റെ രണ്ടാം വരവിലേയ്ക്കുള്ള സൂചനകള്‍ നല്കുകയാണ്.

11. ആകാശം ആഹ്ലാദിക്കട്ടെ, ഭൂമി ആനന്ദിക്കട്ടെ.
സമുദ്രവും അതിലുള്ളവയും ആര്‍പ്പുവിളിക്കട്ടെ.
12. വയലും അതിലുള്ളവയും ആഹ്ലാദിക്കട്ടെ
അപ്പോള്‍ കര്‍ത്താവിന്‍റെ സന്നിധിയില്‍
വനവൃക്ഷങ്ങള്‍ ആനന്ദഗീതം ഉതിര്‍ക്കും.

സങ്കീര്‍ത്തനത്തിന്‍റെ അവസാന ഭാഗത്തേയ്ക്ക് കടക്കുമ്പോള്‍ കര്‍ത്താവിന്‍റെ ആഗമനത്തിലുള്ള സന്തോഷം പ്രകടമാക്കുന്ന വരികളാണിത്. ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവും ആനന്ദിച്ച് ആഹ്ലാദിക്കട്ടെ, എന്തെന്നാല്‍ ഇതാ, കര്‍ത്താവ് ആഗതനാകുന്നു... അതിനാല്‍ ഭൂമിയിലെ വയലുകളും അതിലെ വിളസമൃദ്ധിയും കര്‍ത്താവിന്‍റെ വരവില്‍ സന്തോഷിക്കട്ടെയെന്ന് സങ്കീര്‍ത്തകന്‍ പ്രസ്താവിക്കുന്നു.

13. എന്തെന്നാല്‍, അവിടുന്നു വരുന്നു,
അവിടുന്നു ഭൂമിയെ വിധിക്കാന്‍ വരുന്നു.
അവിടുന്നു ലോകത്തെ നീതിയോടും
ജനതകളെ സത്യത്തോടുംകൂടെ വിധിക്കും.

സങ്കീര്‍ത്തനത്തിന്‍റെ അവസാനത്തെ പദം കര്‍ത്താവിന്‍റെ രണ്ടാം വരവ് കൂടുതല്‍ സ്പഷ്ടമാക്കുന്ന വരികളാണ്. അവിടുന്ന് വിധികര്‍ത്താവായിട്ട്, സത്യത്തോടും നീതിയോടുകൂടെ വിധിക്കുന്ന വിധികര്‍ത്താവി വരുമെന്ന് വ്യക്തമായി പ്രസ്താവിച്ചുകൊണ്ടാണ് സങ്കീര്‍ത്തനപദങ്ങള്‍ സമാഹരിക്കുന്നത്.

Musical version of Psalm 96

ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയും ചേര്‍ന്ന് ഗാനാവിഷ്ക്കാരംചെയ്ത
96-ാം സങ്കീര്‍ത്തനം രമേഷ് മുരളിയും സംഘവുമാണ് ആലപിച്ചിരിക്കുന്നത്.

നിങ്ങള്‍ ഇതുവരെ ശ്രവിച്ചത് ഫാദര്‍ വില്യം നെല്ലിക്കല്‍ അവതരിപ്പിച്ച വത്തിക്കാന്‍ റേഡിയോയുടെ വചനവീഥി എന്ന ബൈബിള്‍ പഠനപരിപാടിയാണ്.

പ്രപഞ്ച നാഥനും രാജാവുമായ കര്‍ത്താവിനെ സ്തുതിക്കുന്ന 96-ാം സങ്കീര്‍ത്തിന്‍റെ
പഠനം വീണ്ടും അടുത്തയാഴ്ചയില്‍








All the contents on this site are copyrighted ©.