2014-12-31 15:53:41

തെയ്സേ പ്രാര്‍ത്ഥനാ സംഗമം
യൂറോപ്പിലെ പ്രേഗ് നഗരത്തില്‍


31 ഡിസംബര്‍ 2014, ജനീവ
വൈവിധ്യങ്ങള്‍ക്ക് അതീതമായ ഐക്യമാണ് ‘തെയ്സേ’ പ്രാര്‍ത്ഥനാസംഗമം വെളിപ്പെടുത്തുന്നതെന്ന് ക്രൈസ്തവസഭകളുടെ ആഗോള കൂട്ടായ്മയുടെ World Council of Churches സെക്രട്ടറി ജനറല്‍, ഒലാവ് ഫിക്സേ പ്രസ്താവിച്ചു.

തെയ്സേ യുവജന പ്രാര്‍ത്ഥനാസംഗമം ചെക്ക് റിപ്പബ്ലിക്കിന്‍റെ തലസ്ഥാന നഗരമായ പ്രേഗില്‍ സമ്മേളിച്ചിരിക്കുന്നതിനോട് അനുബന്ധിച്ച് ഡിസംബര്‍ 30-ാം തിയതി ചൊവ്വാഴ്ച, അവര്‍ക്ക് അയച്ച സന്ദേശത്തിലാണ് ഫിക്സേ ഇപ്രകാരം വിശേഷിപ്പിച്ചത്.

ഒരുമയോടെ ലോകത്തെ ശുശ്രൂഷിക്കുവാനും ക്രിസ്തുവിന് സാക്ഷൃംവഹിക്കുവാനുമുള്ള ക്രൈസ്തവ സഭകളുടെ ഐക്യാദാര്‍ഢ്യമാണ് പ്രേഗില്‍ സമ്മേളിച്ചിരിക്കുന്ന തെയ്സേ സംഗമം പ്രകടമാക്കുന്നതെന്ന് ഫിക്സേ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.

2014 ഡിസംബര്‍ 29-ന് ആരംഭിച്ച സംഗമം - 2015 ജനുവരി 2-വരെ തുടരും.
മുന്‍വര്‍ഷങ്ങളിലേതുപോലെ ഈ വര്‍ഷവും ഒരു ലക്ഷത്തിലേറെ യുവജനങ്ങളാണ് യൂറോപ്പിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നായി പുരാതന നഗരമായ പ്രേഗില്‍ പ്രാര്‍ത്ഥനയില്‍ സംഗമിച്ചിരിക്കുന്നത്.

യുവജനങ്ങളുടെ വിശ്വാസത്തിന്‍റെയും പ്രാര്‍ത്ഥനയുടെയും, സുവിശേഷപഠനത്തിന്‍റെയും, സഭൈക്യ കൂട്ടായ്മയാണ് തെയ്സേ.

1940-ല്‍ ബ്രദര്‍ റോജര്‍ സ്ലൂട്സ് തുടക്കമിട്ടതാണ്, ഫ്രാന്‍സിലെ ബര്‍ഗാണ്ടിയിലെ തെയ്സെ ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന ‘തെയ്സേ’ എന്ന പേരില്‍ ആഗോള തലത്തില്‍ അറിയപ്പെടുന്ന സഭൈക്യപ്രസ്ഥാനവും പ്രാര്‍ത്ഥനാ സമൂഹവും.

മുപ്പതു രാജ്യങ്ങളില്‍നിന്നുമുള്ള പ്രോട്ടസ്റ്റന്‍റ്-കത്തോലിക്കാ കൂട്ടായ്മയുടെ സന്ന്യാസസമൂഹമാണ് തെയ്സേ പ്രസ്ഥാനം മുന്നോട്ടു കൊണ്ടുപോകുന്നത്.








All the contents on this site are copyrighted ©.