2014-12-31 15:58:57

താഴ്മയും ലാളിത്യവും
പാപ്പായുടെ
വ്യക്തിത്വത്തിന്‍റെ തനിമ


31 ഡിസംബര്‍ 2014, വത്തിക്കാന്‍
ക്രിസ്ത്വാനുകരണം താഴ്മയില്‍ മാത്രമേ പ്രകടമാക്കാനാവൂ എന്ന്
ഇറ്റലിയിലെ സഭൈക്യ ഏകാന്ത-ജീവിത സന്ന്യാസ സമൂഹത്തിന്‍റെ തലവന്‍,
എന്‍സോ ബിയാങ്കി പ്രസ്താവിച്ചു.

ഡിസംബര്‍ 30-ാം തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് പാപ്പായുടെ വ്യക്തിത്വത്തെക്കുറിച്ച് സഭൈക്യ മൊണാസ്റ്റിക് സമൂഹത്തിന്‍റെ സ്ഥാപകന്‍, ബിയാങ്കി ഇങ്ങനെ പ്രസ്താവിച്ചത്.

ആരുടെയും മുന്നില്‍ തലകുനിക്കുവാന്‍ മടിക്കാത്ത പ്രകൃതവും ലാളിത്യമാര്‍ന്ന ശൈലിയും പാപ്പാ ഫ്രാന്‍സിസിന്‍റെ വ്യക്തിത്വത്തിന്‍റെ തനിമയാണെന്നും, ക്രിസ്ത്വാനുകരണത്തിന്‍റെ പാതയില്‍ ഉള്‍ക്കൊള്ളുന്ന ആന്തരികതയുടെയും ആത്മീയതയുടെയും മൂര്‍ത്തരൂപമാണിതെന്നും, ബിയാങ്കി അഭിമുഖത്തില്‍ വിശേഷിപ്പിച്ചു.

പാപ്പാ ഫ്രാന്‍സിസ് മുന്നോട്ടു വയ്ക്കുന്ന സഭയുടെ പുതിയ പ്രതിബംബങ്ങള്‍ സുവിശേഷാധിഷ്ഠിതമാണെന്നും, എന്നാല്‍ അധികാരത്തിന്‍റെയും സമ്പത്തിന്‍റെയും മേല്‍ക്കോയ്മയില്‍ വിശ്വസിക്കുന്ന മതമേലദ്ധ്യക്ഷന്മാര്‍ക്കും, രാഷ്ട്രീയക്കാര്‍ക്കും, സാമൂഹ്യനേതാക്കള്‍ക്കും ഇത് അസ്വീകാര്യമായിരിക്കാമെന്നും ബിയാനങ്കി അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.

അതുപോലെ തന്നെ തിന്മയുടെ ശക്തികളെ ഒഴിപ്പിക്കുവാന്‍ പോരുന്ന കരുത്തോടെ സുവിശേഷമൂല്യങ്ങളോട് പാപ്പായുടെ ജീവിതവും പ്രബോധനങ്ങളും ഒട്ടിനില്ക്കുമ്പോഴും, മതാത്മകവും രാഷ്ടീയവുമായ ശുത്രുക്കള്‍ ഏറെ ഉണ്ടാകുവാന്‍ സാദ്ധ്യതയുണ്ടെന്നും ബിയാങ്കി ചൂണ്ടിക്കാട്ടി.

ക്രിസ്തുസാക്ഷൃം നല്കുവാനുള്ള സഭയുടെ ഉത്തരവാദിത്വമാണ് പാപ്പാ ഫ്രാന്‍സിസ് നല്കുന്ന ചിലപ്പോള്‍ തുറവുള്ളതും ശക്തവുമായ തിരുത്തലുകളെന്നും, അവ സുവിശേഷത്തിന്‍റെ ശുദ്ധരൂപവും തെളിവുള്ള ചിന്താധാരയുമാകയാലാണ് വാക്കുകളെ മൂര്‍ച്ചയുള്ളതാക്കുന്നതെന്നും
ബിയാങ്കി അഭിമുഖത്തില്‍ വ്യക്തമാക്കി.








All the contents on this site are copyrighted ©.