2014-12-26 06:11:00

വിനീതഹൃദയരിലേയ്ക്ക് ദൈവം കടന്നുവരുമെന്ന് പാപ്പാ ഫ്രാന്‍സിസ്


25 ഡിസംബര്‍ 2014, വത്തിക്കാന്‍
അന്ധകാരത്തിലായിരുന്ന ജനത വലിയ പ്രകാശം കണ്ടു എന്ന ഏശയായുടെ പ്രവചന വാക്യങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് പാപ്പാ ആരംഭിച്ചത്. വചനചിന്തയുടെ ആദ്യഭാഗം ലോകത്തിലേയ്ക്ക് അണഞ്ഞ ദിവ്യപ്രകാശത്തെക്കുറിച്ചും, കാലത്തികവില്‍ ബതലഹേമിലെ പുല്‍ക്കൂട്ടിന്‍ വിരിഞ്ഞ മഹാജ്യോതിസ്സ്,  വിശ്വപ്രകാശം ക്രിസ്തുവാണെന്നും പാപ്പാ സമര്‍ത്ഥിച്ചു. 

ചരിത്രത്തില്‍ നടന്ന ആദ്യകൊലപാതകം, കായേന്‍ തന്‍റെ സഹോദരന്‍ ആബേലിനെ അസൂയയാല്‍ വകവരുത്തിയ സംഭവം ഉല്പത്തി പുസ്തകത്തില്‍നിന്നും അയവിറച്ചുകൊണ്ട്, യുദ്ധത്തിലും, അഭ്യന്തരകലാപത്തിലും, ഭീകരപ്രവര്‍ത്തനത്തിന്‍റെയും മതമൗലികവാദത്തിന്‍റെയും അധിക്രമങ്ങളിലും സഹോദര്യഹത്യ ഇന്നും തുടരുകയാണെന്നും, തിന്മയുടെ ഇരുട്ടില്‍ അത് ലോകത്തെ ആഴ്ത്തുകയാണെന്നും പാപ്പാ ഖേദപൂര്‍വ്വം വചനചിന്തയില്‍ പരാമിര്‍ശിച്ചു. 
എന്നിട്ടും, പാപത്തിന്‍റെ ഇരുട്ടിലേയ്ക്ക് ദൈവം കടന്നുവരുന്നുണ്ടെന്നും, ദൈവം മനുഷ്യനെ തേടിയെത്തുന്നവാനാണെന്നും വചനസമീക്ഷയുടെ രണ്ടാം ഭാഗത്ത് പാപ്പാ വിശദീകരിച്ചു. 
മനുഷ്യന്‍ ദൈവത്തെ അന്വേഷിക്കുന്നു, ദൈവത്തെ തേടുന്നു എന്നത് ശരിയാണ്, നല്ലതാണ് എങ്കിലും, മനുഷ്യന്‍ മനസ്സിലാക്കേണ്ട വലിയ യാഥാര്‍ത്ഥ്യം ദൈവം മനുഷ്യരെ തേടിയെത്തുന്നു. അവിടുന്ന് മനുഷ്യരോടൊത്തു വസിക്കുന്നു. മനുഷ്യരെ സ്നേഹിക്കുന്നു, നമ്മോടു കരുണകാട്ടുന്നു, ക്ഷമിക്കുന്നു... ദൈവത്തിന്‍റെ ക്ഷമ, സ്നേഹംപോലെ അനന്തമാണെന്നും പാപ്പാ എടുത്തു പറഞ്ഞു.

അത്രത്തോളം മനുഷ്യരെ സ്നേഹിക്കുന്ന ദൈവസ്നേഹത്തോട് മനുഷ്യര്‍, വിശിഷ്യ ക്രൈസ്തവര്‍ പ്രതിസ്നേഹം കാണിക്കണം, ക്രിയാത്മകമായി പ്രതികരിക്കണമെന്നതായിരുന്നു പാപ്പായുടെ തീര്‍പ്പ്. ദൈവസ്നേഹം അനുദിനജീവിതത്തില്‍ സ്വീകരിക്കുന്നവര്‍ അത് സഹോദരങ്ങളുമായി പങ്കുവയ്ക്കണം. അങ്ങനെ മനുഷ്യാവതാരത്തിലൂടെ ദൈവം വരച്ച സ്നേഹവലയം മനുഷ്യന്‍ വികസിപ്പിച്ച്, ലോകത്ത് സകലരെയും, പാവങ്ങളെയും പരിത്യക്തരെയും, ജീവിതത്തിന്‍റെ വിളുമ്പിലായിരിക്കുന്നവരെയും ആശ്ലേഷിക്കുന്ന സാകല്യ സംസ്കൃതി, An all inclusive love വികസിപ്പിക്കണമെന്ന, പാപ്പായുടെ വളരെ അടിസ്ഥാനപരവും, മൗലികവുമായ ചിന്ത പങ്കുവച്ചുകൊണ്ടാണ് ക്രിസ്തുമസ്സ് രാത്രിയിലെ വചനചിന്തകള്‍ പാപ്പാ പങ്കുവച്ചത്. 

വചനപ്രഘോഷണത്തിന്‍റെ മൂന്നാം ഭാഗത്ത്, മനുഷ്യരെ കാത്തിരിക്കുന്ന പിതാവായ ദൈവത്തിന്‍റെ കരുണാര്‍ദ്രമായ രൂപം ധൂര്‍ത്തപുത്രന്‍റെ മടങ്ങിയെത്തലിനായി കാത്തു കാത്ത്, കണ്ണുംനട്ടിരുന്ന പിതാവായ ദൈവത്തിന്‍റെ രൂപത്തിലൂടെ പാപ്പാ വിശേഷിപ്പിച്ചു, വരച്ചുകാട്ടി. ഇരുളില്‍ ജീവിച്ചവര്‍ ദൈവിക പ്രഭ കണ്ടു, എന്നാല്‍ ധാര്‍ഷ്ഠമുള്ളവരും, അഹങ്കാരികളും, വ്യക്തി താല്പര്യത്തിനുവേണ്ടി നിയമനിര്‍മ്മാണം നടപ്പിലാക്കിയവരും, സഹോദരനോട് അവജ്ഞകാട്ടിയവനും പ്രകാശം കണ്ടില്ലെന്നും, വിനീതഹൃദയരിലേയ്ക്കും, തുറവുള്ളവര്‍ക്കുവരിലേയ്ക്കുമാണ് ദൈവം കടന്നുവരുന്നതെന്നും ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാപ്പാ വചനചിന്തകള്‍ ഉപസംഹരിച്ചത്. 








All the contents on this site are copyrighted ©.