2014-12-26 15:37:25

രക്ഷാകര ശക്തിയാല്‍ ആയുധങ്ങള്‍
കലപ്പകളാക്കാമെന്ന് ‘ഊര്‍ബി എത് ഓര്‍ബി’ സന്ദേശം


26 ഡിസംബര്‍ 2014, വത്തിക്കാന്‍
ലോകത്തിനും നഗരത്തിനും ‘Urbi et Orbi’ Christmas 2014

പിറവിത്തിരുനാളില്‍ - ഡിസംബര്‍ 25-ാം തിയതി ‘റോമാ നഗരത്തിനും ലോകത്തിനു’മായി
വത്തിക്കാനില്‍ പാപ്പാ ഫ്രാ൯സിസ് നല്കിയ സന്ദേശം

പ്രിയ സഹോദരങ്ങളേ, ക്രിസ്തുമസ്സ് മംഗളങ്ങള്‍!
പ്രവചനങ്ങളുടെ പുര്‍ത്തീകരണമായ ദൈവപുത്രനും ലോകരക്ഷകനുമായ യേശു നമുക്കായി കന്യകയില്‍നിന്നും ജാതനായി. അവള്‍ ജോസഫിന്‍റെ ഭാര്യയായ മറിയമായിരുന്നു.

എളിയവരും ദൈവത്തില്‍ പ്രത്യാശയുള്ളവരുമായ സാധാരണക്കാരാണ് ബെതലഹേമില്‍
പിറന്ന ദിവ്യരക്ഷകനെ ആദ്യമായി തിരിച്ചറിഞ്ഞത്. ബെതലഹേം താഴ്വാരത്ത് ആടുകളെ മേയ്ച്ചുകൊണ്ടിരുന്ന ഇടയന്മാരെ പരിശുദ്ധാത്മാവ് പ്രകാശിപ്പിച്ചു, അവര്‍ അതിവേഗം പുല്‍ക്കൂട്ടിലെത്തി ദിവ്യശിശുവിനെ ആരാധിച്ചു.

അതുപോലെ വാര്‍ദ്ധക്യത്തിലെത്തിയ ശീമോനെയും അന്നയെയും ദൈവാത്മാവ് ജെറുസലേം ദേവാലയത്തിലേയ്ക്ക് ആനയിച്ചു, അവരും യേശുവിനെ രക്ഷകനായി തിരിച്ചറിഞ്ഞു. ‘എന്‍റെ കണ്ണുകള്‍ ദൈവത്തിന്‍റെ രക്ഷ ദര്‍ശിച്ചിരിക്കുന്നു, സര്‍വ്വജനങ്ങള്‍ക്കുംവേണ്ടി അങ്ങൊരുക്കിയിരിക്കുന്ന രക്ഷ എന്‍റെ കണ്ണുകള്‍ കണ്ടുകഴിഞ്ഞു,’ എന്നാണ് ശിമയോ൯ ഉദ്ഘോഷിച്ചത് (ലൂക്കാ 2, 30).

സഹോദരങ്ങളേ, യേശുവാണ് വ്യക്തികളുടെയും ജനതകളുടെയും വിമോചകന്‍!

ഇറാക്കിലെയും സിറിയയിലെയും നീണ്ടകാലമായുള്ള കലാപത്തിന്‍റെ കെടുതികള്‍
നിരന്തരമായി സഹിക്കുന്ന അവിടുത്തെ ക്രൈസ്തവ സഹോദരങ്ങളെയും, വിശിഷ്യാ
മത-വംശീയ സമൂഹങ്ങളെയും ലോകരക്ഷകനായ അവിടുന്ന് കാത്തുകൊള്ളട്ടെയെന്ന് പ്രാര്‍ത്ഥിക്കാം. മതപീഡനത്തിന്‍റെ പേരില്‍ നാടുകടത്തപ്പെട്ടവര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും, അവരുടെ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വയോജനങ്ങള്‍ക്കും ലോകത്തിന്‍റെ ഇതര ഭാഗങ്ങളില്‍ തിരസ്കൃതരായവര്‍ക്കും ഈ ക്രിസ്തുമസ് പ്രത്യാശ പകരട്ടെ.
സ്വന്തംനാട്ടില്‍ അവര്‍ അനുഭവിക്കുന്ന അകല്‍ച്ച അടുപ്പമായും, പുറംതള്ളല്‍ ആതിഥേയത്വമായും പരിണമിച്ച്, സകലരുടെയും മാനുഷ്യത്വപരമായ പരിഗണനയിലൂടെ കഠിനമായ ഈ ശൈത്യകാലത്തെ അതിജീവിച്ച് അവര്‍ നാട്ടിലേയ്ക്കു മടങ്ങിയെത്തുവാനും, അന്തസ്സോടെ ജീവിക്കുവാനും ഇടയാവട്ടെ. മദ്ധ്യപൂര്‍വ്വദേശത്ത്, വിശിഷ്യാ, ക്രിസ്തുവിന്‍റെ ജന്മംകൊണ്ട് അനുഗ്രഹീതമായ നാട്ടില്‍ പരസ്പര വിശ്വാസത്തില്‍ ജനങ്ങള്‍ തുറന്നഹൃദയത്തോടെ സമാധാനം വളര്‍ത്തുവാനും, ഇസ്രായേല്‍ പലസ്തീന സംവാദത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ പരിശ്രമങ്ങള്‍ ഫലമണിയിക്കുവാനും ഇടയാക്കട്ടെ.

ഉക്രയിനില്‍ നടമാടുന്ന പകയുടെയും അധിക്രമങ്ങളുടെയും സംഘര്‍ഷത്തില്‍ വേദനിക്കുന്നവര്‍ക്ക് ലോകരക്ഷകനായ യേശു സാഹോദര്യത്തിന്‍റെയും അനുരജ്ഞനത്തിന്‍റെയും നവമായ പാത തെളിയിക്കട്ടെ.

രക്ഷകനായ ക്രിസ്തു നൈജീരിയയില്‍ സമാധാനം സ്ഥാപിക്കട്ടെ, അവിടത്തെ രക്തച്ചൊരിച്ചിലിനും, അനീതിപരമായ നാടുകടത്തലിനും, തട്ടിക്കൊണ്ടുപോക്കിനും, കൂട്ടക്കൊലയ്ക്കും അവിടുന്ന് അറുതിവരുത്തട്ടെ. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്‍റെ, വിശിഷ്യ ലിബിയ, തെക്കന്‍ സുഡാന്‍, മദ്ധ്യാഫ്രിക്ക, കൊംഗോ റിപബ്ളിക്കിന്‍റെ വിവിധ ഭാഗങ്ങള്‍ എന്നിവയുടെ സമാധാനത്തിനായും പ്രാര്‍ത്ഥിക്കാം.
ഈ രാജ്യങ്ങളില്‍ രാഷ്ട്രീയ ഉത്തരവാദിത്വം വഹിക്കുന്നവര്‍ സംവാദത്തിലൂടെ ഭിന്നതകള്‍ മറികടക്കുവാനും, സ്ഥായിയായ സാഹോദര്യവും സഹവര്‍ത്തിത്വം വളര്‍ത്തുവാനും ഇടയാവട്ടെ. മനുഷ്യക്കടത്ത്, നിര്‍ബന്ധിത സൈന്യസേവനം എന്നിങ്ങനെയുള്ള അധിക്രമങ്ങള്‍ക്ക് ഇരയായിട്ടുള്ള കുട്ടികളെ യേശു സംരക്ഷിക്കട്ടെ.

അതുപോലെ ഈയിടെ പാക്കിസ്ഥാനില്‍ അരുംകൊലചെയ്യപ്പെട്ട കുട്ടികളുടെ കുടുംബങ്ങളെയും നമുക്ക് അനുസ്മരിക്കാം. രോഗികളായവര്‍ക്ക്, വിശിഷ്യ ലൈബീരിയ, സിയെരാ ലിയോണ്‍, ഗ്വീനിയ എന്നിവിടങ്ങളില്‍ എബോള ബാധിതരായവര്‍ക്ക് അങ്ങേ സാന്ത്വന സാമീപ്യം നല്കണമേ. എബോള പരിചരണ മേഖലയില്‍ ധീരമായി സേവനംചെയ്യുന്ന എല്ലാവരെയും രോഗബാധിതരുടെ കുടുംബങ്ങളെയും നന്ദിയോടെ അനുസ്മരിക്കുകയും, പിന്നെ അവര്‍ക്കുവേണ്ട ചികിത്സയും മറ്റു സഹായങ്ങളും അടിയന്തിരമായി എത്തിച്ചുകൊടുക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

ഉണ്ണിയേശുവിന്‍റെ കണ്ണുനീരിനോട് ചേര്‍ക്കുവാന്‍ ഈ ക്രിസ്തുമസ്സില്‍ നമുക്ക് പിന്നെയും സങ്കടങ്ങള്‍ ധാരാളമുണ്ട്.

പ്രിയ സഹോദരങ്ങളേ, നമ്മുടെ ഹൃദയങ്ങളെ പരിശുദ്ധാരൂപി പ്രകാശിപ്പിക്കട്ടെ, അങ്ങനെ കന്യകാമറിയത്തില്‍നിന്നും ബതലഹേമില്‍ ജാതനായ ഉണ്ണിയേശു, നമുക്കോരോരുത്തര്‍ക്കും, എല്ലാ സ്ത്രീപുരുഷന്മാര്‍ക്കും, ലോകത്തുള്ള സകലര്‍ക്കും രക്ഷകനാണെന്ന് തിരിച്ചറിയാന്‍ ഇടവരട്ടെ. അടിമത്വത്തിലും പീഡനങ്ങളിലും യുദ്ധത്തിന്‍റെ കെടുതിയിലും കഴിയുന്നവര്‍ക്ക് സ്വാതന്ത്ര്യവും സമാശ്വാസവും പകരുന്ന ക്രിസ്തുവിന്‍റെ ശക്തി അനുഭവവേദ്യമാകട്ടെ. ലോകജീവിതത്തിന്‍റെ ധാരളിത്തത്തിലും, നിസംഗതയിലും മുഴുകി ജീവിക്കുന്നവരുടെ ഹൃദയകാഠിന്യം ക്രിസ്തുവിന്‍റെ വിനീതഭാവത്താല്‍ നീങ്ങുമാറാവട്ടെ. അവിടുത്തെ രക്ഷാകര ശക്തി ആയുധങ്ങളെ കലപ്പകളായും, വിനാശത്തെ ജീവനായും, വെറുപ്പിനെ സ്നേഹവും കരുണയായും രൂപാന്തരപ്പെടുത്തട്ടെ. അങ്ങനെ “അങ്ങയുടെ രക്ഷ ഞങ്ങള്‍ കണ്ടിരിക്കുന്നു,” എന്ന് സന്തോഷത്തോടെ പ്രഘോഷിക്കാന്‍ ഇടയാവട്ടെ,

ഏവര്‍ക്കും ക്രിസ്തുമസ്സ് ആശംസകള്‍!








All the contents on this site are copyrighted ©.