2014-12-24 19:11:58

പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍
വത്തിക്കാനില്‍ തിരുപ്പിറവി ജാഗരപൂജ


24 ഡിസംബര്‍ 2014, വത്തിക്കാന്‍
ഡിസംബര്‍ 24-ാം തിയതി ബുധനാഴ്ച, പ്രാദേശിക സമയം രാത്രി 9.30-നാണ്, ഇന്ത്യന്‍ സമയം വ്യാഴാഴ്ച വെളുപ്പിന് 2 മണിക്കായിരിക്കും വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ കാര്‍മ്മികത്വത്തിലുളള ക്രിസ്തുമസ് ജാഗരപൂജ അര്‍പ്പിക്കപ്പെടുന്നത്.

സഭയിലെ കര്‍ദ്ദിനാളന്മാരും മെത്രാന്മാരും വൈദികരും സഹകാര്‍മ്മികരായിരിക്കും.

വിവിധ ഭൂഖണ്ഡങ്ങളെ പ്രതിനിധീകരിച്ച് 7-നും 10-നും ഇടയ്ക്ക് വയസ്സ് പ്രായമുള്ള 10 കുട്ടികള്‍ ചേര്‍ന്ന് പൂല്‍ക്കൂട്ടിലെ ഉണ്ണിക്ക് അര്‍പ്പിക്കുന്ന പുഷ്പാര്‍ച്ചന ഈ വര്‍ഷത്തെ വത്തിക്കാനിലെ ക്രിസ്തുമസ്സിന്‍റെ ശ്രദ്ധേയമമായ ഇനമാണ്. സിറിയ, ലെബനോണ്‍, കൊറിയ, ഫിലിപ്പീന്‍സ്, ബെല്‍ജിയം, ഇറ്റലി എന്നീ രാജ്യക്കാരായ കുട്ടികളാണ് പുഷ്പ്പാര്‍ച്ചന നടത്തുന്നത്.

രണ്ട് ഇറ്റാലിയന്‍ കുടുംബങ്ങള്‍ - മാതാപിതാക്കളും അവരുടെ മക്കളും ചേര്‍ന്ന് പാപ്പായുടെ ദിവ്യബലിയ്ക്കുള്ള അപ്പവും, വീഞ്ഞും മറ്റു കാഴ്ചകളും സമര്‍പ്പിക്കും.
കുടുംബങ്ങളെക്കുറിച്ചുള്ള ആസന്നമാകുന്ന മെത്രാന്മാരുടെ സാധാരണ സിനഡു സമ്മേളനത്തിന്‍റെ പ്രതീകാത്മകമായ സമര്‍പ്പണമാണ് ക്രിസ്തുമസ് രാത്രിയിലെ കുടുംബങ്ങളുടെ കാഴ്ചവയ്പ്പെന്ന്, വത്തിക്കാന്‍റെ ആരാധനക്രമകാര്യങ്ങളുടെ ഉത്തരവാദിത്വം വഹിക്കുന്ന മോണ്‍സീഞ്ഞോര്‍ ഗ്വീദോ മരീനി അറിയിച്ചു.

ക്രിസ്തുമസ്സ് രാത്രിയിലെ വായനകള്‍ സ്പാനിഷ്, ഇംഗ്ലിഷ്, ഇറ്റാലിയന്‍ എന്നീ ഭാഷകളിലാണ്. വിശ്വാസികളുടെ പ്രാര്‍ത്ഥന – പോര്‍ച്ചുഗീസ്, അറബി, ഫ്രഞ്ച്, ചൈനീസ്, ജര്‍മ്മന്‍ എന്നീ ഭാഷകളിലുമാണ്. തിരുപ്പിറവിയെക്കുറിച്ചുള്ള വിശുദ്ധ ലൂക്കായുടെ സുവിശേഷ വായനയെത്തുര്‍ന്നത്, പാപ്പാ വചനപ്രഘോഷണം നടത്തും.

പാപ്പായുടെ ക്രിസ്തുമസ് ബലിയര്‍പ്പണത്തിന് വത്തിക്കാനിലെ സിസ്റ്റൈന്‍ ഗായക സംഘവും ‘മാത്തര്‍ എക്ലേസിയ’ കോറസും ചേര്‍ന്ന് മോണ്‍സീഞ്ഞോര്‍ മാസ്സിമോ പളംമ്പേലായുടെ നേതൃത്വത്തില്‍ ഗീതങ്ങള്‍ ആലപിക്കും. Et incarnatus est, ‘അവിടുന്ന് ഭൂജാതനായി’ എന്ന് ശീര്‍ഷകംചെയ്തിരിക്കുന്ന മൊസാര്‍ട്ട് സി-മൈനറില്‍ സംവിധാനം ചെയ്തിട്ടുള്ള ദിവ്യബലിയുടെ ഭാഗങ്ങള്‍ ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെടുന്നതും ഇക്കുറി വത്തിക്കാനിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുമെന്ന് ആരാധനക്രമകാര്യങ്ങളുടെ ഉത്തരവാദിത്വം വഹിക്കുന്ന മോണ്‍സീഞ്ഞോര്‍ ഗ്വീദോ മരീനി പ്രസ്താവനയിലുടെ അറിയിച്ചു.









All the contents on this site are copyrighted ©.