2014-12-18 16:39:56

അമേരിക്കയിലെ
സന്ന്യാസിനികളുടെ
പതറാത്ത പ്രേഷിത തീക്ഷ്ണത


17 ഡിസംബര്‍ 2014, റോം
വെല്ലുവിളികളിലും പതറാത്ത പ്രേഷിതതീക്ഷ്ണതയാണ് അമേരിക്കയിലെ സന്ന്യാസനികളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ വെളിപ്പെടുത്തുന്നതെന്ന്, അന്വേഷണ കമ്മിഷന്‍റെ ചുക്കാന്‍ പിടിച്ച, മദര്‍ മേരി ക്ലെയര്‍ മീലിയാ പ്രസ്താവിച്ചു.

വിദ്യാഭ്യാസം ആരോഗ്യപരിപാലനം ആതുരശുശ്രൂഷ എന്നീ മേഖലകളില്‍ 50,000-ത്തോളം വരുന്ന അമേരിക്കയിലെ സന്ന്യാസിനികളുടെ പ്രേഷിതശക്തി സ്തുത്യര്‍ഹമാണെന്നും, കുറവുകള്‍ പരിഹരിച്ച് സമൂഹങ്ങളെയും അവരുടെ പ്രേഷിത മേഖലകളെയും പുനരാവിഷ്ക്കരിക്കാന്‍ ഈ അന്വേഷണപഠനം സഹായകമാകുമെന്നും വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ മദര്‍ ക്ലെയര്‍ ഡിസംബര്‍ 17-ന് വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

അമേരിക്കിയിലെ സന്ന്യാസിനികളുടെ ജീവിത നിഷ്ഠയെക്കുറിച്ച് ആവര്‍ത്തിച്ചുയര്‍ന്ന പരാതികളുടെ വെളിച്ചത്തിലാണ് 2008-ല്‍ വത്തിക്കാന്‍ അന്വേഷണ കമ്മിഷന്‍ നിയോഗിച്ചത്.

6 വര്‍ഷക്കാലം നീണ്ടുനിന്ന സഭകളെക്കുറിച്ചുള്ള നിരീക്ഷണങ്ങളുടെയും പഠനങ്ങളുടേയും റിപ്പോര്‍ട്ട് വത്തിക്കാന്‍ ക്രോഡീകരിച്ച് ഡിസബര്‍ 16-ാം തിയതി ചൊവ്വാഴ്ച പ്രസിദ്ധപ്പെടുത്തിയതിനെ അധികരിച്ചാണ് മദര്‍ മേരി ക്ലെയര്‍ വത്തിക്കാന്‍ റേഡിയോയോട് ഇങ്ങനെ പ്രസ്താവിച്ചത്.

അമേരിക്കയിലുള്ള സ്ത്രീകളുടെ 341 സന്ന്യാസസ്ഥാപനങ്ങളാണ് മദര്‍ മേരി ക്ലെയറിന്‍റെ നേതൃത്വത്തിലുള്ള കമ്മിഷന്‍വഴി വത്തിക്കാന്‍ അന്വേഷണ വിധയമാക്കിയത്.

അന്വേഷണത്തെ എതിര്‍ത്തവരും ചെറുത്തവരും ഉണ്ടെങ്കിലും സത്യാവസ്ഥ കണ്ടെത്തുന്നതിനും, ചല സഭകളില്‍ നിലനിന്നിരുന്ന പ്രതിസന്ധിയുടെ അവസ്ഥ ലഘൂകരിക്കുന്നതിനും, ചിലപ്പോള്‍ അവ പൂര്‍ണ്ണമായും പരിഹരിക്കുന്നതിനും അന്വേഷണം സഹായകമായിട്ടുണ്ടെന്ന് മദര്‍ ക്ലെയര്‍ വെളിപ്പെടുത്തി.

ഏറെ ബുദ്ധമുട്ടുള്ള കാര്യമായിരുന്നു സന്ന്യാസിനീ സമൂഹങ്ങളിലെ അന്വേഷണമെങ്കിലും ആദരവോടും എളിമയോടുംകൂടെ സഭയുടെ നന്മയ്ക്കും ദൈവമഹത്വത്തിനുമായി അത് നിര്‍വ്വഹിക്കാന്‍ സാധിച്ചതായും അന്വേഷണത്തിന് നേതൃത്വംനല്കിയ 72 വയസ്സുകാരിയും ഈശോയുടെ തിരുഹൃദയത്തിന്‍റെ പ്രേഷിതകളുടെ സഭാംഗമായി അമേരിക്കന്‍ സ്വദേശിനി മദര്‍ മേരി ക്ലെയര്‍ റോമില്‍ നല്‍കിയ അഭിമുഖത്തില്‍ വികാരനിര്‍ഭരയായി പ്രസ്താവിച്ചു.








All the contents on this site are copyrighted ©.