2014-12-15 14:32:09

ക്രിസ്തുവുണ്ടെങ്കില്‍
ജീവിതത്തില്‍്
സന്തോഷവുമുണ്ട്


15 ഡിസംബര്‍ 2014, വത്തിക്കാന്‍
ഡിസംബര്‍ 14-ാം തിയതി ഞായറാഴ്ച ആഗമനകാലത്തെ മൂന്നാം വാരം, വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ ത്രികാല പ്രാര്‍ത്ഥനാ പ്രഭാഷണത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

ക്രിസ്തുമസ്സിന് രണ്ടാഴ്ച കൂടെ ബാക്കിനില്ക്കെ, ആത്മീയമായ തയ്യാറെടുപ്പിലൂടെ രക്ഷകന്‍റെ വരവിന് ഒരുങ്ങുവാനാണ് വചനം നമ്മെ ക്ഷണിക്കുന്നത്. ക്രിസ്തുവിനെ സ്വീകരിക്കാന്‍ ആഗമനകാലം മൂന്നാം വാരത്തിലെ ആരാധനക്രമം നമ്മില്‍നിന്നും ആവശ്യപ്പെടുന്നത്, സന്തോഷത്തിന്‍റെ ആന്തരികമനോഭാവമാണ്. ക്രിസ്തുവിലുള്ള സന്തോഷമാണത്!

പാപ്പായെ ശ്രവിക്കാന്‍ വത്തിക്കാനിലെത്തിയ യുവജനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന പ്ലക്കാര്‍ഡ് കണ്ടുകൊണ്ട് പാപ്പാ സന്തോഷത്തോടെ പറഞ്ഞു. ‘നിങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന ലിഖിതം, ദാ... എനിക്കു നന്നായി കാണാം.’ ‘ക്രിസ്തുവുണ്ടെങ്കില്‍ നമ്മുടെ ഭവനങ്ങളില്‍ സന്തോഷമുണ്ട്.’
Con Gesu la gioia è a casa, എന്നായിരുന്നു യുവാക്കള്‍ പിടിച്ചിരുന്ന ലിഖിതം.

മനുഷ്യഹൃദയങ്ങള്‍ സന്തോഷത്തിനായി കേഴുകയാണ്. കുടുംബങ്ങളും, ജനതകളും സമൂഹങ്ങളും എല്ലാവരും യാഥാര്‍ത്ഥമായ സന്തോഷത്തിനായി ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ക്രൈസ്തവര്‍ ജീവിക്കുവാനും സാക്ഷൃപ്പെടുത്തുവാനും വിളിക്കപ്പെട്ടിരിക്കുന്ന യഥാര്‍ത്ഥ സന്തോഷം എന്താണ്? ക്രൈസ്തവ ജീവിതത്തിലേയ്ക്കുള്ള ക്രിസ്തുവിന്‍റെ ആഗമനത്തിന്‍റെയും, അവിടുത്തെ സാമീപ്യത്തിന്‍റെയും അര്‍ത്ഥമെന്താണ്? തിരുപ്പിറവിയിലൂടെ സമൃദ്ധമായൊരു വിളയെടുപ്പിന്‍റെ വാഗ്ദാനമായി ദൈവരാജ്യത്തിന്‍റെ വിത്ത് ക്രിസ്തുവില്‍ നാമ്പെടുത്തിരിക്കുന്നു. സകല ലോകത്തിനും ശാശ്വതമായ സന്തോഷം പകരുവാനായി വന്നവനാണ് ക്രിസ്തു. അതിനാന്‍ നാം ഇനി മറ്റൊരിടത്തോ, മറ്റൊരാളിലോ അത് പരതി നടക്കേണ്ടതില്ല. മനുഷ്യരെ ഇന്നീ ഭൂമിയില്‍ ദുഃഖിതരാക്കുകയും, നാളെ സ്വര്‍ഗ്ഗരാജ്യത്തില്‍ സന്തോഷിപ്പിക്കുകയും ചെയ്യുന്ന ഒരു കാത്തിരിപ്പിന്‍റെ ഭാവിയില്‍ നേടാന്‍പോകുന്ന പറുദീസായുടെ സന്തോഷമല്ലിത്. മറിച്ച് ഇന്ന് ഇവിടെ, ജീവിതത്തില്‍ നമുക്ക് കരഗതമാകുന്നതും അനുഭവവേദ്യമാകുന്നതുമായ ദൈവരാജ്യത്തിന്‍റെ ആനന്ദമാണ്. കാരണം ക്രിസ്തുവാണ് ആ സന്തോഷം.

ഇവിടെ ഈ യുവജനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന banner വെളിപ്പെടുത്തുന്നതുപോലെ, ‘നമ്മുടെ കുടുംബങ്ങളുടെ സന്തോഷം ക്രിസ്തുവായിരിക്കട്ടെ! ക്രിസ്തുവില്‍ നമ്മുടെ ഭവനങ്ങള്‍ യഥാര്‍ത്ഥമായ ആനന്ദം കണ്ടെത്തട്ടെ!! ’ എല്ലാവരും ചേര്‍ന്ന് ഉറക്കെ ഏറ്റുപറയണം. “നമ്മുടെ ഭവനങ്ങള്‍ ക്രിസ്തുവില്‍ സന്തോഷിക്കട്ടെ.”

ഉത്ഥിനായ ക്രിസ്തു ഇന്നും നമ്മോടൊത്തു വസിക്കുന്നു. അവിടുന്നു ജീവിക്കുന്നു. വചനത്തിലൂടെയും കൂദാശകളിലൂടെയും അവിടുന്നീ വിശ്വം മുഴുവന്‍ നിറഞ്ഞുനില്ക്കുന്നു. ജ്ഞാനസ്നാനം സ്വീകരിച്ചവര്‍, സ്നാപക യോഹന്നാനെപ്പോലെ, നമ്മിലെ ദൈവിക സാന്നിദ്ധ്യം അംഗീകരിക്കുവാനും അതു മറ്റുള്ളവരോട് പ്രഘോഷിക്കുവാനും വിളിക്കപ്പെട്ടവരാണ്. മാത്രമല്ല
ദൈവിക സാന്നിദ്ധ്യത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടവരില്‍ അത് പുനഃപ്രതിഷ്ഠിക്കുവാനും,
അത് കണ്ടെത്തുവാന്‍ അവരെ സഹായിക്കുവാനും കടപ്പെട്ടവരാണ് ക്രൈസ്തവര്‍. ക്രിസ്തുവിലേയ്ക്ക് മറ്റുളളവരെ ആനയിക്കുക! നമ്മിലേയ്ക്കല്ല, ക്രിസ്തുവിലേയ്ക്ക്..., എന്നത്
സ്നാപകന്‍ നമ്മെ പഠിപ്പിക്കുന്ന, നമുക്കു കാണിച്ചുതരുന്ന ശ്രേഷ്ഠമായ ദൗത്യമാണ്. മനുഷ്യഹൃദയങ്ങള്‍ പ്രാപിക്കേണ്ടതും ആസ്വദിക്കേണ്ടതുമായ യഥാര്‍ത്ഥ സന്തോഷവും സൗഭാഗ്യവും ക്രിസ്തുവാണ്.

ആനന്ദത്തിന്‍റെ പ്രവാചകരാകുന്നതിന് ആവശ്യമായ ഘടകങ്ങള്‍ പൗലോസ് അപ്പസ്തോലന്‍ ഇന്നത്തെ തിരുവചനത്തിലൂടെ നമ്മെ പഠിപ്പിക്കുന്നു. ‘എപ്പോഴും സന്തോഷിക്കുവിന്‍. ‘ഇടവിടാതെ പ്രാര്‍ത്ഥിക്കുവിന്‍, എല്ലാകാര്യങ്ങളിലും ദൈവത്തിന് നന്ദി പ്രകാശിപ്പിക്കുവിന്‍, ഇതാണ് ക്രിസ്തുവില്‍ നിങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം.’ (1 തെസ്സ. 5, 17-22).
ഇക്കാര്യങ്ങള്‍ നമ്മുടെ ജീവിതമാര്‍ഗ്ഗമാകുമെങ്കില്‍, സദ്വാര്‍ത്ത, ക്രിസ്തുവിന്‍റെ സുവിശേഷം നമ്മുടെ ഭവനങ്ങളില്‍ യാഥാര്‍ത്ഥ്യമാകും, കുടുംബങ്ങള്‍ ക്രിസ്തുവില്‍ രക്ഷ പ്രാപിക്കും, സന്തോഷിക്കും...

ജീവിത പ്രതിസന്ധികളും പ്രയാസങ്ങളും, അത് ഏറ്റവും കഠിനമായിരിക്കുമ്പോഴും, നേരിടുവാനുള്ള ശക്തിയും ആന്തരിക സമാധാനവും നമുക്ക് ക്രിസ്തുവില്‍ കണ്ടെത്തുവാനാകും. മൃതസംസ്ക്കാരത്തിലെന്നപോലെ ദുഃഖിച്ചും വിഷാദഭാവരായും ജീവിക്കുന്ന വിശുദ്ധാന്മാക്കളെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഒരിക്കലുമുണ്ടാവില്ല!! അതൊരു വിരോധാഭാസമായിരിക്കും!
അതുപോലെ ഹൃദയത്തില്‍ സമാധാനമുള്ളവനാണ് ക്രൈസ്തവര്‍. ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാകുമ്പോഴും കര്‍ത്താവില്‍ പ്രത്യാശവച്ചു മുന്നേറാന്‍ കരുത്തുള്ളവരാണ് ക്രൈസ്തവര്‍. വിശ്വാസിക്കുന്നവര്‍ക്ക് ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഇല്ലെന്നര്‍ത്ഥമില്ല. മറിച്ച് നാം ഒറ്റയ്ക്കല്ലെന്ന ഉറപ്പില്‍, അവയെല്ലാം നേരിടുവാനുള്ള കരുത്തും ആത്മവിശ്വാസവും അവര്‍ക്കുണ്ടാകുന്നു. ഇതാണ് ദൈവം തന്‍റെ മക്കള്‍ക്ക്, തന്നില്‍ വിശ്വസിക്കുന്നവര്‍ക്കു നല്കുന്ന പ്രതിസമാധാനം. ക്രിസ്തുമസ്സിന്‍റെ ഉമ്മറപ്പടിയില്‍ നില്ക്കുമ്പോള്‍, സഭ നമ്മെ ക്ഷണ്ക്കുകയാണ് - ക്രിസ്തു പഴങ്കഥയല്ലെന്ന് പ്രഘോഷിക്കുവാന്‍. മനുഷ്യരുടെ ജീവിത പാതകളെ ഇനിയും തെളിയിക്കുന്ന സത്യവചനമാണ്, നിത്യവചനമാണ്, തിരുവചനമാണ് ക്രിസ്തു. അവിടുത്തെ ഓരോ പ്രവൃത്തിയും, സ്ഥാപിച്ച കൂദാശകളും ദൈവപിതാവിന് മനുഷ്യോടുള്ള ആര്‍ദ്രമായ സ്നേഹത്തിന്‍റെയും സാന്ത്വനത്തിന്‍റെയും പ്രതീകമാണ്.

നമ്മുടെ സന്തോഷത്തിന്‍റെ കാരണമായ പരിശുദ്ധ കന്യകാനാഥ ക്രിസ്തുവില്‍ നമ്മെ ആനന്ദഭരിതരാക്കുകയും, ആന്തരീകവും ബാഹ്യവുമായ എല്ലാ ബന്ധനങ്ങളില്‍നിന്നും നമ്മെ സ്വതന്ത്രരാക്കുകും ചെയ്യട്ടെ, എന്നു പ്രാര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.