2014-12-12 10:46:54

സിയോണ്‍ സങ്കീര്‍ത്തനം (35)
കര്‍ത്താവിന്‍റെ ആലയത്തിലേയ്ക്ക്


RealAudioMP3
സങ്കീര്‍ത്തനം 122
കഴിഞ്ഞ പ്രക്ഷേപണത്തില്‍, ‘കര്‍ത്താവ് എന്‍റെ ഇടയനാകുന്നു’ എന്ന 23-ാം സങ്കീര്‍ത്തനത്തിന്‍റെ വ്യാഖ്യാനപഠനമാണ് ശ്രവിച്ചത്. ഇന്ന് പുതിയൊരു സങ്കീര്‍ത്തനം, 122-ാം സങ്കീര്‍ത്തനത്തിന്‍റെ പഠനമാണ് ആരംഭിക്കുന്നത്. ‘കര്‍ത്താവിന്‍റെ ആലയത്തിലേയ്ക്ക് നമുക്കു പോകാം എന്നവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു,’ എന്നാണ് സങ്കീര്‍ത്തനം തുടങ്ങുന്നത്, ഇതിനെ സങ്കീര്‍ത്തനത്തിന്‍റെ പ്രഭണിതമെന്നു വിളിക്കാം.. 122-ാം സങ്കീര്‍ത്തനം ആരോഹണഗീതമെന്നും അറിയപ്പെടുന്നുണ്ട്. സാഹിത്യപരമായി വിഭജനത്തില്‍ ഇത് ജരൂസലേം സങ്കീര്‍ത്തനം എന്ന ഗണത്തിലാണ് പണ്ഡിതന്മാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാരണം, ഇത് സിയോനെ, ജരൂസലേമിനെ പാടിസ്തുതിക്കുന്ന ഗീതമാണ്. വാര്‍ഷിക തീര്‍ത്ഥാടനത്തിനായി ജരൂസലേമിലേയ്ക്ക് പോകുന്ന വിശ്വാസികള്‍ മാര്‍ഗ്ഗമദ്ധ്യേ പ്രാര്‍ത്ഥനാരൂപിയോടു കൂടെ ഈ ഗീതം ആലപിച്ചിരുന്നു. അതുകൊണ്ടാണ് ഇതിനെ ‘ആരോഹണഗീതം’ എന്നും പണ്ഡിതന്മാര്‍ വിശേഷിപ്പിക്കുന്നത്. ജരൂസലത്തേയ്ക്ക് കുടുംബസമേതം കൂട്ടമായി യാത്രചെയ്തിരുന്ന തീര്‍ത്ഥാടകര്‍ പ്രത്യാശയോടും ശരണത്തോടും കൂടെ കര്‍ത്താവിന്‍റെ ആലയത്തിലേയ്ക്ക് പോകുന്നതിലുള്ള, അല്ലെങ്കില്‍ അവിടുത്തെ ആലയത്തില്‍ എത്തി ആരാധിക്കുന്നതിലുളള അതിയായ സന്തോഷം വരികളില്‍ പ്രതിഫലിപ്പിക്കുന്നു. അകമ്പടികളോടെ ദേവാലയ പ്രവേശം നടത്തവെ ദാദീദ് രാജാവ്, ആലപിച്ചിരുന്നതാണീ ഗീതമെന്നും, സാഹിത്യകാരനും സംഗീതജ്ഞനുമായിരുന്ന രാജാവ് തന്നെയാണ് ഇതിന്‍റെ രചനയും സംവിധാനവുമെന്ന് നിരൂപകന്മാര്‍ സമര്‍ത്ഥിക്കുന്നു.

സങ്കീര്‍ത്തനത്തിന്‍റെ പദങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ കര്‍ത്താവിന്‍റെ ആലയത്തില്‍ച്ചെന്ന് അവിടുത്തെ ആരാധിക്കുവാനും സ്തുതിക്കുവാനും വെമ്പല്‍ കൊള്ളുന്ന ഭക്തന്‍റെ വികാരമാണ് ഈ മനോഹരമായ ഗീതം വെളിപ്പെടുത്തുന്നത്.

ഇന്ന് വിശകലനംചെയ്യുന്ന 122-ാം സങ്കീര്‍ത്തിനത്തിന്‍റെ മലായളത്തിലുള്ള ഗാനാവിഷ്ക്കാരം നിര്‍വ്വഹിച്ചത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം, ബിന്ദു ആന്‍റെണിയും സംഘവും

Psalm 122
കര്‍ത്താവിന്‍റെ ആലയത്തില്‍ നമുക്കു പോകാം
എന്നവര്‍ പറഞ്ഞപ്പോള്‍ സന്തോഷിച്ചു
ഞാന്‍ സന്തോഷിച്ചു.

122-ാം സങ്കീര്‍ത്തനം സാഹിത്യഘടനയില്‍ ഇതു ‘സെഹിയോന്‍റെ കീര്‍ത്തന’മാണെന്ന് പറഞ്ഞുവല്ലോ. ജരൂസലേമിനെ പ്രകീര്‍ത്തിക്കുന്നതാണീ സങ്കീര്‍ത്തനം. കര്‍ത്താവിന്‍റെ ആലയത്തെ സങ്കീര്‍ത്തകന്‍ പാടി സ്തുതിക്കുന്നു. യഹൂദഭക്താചാരത്തിന്‍റെ ഭാഗമാണ് സെഹിയോനോടുള്ള സ്നേഹം. ജരൂസലേം ദേവാലയത്തിലെ ദൈവിക സാന്നിദ്ധ്യത്തിലുള്ള വിശ്വാസമാണിത്. ആണ്ടില്‍ പ്രധാന തിരുനാളുകളില്‍ പ്രായപൂര്‍ത്തിയായവര്‍ ജരൂസലേം തീര്‍ത്ഥാടനം നടത്തണമെന്ന് യഹൂദ സമുദായ നിയമം നിഷ്കര്‍ഷിക്കുന്നു (1 രാജാ. 12, 27, നിയമാ. 16, 16). വിപ്രവാസത്തിനുശേഷം രചിക്കപ്പെട്ട സങ്കീര്‍ത്തനങ്ങളില്‍പ്പെട്ടതാണിതെന്നും പണ്ഡിതന്മാര്‍ രേഖപ്പെടുത്തുന്നു.

‘കര്‍ത്താവിന്‍റെ ആലയത്തിലേയ്ക്ക് നമുക്കു പോകാം എന്നവര്‍ പറഞ്ഞപ്പോള്‍, സന്തോഷിച്ചു, ഞാന്‍ സന്തോഷിച്ചു. ജരൂസലേമേ, ഇതാ ഞങ്ങളുടെ പാദങ്ങള്‍ നിന്‍റെ കവാടത്തിങ്കല്‍ എത്തി നില്ക്കുന്നു.’ കര്‍ത്താവിന്‍റെ സന്നിധിയിലെത്തിച്ചേരും മുന്‍പേയുള്ള തീര്‍ത്ഥാടകന്‍റെ വികാരമാണ്. സങ്കീര്‍ത്തനത്തിന്‍റെ ആദ്യപദങ്ങള്‍ വിവരിക്കുന്നത്. അതുപോലെ കര്‍ത്താവിന്‍റെ സന്നിധിയിലെത്തിച്ചേരും മുന്‍പ് തീര്‍ത്ഥാടകന്‍ സെഹിയോന്‍റെ സ്തുതികള്‍ വര്‍ണ്ണിക്കുന്നു.
‘ജരൂസലേം വന്‍ നഗരമാമായി പണിയപ്പെട്ടിരിക്കുന്നു,
അതിന്‍റെ ചുറ്റുമുള്ള മതിലുകള്‍ നന്നായി ഉറപ്പിച്ചിരിക്കുന്നു.
ആ സ്ഥലത്തേയ്ക്ക്, ഗോത്രങ്ങള്‍ കര്‍ത്താവിന്‍റെ ഗോത്രങ്ങള്‍,
തീര്‍ത്ഥാടനം നടത്തുന്നു. ഇസ്രയേലിനുള്ള കല്പനയാണിത്, അവര്‍ അവിടെ കര്‍ത്താവിന്‍റെ നാമം സ്തുതിക്കണമെന്നത്.’

തുടര്‍ന്ന് സങ്കീര്‍ത്തകന്‍ ജരൂസലേമിന്‍റെ സമാധാനത്തിനായി പ്രാര്‍ത്ഥിക്കുന്നു. ‘നിന്നെ സ്നേഹിക്കുന്നവര്‍ക്ക് നന്മയും സമാധാനവും ഉണ്ടാകട്ടെ, നിന്‍റെ കൊട്ടാരങ്ങളില്‍ ഐശ്വര്യവും, എന്‍റെ സഹോദരങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നന്മയും ഞാന്‍ ആശംസിക്കുന്നു. നിനക്കു സമാധാനം! ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്‍റെ ആലയത്തെപ്രതി ഞാന്‍ നിന്‍റെ നന്മയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കും.’ എന്നുമുള്ള വരികള്‍ തീര്‍ത്ഥാടകന്‍റെ മനസ്സില്‍ കര്‍ത്താവിന്‍റെ ആലയത്തിലുള്ള, അല്ലെങ്കില്‍ കര്‍ത്താവില്‍തന്നെയുള്ള തീക്ഷ്ണമായ ശരണത്തിന്‍റെ വികാരമാണ് പ്രകടമാക്കുന്നത്.
Psalm 122
1. കര്‍ത്താവിന്‍റെ ആലയത്തിലേയ്ക്ക് നമുക്കു പോകാം
എന്നവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു
ജരൂസലേമേ, ഇതാ, ഞങ്ങള്‍ നിന്‍റെ കവാടത്തില്‍
എത്തിയിരിക്കുന്നു, ഞങ്ങള്‍ എത്തിയിരിക്കുന്നു.
- കര്‍ത്താവിന്‍റെ ആലയത്തിലേയ്ക്ക്

1-2 തീര്‍ത്ഥാടനത്തെപ്പറ്റിയുള്ള ചിന്തതന്നെ ഇസ്രായേല്യര്‍ക്ക് സന്തോഷകരമായിരുന്നു. ജരൂസലേമില്‍ എത്തുന്നതാണ് തീര്‍ത്ഥാടകന്‍റെ ജീവിതത്തിലെ ശ്രേഷ്ഠ മുഹൂര്‍ത്തം, ആനന്ദനിമിഷം. ജരൂസലേമിനെ വിളിച്ചുകൊണ്ട് ഇത് ഏറ്റുപറയുന്നത്.
നഗരത്തെക്കുറിച്ചുള്ള സ്തുതികളാണ് സങ്കീര്‍ത്തകന്‍റെ ഹൃദയം നിറയെ. അതിനെ സംരക്ഷിക്കുന്ന വന്‍ മതിലുകളെക്കുറിച്ചുപോലും സങ്കീര്‍ത്തനപദങ്ങള്‍ പ്രകീര്‍ത്തിക്കുന്നു, എടുത്തു പറയുന്നു. 12 ഗോത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇസ്രായേല്‍ ജനത ആണ്ടുതോറുമെങ്കിലും ജരൂസലേമിലേയ്ക്കു തീര്‍ത്ഥാടനം നടത്തണമെന്നതാണ് കല്പന (പുറപ്പാട് 23, 17... നിയമ. 16, 16). അവിടെ കര്‍ത്താവ് നീതിന്യായം നടത്തുമെന്നും ഇസ്രായേല്‍ വിശ്വസിച്ചു. അവിടെ ന്യായാസനങ്ങള്‍ ഒരുക്കിയിരുന്നു. രാജാവ് അവിടെ ഇസ്രായേലിന്‍റെ വിധിയാളനായി വര്‍‍ത്തിച്ചിരുന്നു എന്നെല്ലാം രചനകളില്‍ കാണാം. (1രാജാ. 7, 77... 3, 16... സങ്കീര്‍. 72, 1).

6-9 പിന്നെ സെഹിയോനുള്ള അനുഗ്രഹവും പ്രാര്‍ത്ഥനയും സങ്കീര്‍ത്തനപദങ്ങള്‍ വിവരിക്കുന്നു. ഈ വാക്യങ്ങളില്‍. ജരൂസലേമിനുള്ള സമാധാനമാണ് പദങ്ങള്‍ ആദ്യമായി ആശംസിക്കുന്നത്. പിന്നെ അതില്‍ വസിക്കുന്നര്‍ക്കും ഗായകന്‍ സമാധാനം ആശംസിക്കുന്നു. രക്ഷയുടെ പട്ടണം, അല്ലെങ്കില്‍ ജരൂസലേം സന്ദര്‍ശിക്കുന്നവര്‍ക്കാണ് അവിടുത്തെ സമാധാനാശംസ, ദൈവസാന്നിദ്ധ്യമുള്ള വിശുദ്ധ നഗരത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുമെന്ന്, വാഗ്ദാനം ചെയ്തുകൊണ്ടാണ് സങ്കീര്‍ത്തനാലാപനം സമാപിക്കുന്നത്. സമാധാനത്തിന്, ‘ശാലോം’ എന്ന പ്രയോഗത്തിന് വ്യാപകമായ അര്‍ത്ഥം ഉണ്ട് - ഐശ്വര്യം, സമൃദ്ധി, രോഗത്തില്‍നിന്നും ശത്രുക്കളില്‍നിന്നുമുള്ള മോചനം, സമ്പദ് വിജയം, നന്മ, പൂര്‍ണ്ണത, യുദ്ധമില്ലായ്മ തുടങ്ങിയ നല്ല അനുഭവങ്ങള്‍ ‘ശാലോം’എന്ന പദം ഉള്‍ക്കൊള്ളുന്നു.. ദൈവസാന്നിദ്ധ്യമുള്ള തീര്‍ത്ഥാടനത്തിന്‍റെ ഈ പട്ടണം പഴയനിയമത്തില്‍ നീതിയുടെയും രക്ഷയുടെയും സ്ഥലമാണ്. എന്നാല്‍ പുതിയ നിയമത്തില്‍, ക്രിസ്തുനാമത്തില്‍ ഒരുമിച്ചു കൂടുന്നവര്‍ക്ക് ഇന്നും ഈ സങ്കീര്‍ത്തനം പ്രസക്തമാണെന്നും പറയാം. കാരണം പുതിയ ഉടമ്പടിയില ജരൂസലേം, ആലയം സഭയാണ്, അത് നവഇസ്രായേലാണ്, തിരഞ്ഞെടുക്കപ്പെട്ട ജനമാണ്, രാജപുരോഹിത ഗണമാണ്. ദൈവജനമാണ്. (ഗാല. 6, 16).

Psalm 122
2. ശരിയായ പണിതീര്‍ത്ത നഗരമാണ് ജരൂസലേം
അതിലേയ്ക്ക് കര്‍ത്താവിന്‍റെ ഗോത്രങ്ങള്‍ കടന്നുവരുന്നൂ
ഇസ്രായേലിനോടും കല്പിച്ചതുപോലെ നന്ദിയര്‍പ്പിക്കാന്‍
അവര്‍ വരുന്നു, അവര്‍ വരുന്നു.
- കര്‍ത്താവിന്‍റെ ആലയത്തിലേയ്ക്ക്

ഈ സങ്കീര്‍ത്തന വ്യാഖ്യാനപഠനത്തിന്‍റെ പശ്ചാത്തലത്തില്‍ മനസ്സില്‍ തെളിയുന്നൊരു ചിന്ത, ദൈവം എല്ലായിടത്തുമുണ്ടല്ലോ പിന്നെന്തിനാണ് ജരൂസലേം - തീര്‍ത്ഥാടനം, തീര്‍ത്ഥാടന കേന്ദ്രങ്ങള്‍, നീണ്ട യാത്ര... എന്നു നാം ചിന്തിച്ചേക്കാം. തീര്‍ത്ഥാടനം, ദൈവാനുഗ്രഹത്തിലേയ്ക്കും ദൈവാനുഭവത്തിലേയ്ക്കും വിരല്‍ ചൂണ്ടുന്നതാണ്. പഴയനിയമത്തില്‍ ദൈവിക സാന്നിധ്യമുള്ള ജരൂസലേമിലേയ്ക്കു തീര്‍ത്ഥാടനം നടത്തണമെന്ന് നിയമമുണ്ടായിരുന്നു. എല്ലാ മതങ്ങളിലും തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ഇന്നും ഉണ്ട്. വ്യക്തി ജീവിതത്തില്‍ ആത്മീയതയുടെ ഉണര്‍വ്വും ഉന്മേഷവും വളര്‍ത്താന്‍ തീര്‍ത്ഥാടനങ്ങളും അതിന്‍റെ കേന്ദ്രങ്ങളും, സ്ഥലങ്ങളും നമ്മെ സഹായിക്കേണ്ടതാണ്. എന്നാല്‍ തീര്‍ത്ഥാടനത്തിന്‍റെ യഥാര്‍ത്ഥ ലക്ഷൃങ്ങള്‍ പ്രാപിക്കാന്‍ നമുക്ക് സാധിക്കാതെയും, മറിച്ച് വിപരീതാനുഭവങ്ങളില്‍ വീഴുകയാണെങ്കില്‍ അങ്ങനെയുള്ള ചുറ്റുപാടികുളില്‍നിന്നും ഒഴിഞ്ഞിരിക്കുന്നതാണ് നല്ലത്.

മറ്റുള്ളവരുമായി ചേര്‍ന്നു പാടുന്നതും ഒത്തൊരുമിച്ചു പ്രാര്‍ത്ഥിക്കുന്നതും ഭക്തിയുടെ സാഗരത്തില്‍ മുങ്ങിക്കുളിക്കുന്നതും ആദ്ധ്യാത്മികതയെ പരിപോഷിപ്പിക്കുന്ന തീര്‍ത്ഥാടനത്തിന്‍റെ അനുഭവമാണ്. ഭക്തിപാരവശ്യത്താല്‍ കൂപ്പിയ പതിനായിരം കരങ്ങളുടെ മദ്ധ്യേ നമുക്ക് നോക്കി നില്ക്കുവാനാകുമോ? നിസംഗഭാവം നടിക്കാനുകുമോ? സ്വര്‍ഗ്ഗത്തിലേയ്ക്ക് കണ്ണും കൈയ്യും ഉയര്‍ത്തി പ്രാര്‍ത്ഥിക്കുന്ന പതിനായിരങ്ങള്‍ തീര്‍ച്ചയായും എനിക്കും നിങ്ങള്‍ക്കും പ്രചോദനമാകും എന്നതില്‍ സംശയമില്ല. 122-ാം സങ്കീര്‍ത്തനം ആലപിച്ച് ദൈവലയ പ്രവേശം നടത്തുമ്പോഴുള്ള അനുഭവമാണിത്, വികാരമാണിത്.

Psalm 122
3. ജരൂസലേമിന്‍റെ സമാധാനത്തിനായ് നിങ്ങള്‍ പ്രാര്‍ത്ഥിക്കുവിന്‍
നിന്നെ സ്നേഹിക്കുന്നവര്‍ക്കെന്നും ഐശ്വര്യമുണ്ടാകും
നിന്‍റെ മതിലുകള്‍ക്കുള്ളില്‍ സമാധാനവും, നിന്‍റെ ഗോപുരത്തില്‍
സുരക്ഷയും നിലനില്ക്കുന്നു, സുരക്ഷയും നിലനില്ക്കുന്നു.


നിങ്ങള്‍ ഇതുവരെ ശ്രവിച്ചത് ഫാദര്‍ വില്യം നെല്ലിക്കല്‍ അവതരിപ്പിച്ച വത്തിക്കാന്‍ റേഡിയോയുടെ വചനവീഥി എന്ന ബൈബിള്‍ പഠനപരിപാടിയാണ്.

ജരൂസലേമിനെ സ്തുതിക്കുന്ന 122-ാം സങ്കീര്‍ത്തനത്തിന്‍റെ വ്യാഖ്യാനപഠനം ഇനിയും അടുത്തയാഴ്ചയില്‍








All the contents on this site are copyrighted ©.