2014-12-12 09:26:12

അമ്മയെപ്പോലെ
നമ്മെ സ്നേഹിക്കുന്ന ദൈവം


11 ഡിസംബര്‍ 2014, വത്തിക്കാന്‍
അമ്മയെപ്പോലെ ദൈവം നമ്മെ സ്നേഹിക്കുവന്നുവെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.
ഡിസംബര്‍ 12-ാം തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തിയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

അമ്മ കുഞ്ഞുമക്കളോടെന്നപോലെ വാത്സല്യത്തോടെ മനുഷ്യരെ ദൈവം സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതാണ് ദൈവകൃപയെന്നും, അത് അധികാരത്തിലുള്ളവര്‍ വിലപേശേണ്ട കച്ചവടച്ചരക്കല്ലെന്നും ഏശയാ പ്രവാചകന്‍റെ ചിന്തകളെ ആധാരമാക്കി പാപ്പാ പങ്കുവച്ചു.

ആത്മീയ സ്വാതന്ത്ര്യത്തിന്‍റെയും സ്നേഹത്തിന്‍റെയും ലാളിത്യമുള്ള ദൈവകൃപയെ മാനുഷിക ബന്ധനങ്ങള്‍കൊണ്ട് നാം തടഞ്ഞുവയ്ക്കുവാനും നിയന്ത്രിക്കുവാനും ശ്രമിക്കുന്നത് ശരിയല്ലെന്നും, കുഞ്ഞിനുവേണ്ടിയുള്ള അമ്മയുടെ താരാട്ടുപോലെ നിഷ്ക്കളങ്കമായും നിര്‍ലോഭമായും മക്കളിലേയ്ക്ക് പ്രവഹിക്കേണ്ട സ്നേഹ നിര്‍ഝരിയാണ് അതെന്നും പാപ്പാ വചനചിന്തയില്‍ വിശേഷിപ്പിച്ചു.

ചരിത്രത്തില്‍ മനുഷ്യന്‍ ദൈവകൃപയെ തടയാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് പാപ്പാ പ്രസ്താവിച്ചു. ഫരീസേയ പ്രമാണികള്‍ സൃഷ്ടിച്ച നിയമക്കൂമ്പാരവും, സദൂക്കായരുടെ രാഷ്ട്രീയ കയ്യാങ്കളിയും, എസ്സീന്‍കാരുടെ ജനങ്ങളില്‍നിന്നും അകന്ന ജീവിതവും, അന്നത്തെ തീക്ഷ്ണമതികളുടെ വിമോചന സമരവുമെല്ലാം ക്രിസ്തുവിന്‍റെ കാലത്തെ ദൈവകൃപയ്ക്കെതിരായ ക്രയവിക്രയങ്ങളായിരുന്നുവെന്ന് പാപ്പാ വചനസമീക്ഷയില്‍ ചൂണ്ടിക്കാട്ടി.

അമ്മയുടെ സ്നേഹംപോലെ നമ്മിലേയ്ക്ക് ആസന്നമാകുന്ന രക്ഷയുടെ കൃപയ്ക്കായ് ഹൃദയങ്ങള്‍ തുറക്കണമെന്ന് ആഹ്വാനംചെയ്തുകൊണ്ടാണ് പാപ്പാ വചനചിന്തകള്‍ ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.