2014-12-11 19:47:30

പരിസ്ഥിതി സംരക്ഷണം
മനുഷ്യന്‍റെ ധാര്‍മ്മിക
ഉത്തരവാദിത്വമെന്ന്
പാപ്പാ ഫ്രാന്‍സിസ്


11 ഡിസംബര്‍ 2014, വത്തിക്കാന്‍
പെറുവിന്‍റെ തലസ്ഥാനമായ ലീമായില്‍ സംഗമിച്ചിരിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിലുള്ള കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച 10-ാമത് ഉച്ചകോടി സമ്മേളനത്തിന് ഡിസംബര്‍ 11-ാം തിയതി വ്യാഴാഴ്ച അയച്ച സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.

സമ്മേളനത്തിന്‍റെ ആതിഥേയനായ പെറുവിന്‍റെ പ്രസിഡന്‍റ്, മാനുവല്‍ വിഡാല്‍ പൂല്‍ഗാ വഴി അയച്ച സന്ദേശത്തിലാണ് പരിസ്ഥിതി സംരക്ഷണം മാനവികതയുടെ ധാര്‍മ്മിക ഉത്തരവാദിത്വമാണെന്ന് പാപ്പാ അനുസ്മരിപ്പിച്ചത്.

പരിസ്ഥിതി വ്യതിയാനം വളരെ നാടകീയമായി രാജ്യങ്ങളെയും നങ്ങളെയും ബാധിക്കുന്നുണ്ടെന്നും, പ്രത്യേകിച്ച് പസിഫിക്ക് ദ്വീപു സമൂഹങ്ങള്‍ അതുമൂലം സുനാമി, ചുഴലിക്കാറ്റ് മുതലായ ധാരാളം കെടുതികള്‍ അനുഭവിക്കുന്നുണ്ടെന്നും പാപ്പാ ചൂണ്ടിക്കാട്ടി. എന്നാല്‍ സാധാരണക്കാര്‍ വസിക്കുന്നിടങ്ങളില്‍ ഈ ദ്വീപുകള്‍ ഏറെ അവഗണനയ്ക്കും പിന്‍തള്ളലിനും ഇടയാകുന്നുണ്ടെന്നും സന്ദേശത്തില്‍ പാപ്പാ വ്യക്തമാക്കി.

പടിഞ്ഞാറന്‍ കടല്‍ യാത്രയുടെ തന്ത്രപ്രാധാന്യമുള്ള സങ്കരസ്ഥാനമായ പെറുവിന്‍റെ തീരത്തുള്ള ലീമാ നഗരത്തില്‍ ചേരുന്ന രാഷ്ട്രപ്രതിനിധികളുടെ സംഗമത്തിന് ഏറെ പ്രസക്തിയുണ്ടെന്നും, രാഷ്ട്രീയ സാമ്പത്തിക താല്പര്യങ്ങള്‍ക്ക് അതീതമായി മാനവരാശിയുടെ സുസ്ഥിതി ലക്ഷൃമാക്കി നീതിനിഷ്ഠയോടും പരസ്പര ആദരവോടുംകൂടി ഈ ആഗോള പദ്ധതിയോടു ന്യായമായി സഹകരിക്കാന്‍ രാഷ്ട്രങ്ങള്‍ക്ക് കടപ്പാടുണ്ടെന്നും രാഷ്ട്രത്തലവന്മാരെ പാപ്പാ ഉദ്ബോധിപ്പിച്ചു.

ഡിസംബര്‍ 11-ാം തിയതി വ്യാഴാഴ്ച കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലും മാനവകുലത്തിന്‍റെ നിലനില്പില്‍ പ്രകൃതിക്കുള്ള പങ്കിനെയും അനിവാര്യതയെയുംകുറിച്ച് പാപ്പാ ചൂണ്ടിക്കാണിച്ചു.

പരിസ്ഥിതി മനുഷ്യന്‍റെ ധാര്‍മ്മികതയെ സ്പര്‍ശിക്കുന്ന യാഥാര്‍ത്ഥ്യമാണെന്നും, അതു സംരക്ഷിക്കാതെ മനുഷ്യകുലത്തിനു നിലനില്പുണ്ടാകില്ലെന്നും പാപ്പാ പങ്കുവച്ചു.
Ecology is essential for the survival of mankind; it is a moral issue which affects all of us.









All the contents on this site are copyrighted ©.