2014-12-04 17:40:53

പ്രതിസന്ധികളില്‍ പതറാതെ
വിശ്വാസബലത്തില്‍
സേനവത്തില്‍ മുന്നേറണം


4 ഡിസംബര്‍ 2014, വത്തിക്കാന്‍
ദൈവസ്നേഹത്തെപ്രതി സഹോദരങ്ങള്‍ക്കായ് ചെയ്യുന്ന ഉപവി പ്രവര്‍ത്തികള്‍ തീക്ഷ്ണതയോടെ തുടരണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.

ഐക്യരാഷ്ട്രസഭ ഡിസംബര്‍ 5 വെള്ളിയാഴ്ച ആചരിക്കുന്ന സന്നദ്ധ സേവകരുടെ ആഗോള ദിനത്തോടനുബന്ധിച്ച് ഇറ്റലിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ focsiv (federation of Christian Organizations for International Voluntary Service) കൂട്ടായ്മയ്ക്കു നല്കിയ സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

ഡിസംബര്‍ 4-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനിലെ പോള്‍ ആറാമന്‍ ശാലയിലാണ് ഇറ്റലിയില്‍നിന്നുമുള്ള 2000-ല്‍ ഏറെ സന്നദ്ധസേവകരുടെ പ്രതിനിധികള്‍ പാപ്പായുമായി നേര്‍ക്കാഴ്ചയ്ക്കെത്തിയത്.

യുദ്ധവും സാമൂഹ്യകലാപങ്ങളുംകൊണ്ട് കരിപടലമായ ഇന്നിന്‍റെ ആഗോള പരസരത്തില്‍ സന്നദ്ധസേവകരുടെ പ്രവര്‍ത്തനങ്ങള്‍ വിലമതിക്കനാവില്ലെന്ന് പാപ്പാ പ്രസ്താവിച്ചു. പ്രതിഫലേച്ഛകൂടാതെ ചെയ്യുന്ന സല്‍ക്കര്‍മ്മങ്ങള്‍, പ്രതിസന്ധികളും പ്രയാസങ്ങളും വര്‍ദ്ധിച്ചുവരുമ്പോഴും മാനുഷികയുക്തിക്ക് അതീതമായി വിശ്വാസത്തിന്‍റെ ബലത്തില്‍ ഇനിയും സന്തോഷത്തോടെ നിര്‍വ്വഹിക്കുവാന്‍ ശക്തിയുണ്ടാവട്ടെയെന്ന് പാപ്പാ ആശംസിച്ചു.

കാലചക്രം ഉരുളുമ്പോള്‍ പ്രതിസന്ധികളില്‍പ്പെടുന്ന മനുഷ്യകുലത്തോടൊത്ത് എക്കാലത്തും ചരിച്ചുകൊണ്ട്, അവര്‍ക്ക് ക്രിസ്തുവിന്‍റെ ആര്‍ദ്രമായ കാരുണ്യത്തിന്‍റെയും സ്നേഹത്തിന്‍റെയും സാമീപ്യമാകുവാന്‍ സന്നദ്ധ ശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏവര്‍ക്കും സാധിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.

കത്തോലിക്കാ സഭയുടെ സാമൂഹ്യപ്രബോധനങ്ങളില്‍ അധിഷ്ഠിതമായ പ്രചോദനം ഉള്‍ക്കൊണ്ട് 1972-ല്‍ റോമില്‍ ആരംഭിച്ച സര്‍ക്കാരേതര പ്രസ്ഥാനമാണ് ആഗോള ക്രിസ്ത്യന്‍ സന്നദ്ധസേവകരുടെ ഫെഡറേഷന്‍ Federation of Christian Organizations for International Voluntary Service.








All the contents on this site are copyrighted ©.