2014-12-04 17:59:12

ദൈവത്തിന്‍റെ കരുണയില്‍
അഭയം തേടുന്നവര്‍ ഭാഗ്യവാന്മാര്‍


4 ഡിസംബര്‍ 2014, വത്തിക്കാന്‍
ഡിസംബര്‍ 4-ാം തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താമാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ്
പാപ്പാ വചനചിന്തകള്‍ ഇങ്ങനെ പങ്കുവച്ചത്.

നാം ബലഹീനരും പാപികളുമാണെങ്കിലും, ദൈവത്തിലും അവിടുത്തെ കരുണയിലും പ്രത്യാശവച്ച്, ഉറച്ച ബോധ്യത്തോടെ ജീവിക്കുന്നവര്‍ വീഴുകയില്ല, പതറുകയില്ല.... അവര്‍ പാറപ്പുറത്തു വളര്‍ന്ന വൃക്ഷംപോലെ ഉയര്‍ന്നു നില്ക്കുമെന്ന് പാപ്പാ സുവിശേഷത്തെ ആധാരമാക്കി ഉദ്ബോധിപ്പിച്ചു (മത്തായി 7, 21-24).

ദൈവവചനം അനുദിനജീവിതത്തില്‍ കാത്തുപാലിച്ച് ജീവിക്കുന്ന ധാരാളം അറിയപ്പെടാത്ത സാധാരണക്കാരായ വിശുദ്ധാത്മാക്കള്‍ ലോകത്തുണ്ടെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.

ജീവിതവ്യഗ്രതകളില്‍ കഴിയുന്ന മാതാപിതാക്കള്‍ - അദ്ധ്വാനിച്ചും വീട്ടുജോലിചെയ്തും, കുഞ്ഞുങ്ങള്‍ക്ക് ജീവന്‍ നല്കിയും, അവരെ പോറ്റിവളര്‍ത്തിയും - ക്ലേശങ്ങളുടെ പാതയില്‍ ദൈവത്തില്‍ ആശ്രയിച്ച് നിശ്ശബ്ദമായി മുന്നോട്ടു പോകുന്നവര്‍ വചനത്തിന്‍റെയും വിശ്വാസത്തിന്‍റെയും വിശുദ്ധരാണെന്ന് പാപ്പാ ഉദാഹരിച്ചു.

അതുപോലെ അനുദിനം അജപാലന ശുശ്രൂഷചെയ്ത്, വിശ്വാസം പങ്കുവച്ചും പഠിപ്പിച്ചും, രോഗികളെ സന്ദര്‍ശിച്ചും, പരിചരിച്ചും, വിഹാഹ ജീവിതത്തിന് ദമ്പതികളെ ഒരുക്കിയും, യുവജനങ്ങളെ അനുദിനം ആവര്‍ത്തിക്കപ്പെടുന്ന അജപാലനവൃത്തിയല്‍ പൂര്‍ണ്ണമായും വ്യാപൃതരായിരിക്കുന്ന അജപാലകര്‍, വൈദികര്‍, സന്ന്യസ്തര്‍ വിശുദ്ധരാണെന്നും സുവിശേത്തെ ആധാരമാക്കി പാപ്പാ സമര്‍ത്ഥിച്ചു.

അങ്ങനെ ക്രിസ്തുവിന്‍റെ വചനവും, സുവിശേഷ മൂല്യങ്ങളും അവിടുത്തെ സ്നേഹവും അനുദിനം ജീവിക്കുന്നവരാണ് വിശുദ്ധാത്മാക്കള്‍, അവര്‍ പതറുകയില്ല കാരണം, അവരുടെ ജീവിതങ്ങളും അവര്‍ പൂര്‍ണ്ണമായും ക്രിസ്തുവാകുന്ന പാറയില്‍ ഉറച്ചിരിക്കുന്നുവെന്ന് പാപ്പാ വചനത്തെ അടിസ്ഥാനമാക്കി വ്യാഖ്യാനിച്ചു.








All the contents on this site are copyrighted ©.