2014-12-02 11:53:01

സങ്കീര്‍ത്തനം പ്രകീര്‍ത്തിക്കുന്ന
നല്ലിടയന്‍ ക്രിസ്തു (34)


RealAudioMP3
‘കര്‍ത്താവ് എന്‍റെ ഇടയനാകുന്നു’ - 23-ാം സങ്കീര്‍ത്തനപഠനത്തില്‍
നമുക്കിന്ന് വരികളുടെ ധ്യാനാത്മകമായ വ്യാഖ്യാനത്തിലേയ്ക്ക് കടക്കാം.
ഇത് ഏറെ ജനപ്രീതിയാര്‍ജ്ജിച്ച സങ്കീര്‍ത്തനമാണെന്നു നാം കണ്ടു കഴിഞ്ഞു. ഇസ്രായേലിന്‍റെ ചരിത്രത്തില്‍ ഉടനീളം തെളിഞ്ഞുനില്ക്കുന്ന ഇടയരൂപം, പഴയനിയമത്തില്‍ ഉടനീളം നിറഞ്ഞുനിലക്കുന്ന ദൈവത്തിന്‍റെ ഇടയരൂപം പുതിയ നിയമത്തില്‍, ക്രിസ്തുവോളം എത്തിച്ചേരുന്നതും നാം കണ്ടതാണ്.

എസേക്കിയേല്‍ പ്രവചിച്ച നല്ലിടയന്‍ ക്രിസ്തുവാണ് (34, 11-12, 15-17).
‘അന്വേഷിച്ചിറങ്ങുന്നു, തേടിനടക്കുന്നു, ചിതറിപ്പോയവയെ ചേര്‍ത്തിണക്കുന്നു, മേച്ചില്‍പ്പുറങ്ങളിലേയ്ക്ക് ആനയിക്കുന്നു, വിശ്രാന്തി നല്കുന്നു, നഷ്ടപ്പെട്ടതിനെ തേടിയിറങ്ങുന്നു, വഴിതെറ്റിയതിനെ തിരികെക്കൊണ്ടുവരുന്നു, മുറിപ്പെട്ടതിനെ വച്ചുകെട്ടുന്നു, രോഗികള്‍ക്ക് സൗഖ്യംപകരുന്നു, പാവങ്ങളെ പരിചരിക്കുന്നു, അവിടുന്ന് അവരെ നയിക്കുന്നു’ – എന്നിങ്ങനെയുള്ള തിരുവചനത്തിലെ പ്രവാചക പ്രയോഗങ്ങള്‍ അല്ലെങ്കില്‍ വാക്യങ്ങള്‍ ആടുകളോടുള്ള ഇടയന്‍റെ സ്നേഹവും പരിലാളനയും വെളിപ്പെടുത്തുന്നതാണ്. പ്രവാചകഗ്രന്ഥത്തിലെ ഈ സംജ്ഞകളും ക്രിയാരൂപങ്ങളും ക്രിസ്തുവില്‍ യാഥാര്‍ത്ഥ്യമാകുന്നു. അവിടുന്ന് ആടുകളുടെ മഹാഇടയനും ജനതകളുടെ സംരക്ഷകനുമാണ് (ഹെബ്ര. 13, 20... 1 പീറ്റര്‍ 2, 25). കൂലിക്കാരായ ഇടയന്മാരെപ്പോലെ ഒരിക്കലും ക്രിസ്തുവിന്‍റെ നല്ലിടയ രൂപത്തില്‍നിന്നും സഭയിലെ അജപാലകര്‍ക്ക് അകന്നുനില്ക്കാനാവില്ല. മാത്രമല്ല, നല്ലിടയന്മാരെ കൂലിക്കാരായ ഇടയന്മാരില്‍നിന്നും തിരിച്ചറിയുന്നതിന് ഉതകുന്ന ശരിയായ ധാരണയും ഇന്ന് ദൈവജനത്തിനുണ്ട്.

Musical Version of Psalm 23

1. നാഥന്‍ കൃപാലു ഇടയന്‍ മമ ജീവരക്ഷതരുവോന്‍
പൂവോലും പുല്‍ത്തകിടികള്‍, മേച്ചില്‍ വിരിച്ചവയല്ലോ
നാഥന്‍ കൃപാലു ഇടയന്‍.

ഇന്ന് പഠനസഹായിയായി നാം ഉപയോഗിക്കുന്നത് ജെറി അമല്‍ദേവും
ഫാദര്‍ മാത്യു മുളവനയും ചേര്‍ന്ന് 50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരുക്കിയ
23-ാം സങ്കീര്‍ത്തനത്തിന്‍റെ സവിശേഷമായൊരു പതിപ്പാണ്. പുരാതനമായ സങ്കീര്‍ത്തനത്തിന്‍റെ തനിമയും സ്വഭാവവും രചനയില്‍ സൂക്ഷിക്കാന്‍, ഇന്നും വടക്കെ ഇന്ത്യയിലെ മിഷന്‍ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുളവനയച്ചന്‍ മണിപ്രവാളശൈലി ഉപയോഗിച്ചരിക്കുന്നത് വിഷയത്തിന്‍റെ ഗാംഭീര്യവും ഒപ്പം പൗരാണികതയും പ്രതിഫലിപ്പിക്കുന്നു.
സംഗീതസംവിധായകന്‍ ജെറി അല്‍ദേവാകട്ടെ, വളരെ ശ്രദ്ധയോടെ ‘കര്‍ത്താവ് എന്‍റെ ഇടയനാകുന്നു’ എന്ന ശരണസങ്കീര്‍ത്തനത്തിന്‍റെ ഭാവം ഈണത്തില്‍ അനുഭവവേദ്യമാക്കിയിരിക്കുന്നു. സങ്കീര്‍ത്തനത്തിലെ വരികളില്‍ സ്ഫുരിക്കുന്ന പ്രശാന്തതയും കുളിര്‍മ്മയും, ഇടയന്‍റെ കാവലും കരുതലും സ്നേഹവുമെല്ലാം തനിമയാര്‍ന്ന ശൈലിയിലും ഈണത്തിലും ജെറി അമല്‍ദേവ് അവതരിപ്പിച്ചിരിക്കുന്നു. അതുപോലെ സങ്കീര്‍ത്തനം ആലപിച്ച ഡോക്ടര്‍ സതീഷ്ഭട്ട്, കുട്ടികളെ പരിചരിക്കുന്ന മെഡിക്കല്‍ ഡോക്ടര്‍, എടുത്തു പറയാതിരിക്കാനാവില്ല, ഈ സങ്കീര്‍ത്തനം ഏറെ ലാളിത്യത്തോടെയും ഭാവപ്പകിട്ടോടെയും ആലപിച്ചിരിക്കുന്നു.

Musical Version of Psalm 23

2. തെളിവാര്‍ന്ന തീര്‍ത്ഥപാനംചെയ്തു വിശ്രാന്തിയണയാന്‍
പീയൂഷശീതളമാകും ആരമ്യനിലയം പൂകും
ആരമ്യനിലയം പൂകും. നാഥന്‍ കൃപാലു ഇടയന്‍.

ഏറ്റവും പ്രശസ്തമായ സങ്കീര്‍ത്തനമാണിതെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്. ഏതു ഭാഷയിലും സംസ്ക്കാരത്തിലും അങ്ങനെ തന്നെയാണ്. സമൂഹപ്രാര്‍ത്ഥനയില്‍ അത് ജനങ്ങള്‍ക്ക് പ്രത്യാശപകരുന്നു. വിവാഹസല്‍ക്കാരത്തില്‍ അത് സ്നേഹസാന്നിദ്ധ്യം വളര്‍ത്തുന്നു, മൃതസംസ്ക്കാര ശുശ്രൂഷയില്‍ പ്രത്യാശയും സാന്ത്വനവും നല്കുന്നു. വ്യക്തിപരമായി ചൊല്ലുമ്പോള്‍ ജീവിതത്തില്‍ വെളിച്ചം വീശുന്നു. അങ്ങനെ ഏതു മുഹൂര്‍ത്തത്തിലും ദൈവസ്നേഹത്തിന്‍റെയും ദേവക്കരുണയുടെയും അനുഭവം പകരുകയാണ് സങ്കീര്‍ത്തന ശേഖരത്തിലെ ഈ ശ്രദ്ധേയമായ ഇടയഗീതം...

അധികം സങ്കീര്‍ത്തനങ്ങളും രക്ഷയിലുള്ള ആനന്ദം പ്രകടമാക്കുമ്പോള്‍, 23-ാം സങ്കീര്‍ത്തനം കര്‍ത്താവിന്‍റെ ഭവനത്തിലായിരിക്കുമ്പോഴുള്ള സന്തോഷമാണ് പ്രകടമാക്കുന്നത്. മൂലത്തില്‍ വളരെ നാടോടി ശൈലിയില്‍ രചിക്കപ്പെട്ടിട്ടുള്ള ഈ സങ്കീര്‍ത്തനം, ജെസ്സെയുടെ കുടുംബത്തിലെ ഏറ്റവും ഇളയവനും ഇടയനുമായിരുന്നതും, പിന്നീട് ഇസ്രായേലിന്‍റെ രാജാവുമായിത്തീര്‍ന്ന ദാവീദിന്‍റേതുതന്നെ എന്ന നിഗമനത്തിലാണ് നിരൂപകന്മാര്‍, ബൈബിള്‍ പണ്ഡിതന്മാര്‍.

Musical Version of Psalm 23
5. സുപഥേ നയിക്കുന്ന ദണ്ഡും നീയേകു മൂന്നുവടിയും
ധീരാത്മഭാവനാക്കാന്‍ എന്നെയനുഗമിക്കുന്നു.
നാഥന്‍ കൃപാലു ഇടയന്‍.

ദൈവത്തെ ചിത്രീകരിക്കാന്‍ സങ്കീര്‍ത്തകന്‍ തിരഞ്ഞെടുത്ത ഇടയരൂപം തീര്‍ച്ചയായിട്ടും സാര്‍വ്വലൗകികമാണെന്നും പറയാം. വടിയുമായി ആടുകളെ നയിക്കുന്ന ഇടയന്‍, നല്ലിടയന്‍ ആടുകളെ ധീരാത്മഭാവരാക്കുന്നു. ജീവതത്തില്‍ ഒട്ടും ധൈര്യമില്ലാത്ത, കെല്പില്ലാത്ത ആടിനെപ്പോലെ നിസ്സാരരായ മനുഷ്യര്‍ക്കും കര്‍ത്താവ് ശക്തിപകരുന്നു, ധൈര്യംപകരുന്നു. അതുപോലെ സങ്കീര്‍ത്തനം വിവരിക്കുന്ന ദൈവരാജ്യം.... പ്രശാന്തമായ പുല്‍മേടും, കുളിരേകുന്ന നീര്‍ച്ചോലയും എന്താണ്, എങ്ങനെയാണ് എന്നു മനസ്സിലാക്കുവാന്‍ വിവരണങ്ങള്‍ ആവശ്യമില്ലല്ലോ! അത്ര സുവ്യക്തവും ഹൃദസ്പര്‍ശിയുമാണ് ഈ ഗീതമെന്ന് ചുരുക്കം.

Musical Version of Psalm 23
3. കുറവേതുമേയെനിക്കില്ല സുഖമോലുമെന്‍റെ വാസം
നാഥന്‍റെ മേട്ടിലെന്നും ആനന്ദമേളനമല്ലോ,
ആനന്ദമേളനമല്ലോ. നാഥന്‍ കൃപാലുമിടയന്‍

മനുഷ്യന്‍ മര്‍ത്യനാണ്, എല്ലാവരും മരിക്കും എന്നതു മാത്രമാണ്
ഈ ഭൂമിയില്‍ തീര്‍ച്ചയുള്ളൊരു കാര്യം. അങ്ങനെയുള്ള ഭൗമികജീവിതം ദൈവികസന്നിദ്ധ്യത്തില്‍ ചെലവഴിക്കാനായാല്‍, നല്ലിടയന്‍റെ കൂടെയായാല്‍, ഈശ്വരസാന്നിദ്ധ്യത്തില്‍ മനുഷ്യന്‍ അനുഭവിക്കുന്ന സുരക്ഷിതത്ത്വവും ആനന്ദവും അപാരമായിരിക്കും. ദൈവിക സാന്നിദ്ധ്യത്തിലും സ്നേഹത്തിലും, ജീവിതത്തില്‍ ലഭിക്കാവുന്ന സന്തോഷവും സംതൃപ്തിയും അത്യപൂര്‍വ്വവുമായിരിക്കും. അങ്ങനെയെങ്കില്‍, ശത്രു എന്നെ വീഴ്ത്തുമെന്നോ, മരണമെന്നെ ഗ്രസിക്കുമെന്നോ, എങ്ങനെ ജീവിക്കുമെന്നോ - എന്നുള്ള ഭീതി ഒരിക്കലും നമ്മെ ഗ്രസിക്കില്ലെന്നതാണ് സങ്കീര്‍ത്തന മൊഴി.

Musical Version of Psalm 23
4. പുകപോലെ മൃത്യുമിഴലു ചൂഴ്ന്നാലുമാകെ വിരവില്‍
നൈരാശ്യമേന്തി ഭീരു ആകില്ല ഞാനൊരു തെല്ലും
ആകില്ല ഞാനൊരു തെല്ലും. നാഥന്‍ കൃപാലു ഇടയന്‍.

എന്നാല്‍ ജീവിതം പൂര്‍ണ്ണമായും ആനന്ദമുഹൂര്‍ത്തങ്ങള്‍ അല്ലല്ലോ! ജീവിതവീഥിയില്‍ പ്രഭമങ്ങി അന്ധകാര നിബിഡമാകുന്ന അവസരങ്ങളുമുണ്ട്. ഇരുളടഞ്ഞ താഴ്വാരങ്ങളില്‍ മനുഷ്യന്‍ ചെന്നെത്തുന്നു. അവന്‍ നിരാശനാകുന്നു. ഏകാന്തത അനുഭവിക്കുന്നു. കെണിയില്‍പ്പെടുന്നു. ചിലപ്പോള്‍ നമ്മുടെ തന്നെ അവിശ്വസ്തതയും തിന്മയുംകൊണ്ട് മാനസിക വ്യഥയുടെ ഇരുട്ടില്‍ ഉഴലുന്നു. എന്നിരുന്നാലും ദൈവത്തിന്‍റെ സമാശ്വാസവും ശക്തിയും നമുക്ക് വീണ്ടും പ്രത്യാശയും ധൈര്യവും പകരുന്നു. മനുഷ്യന്‍ അവന്‍റേതായ ശൈലിയില്‍ ഇരുട്ടില്‍ വ്യാപരിക്കുമ്പോഴും സങ്കീര്‍ത്തനം പ്രത്യാശ പകരുന്നു - ദൈവം പ്രകാശമാണ്, അവിടുന്നെന്‍റെ ഇടയനാണ്, നല്ലിടയനാണ്!!

Musical Version of Psalm 23
3. പുകപോലെ മൃത്യുമിഴലു ചൂഴ്ന്നാലുമാകെ വിരവില്‍
നൈരാശ്യമേന്തി ഭീരു ആകില്ല ഞാനൊരുതെല്ലും
ആകില്ല ഞാനൊരു തെല്ലും.

സങ്കീര്‍ത്തകന്‍ വീണ്ടും വിവരിക്കുന്നു, ദൈവം ഹൃദ്യനായ ആതിഥേയനാണെന്ന്. ധൂര്‍ത്തനായി പോയിട്ടും തിരികെ വരുമ്പോള്‍, വിരുന്നൊരുക്കി സന്തോഷിക്കുന്ന സ്നേഹസമ്പന്നനായ പിതാവാണ് ദൈവം. പുതിയനിയമത്തില്‍ വെളിപാടുഗ്രന്ഥം വിവരിക്കുന്ന, ‘കുഞ്ഞാടിന്‍റെ ദിവ്യവിരുന്ന്’ ദൈവപിതാവിന്‍റെ കരുണാര്‍ദ്രമായ ആതിഥ്യവും സ്വര്‍ഗ്ഗീയ വിരുന്നിലെ സമ്പല്‍സമൃദ്ധിയും ആനന്ദവും വെളിപ്പെടുത്തുന്നു.

അതുപോലെ കര്‍ത്താവില്‍ നമുക്ക് ലഭിക്കുന്ന നവജീവന്‍റെ പ്രതീകമാണ് സങ്കീര്‍ത്തനം വിവരിക്കുന്ന ‘തൈലാഭിഷേകം,’ ഇടയന്‍ പൂശുന്ന തൈലത്താല്‍ ആടുകള്‍ ഉന്മേഷമണിയുന്നു, നവജീവന്‍ പ്രാപിക്കുന്നു. ക്രിസ്തുവിലുള്ള പുതുജീവനും നവോന്മേഷവുമാണ് ഈ കൃപാഭിഷേകം.

Musical Version of Psalm 23
6. നവതൈലലേപസുധയാല്‍ എന്‍മേനി പൂശുന്നിടയന്‍
പാനീയ ഭോജനങ്ങള്‍ സമ്പല്‍ വിധേനതരുന്നു.
സമ്പല്‍ വിധേനതരുന്നു. നാഥന്‍ കൃപാലു ഇടയന്‍.

അങ്ങനെ ദൈവവുമായുള്ള ഉടമ്പടിയാണ് മനുഷ്യജീവിതമെന്ന് സങ്കീര്‍ത്തകന്‍ സ്ഥാപിക്കുന്നു. ജീവിതത്തില്‍ ശുഭമായി എല്ലാം മുന്നോട്ടു പോകുമ്പോള്‍ എന്നതുപോലെ തന്നെ, പ്രതിസന്ധികളില്‍പ്പെടുമ്പോഴും, ‘ഇരുളടഞ്ഞ താഴ്വാരത്തില്‍’ എത്തുമ്പോഴും ഇടയനായ ദൈവം എന്‍റെ കൂടെയുണ്ട്. അവിടുന്ന് എന്നെ നയിക്കുന്നു. ജീവിതത്തില്‍ എനിക്ക് വെളിച്ചമേകുന്നു. കര്‍ത്താവിന്‍റെ അചഞ്ചലമായ സ്നേഹം, അവികല സ്നേഹം അപ്പോഴും എന്നെ നയിക്കുന്നു. എന്നെ പിന്‍തുടരുന്നു. അങ്ങനെ എനിക്കറിയാം
ദൈവം ഒരിക്കലും എന്നെ കൈവെടിയുകയില്ലെന്ന്. അവസാനം ഞാന്‍ അവിടുത്തെ ഭവനത്തില്‍ വസിക്കുവോളം... അവിടുന്ന് എന്നെ നയിക്കുന്നു,
കര്‍ത്താവ് എന്നെ കാക്കുന്നു.
‘വാഴും സൗഭാഗ്യമോടെ ഞാന്‍ നിന്‍ ഗൃഹാന്തികത്തില്‍...’ എന്ന പ്രയോഗത്തോടെയാണ് മുളവനയച്ചന്‍റെ സങ്കീര്‍ത്തനത്തിന്‍റെ മലയാള പതിപ്പ് അവസാനിക്കുന്നത്.


Musical Version of Psalm 23
7. കൃപയും നല്ലാശിസ്സുമെല്ലാം ഏകീടുവോനെന്നിടയാ
വാഴും സൗഭാഗ്യമോടെ ഞാന്‍ നിന്‍ ഗൃഹാന്തികത്തില്‍
നാഥന്‍ കൃപാലു ഇടയന്‍...


നിങ്ങള്‍ ഇതുവരെ ശ്രവിച്ചത് ഫാദര്‍ വില്യം നെല്ലിക്കല്‍ അവതരിപ്പിച്ച വത്തിക്കാന്‍ റേഡിയോയുടെ വചനവീഥി എന്ന ബൈബിള്‍ പഠനപരിപാടിയാണ്.

ഇനി അടുത്ത ആഴ്ചയില്‍ നമുക്ക് 122-ാം സങ്കീര്‍ത്തനത്തിന്‍റെ വ്യഖ്യാനം ശ്രവിക്കാം. ‘കര്‍ത്താവിന്‍റെ ആലയത്തിലേയ്ക്ക് നമുക്കു പോകാം, എന്നവര്‍ പറഞ്ഞപ്പോള്‍ സന്തോഷിച്ചു,’ ഞാന്‍ സന്തോഷിച്ചു....








All the contents on this site are copyrighted ©.