2014-11-29 16:36:21

സഹോദരങ്ങളെ കൊന്നൊടുക്കുന്ന
സായുധ നാടകത്തിന്‍റെ അരങ്ങായി മാറുന്നു
മദ്ധ്യപൂര്‍വ്വദേശമെന്ന് പാപ്പാ ഫ്രാന്‍സിസ്


29 നവംബര്‍ 2014, അങ്കാറാ - തുര്‍ക്കി
ത്രിദിന തുര്‍ക്കി പര്യടനത്തിന്‍റെ പ്രഥമദിനത്തില്‍ തലസ്ഥാനനഗരമായ അങ്കാറില്‍
പാപ്പാ ഫ്രാന്‍സിസ് ഭരണകര്‍ത്താക്കല്‍ക്കു നല്കിയ പ്രഭാഷണത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ :

ചരിത്രമുറങ്ങുന്ന നാടാണിതെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് പാപ്പാ ആരംഭിച്ചത്.
വിശുദ്ധ പൗലോസ് അപ്പസ്തോലനാണ് അവിടെ ക്രിസ്തീയതയ്ക്ക് തുടക്കമിട്ടതെന്നും. പിന്നെ, മുസ്ലിം സഹോദരങ്ങള്‍ക്കും ക്രൈസ്തവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട ക്രിസ്തുവിന്‍റെ അമ്മ, മറിയത്തിന്‍റെ എഫേസൂസിലെ വീട് അവിടെ അടുത്താണെന്ന കാര്യവും പാപ്പാ അനുസ്മരിച്ചു. തുര്‍ക്കിയുടെ മതസൗഹൃദപ്പൊലിമ ഇതര മദ്ധ്യപൂര്‍വ്വ രാഷ്ട്രങ്ങള്‍ക്കുമദ്ധ്യേയുള്ള സജീവ സാന്നിദ്ധ്യത്തിനും തലയെടുപ്പിനും കാരണമാന്നെന്ന് പാപ്പാ വിശേഷിപ്പിച്ചു.

തുര്‍ക്കിയുമായുള്ള വത്തിക്കാന്‍റെ സൗഹൃദബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. തന്‍റെ മുന്‍ഗാമികളായ വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പായും, വിശുദ്ധ ജോണ്‍ പോള്‍ രണ്ടുമനും, മുന്‍പാപ്പാ ബനഡിക്ട് 16-ാമനും.... പിന്നെ തുര്‍ക്കിയുടെ ആദ്യ അപ്പസ്തോലിക വികാരിയും, പീന്നീട് പത്രോസിന്‍റെ അധികാരത്തിലേറിയ ബിഷപ്പ് ആഞ്ചലോ ജോസഫ് റൊങ്കാളി എന്ന വിശുദ്ധനായ ജോണ്‍ 23-ാമന്‍ പാപ്പായും ചേര്‍ന്ന് രണ്ടാം വത്തിക്കാന്‍ സൂനഹദോസോടെ തുടക്കമിട്ടതാണ് ഈ സൗഹൃദബന്ധമെന്ന് പാപ്പാ അനുസ്മരിച്ചു. ഇരുപക്ഷങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും, അടിസ്ഥാനപരമായി മനുഷ്യാന്തസ്സിലും അവകാശത്തിലും അധിഷ്ഠിതവും സുസ്ഥിരവുമായ സമാധാനം മദ്ധ്യപൂര്‍വ്വദേശത്ത് വളര്‍ത്തുന്നതിനും
ഈ സൗഹൃദത്തിന്‍റെ പിന്നിലെ മൂല്യങ്ങളും പരസ്പരധാരണയും ഇനിയും ബലപ്പെടുത്തേണ്ടതുണ്ടെന്നും, ഒത്തൊരുമിച്ച് പരിശ്രമിക്കേണ്ടതുണ്ടെന്നും രാഷ്ട്രപ്രതിനിധികളോട് പാപ്പാ ആഹ്വാനംചെയ്തു.

സമാധാന ലക്ഷൃപ്രാപ്തിക്ക് ഈ പ്രദേശത്തുള്ള മുസ്ലിംങ്ങളും, യഹൂദരും ക്രൈസ്തവരുമായ പൗരന്മാര്‍ സ്ഥായിയായ നിയമനടപടികളുടെ നടത്തിപ്പിലൂടെ തുല്യ അവകാശങ്ങളും കടമകളും ഉള്ളവരായി ജീവിക്കേണ്ടതാണ്. അങ്ങനെ എല്ലാവര്‍ക്കും തതുല്യമായി ലഭിക്കേണ്ട മൗലികമായ മതസ്വാതന്ത്ര്യവും, സമൂഹ്യസ്വാതന്ത്ര്യവുമാണ് സാമാധാനത്തിനുള്ള ഉപകരണമായും മാര്‍ഗ്ഗമായും മാറേണ്ടതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

മദ്ധ്യപൂര്‍വ്വദേശം കാലങ്ങളായി ‘സഹോദരങ്ങളെ കൊന്നൊടുക്കുന്ന സായുധ നാടകത്തിന്‍റെ ക്രൂരമായ അരങ്ങായി’ മാറിയിട്ടുണ്ടെന്ന് പാപ്പാ ഖേദപൂര്‍വ്വം പ്രസ്താവിച്ചു. വിശ്വാസ്തതയോടും നിശ്ചയദാര്‍ഢ്യത്തോടുംകൂടെ സമാധാനത്തിനായുള്ള കരുനീക്കുവാനും,
ഈ പ്രദേശത്തിന്‍റെ സുസ്ഥിരമായ വികസനം യാഥാര്‍ത്ഥ്യമാക്കുവാനുമുള്ള എല്ലാമാര്‍ഗ്ഗങ്ങളും അടിയന്തിരമായി സ്വീകരിക്കണമെന്നും ജനനേതാക്കളോട് പാപ്പാ അഭ്യര്‍ത്ഥിച്ചു. മതത്തെ ചൂഷണംചെയ്യുകയും, മനുഷ്യാന്തസ്സിനെ അവഹേളിക്കുകയും തരംതാഴ്ത്തുകയും ചെയ്യുന്ന എല്ലാത്തരത്തിലുമുള്ള മൗലികവാദങ്ങളും, ഭീകരപ്രവര്‍ത്തനങ്ങളും ഇല്ലായ്മചെയ്യാന്‍ പ്രധാനമായും മതാന്തര - സാംസ്ക്കാരികാന്തര സംവാദത്തിലൂടെ പരിശ്രമിക്കണമെന്നും
പാപ്പാ നിര്‍ദേശിച്ചു. മനുഷ്യജീവനെ ആദരിക്കുകയും, മതസ്വാതന്ത്ര്യവും ധാര്‍മ്മികസ്വാതന്ത്ര്യവും മാനിക്കുകയും ചെയ്യുന്ന വിവിധ മതവിശ്വാസികളുടെയും പ്രസ്താനങ്ങളുടെയും ഐക്യാര്‍ഢ്യത്തിലൂടെ - മതമൗലികവാദത്തെയും അതിന്‍റെ അധിക്രമങ്ങളെയും ചെറുക്കുകയും അപലപിക്കുകയും ചെയ്യണമെന്ന് പാപ്പാ അഭ്യര്‍ത്ഥിച്ചു. അങ്ങനെ മാത്രമേ, ഫലപുഷ്ടിയുള്ള ഈ പ്രദേശത്ത് പ്രകൃതിയെ സംരക്ഷിച്ചും സഹോദരങ്ങളെ ആദരിച്ചും വളര്‍ന്നാല്‍ എല്ലാവര്‍ക്കും ഒരുമയോടെ അവിടെ ജീവിക്കുവാന്‍ സാധിക്കുമെന്ന് പാപ്പാ സമ്മേളനത്തെ ആഹ്വാനംചെയ്തു.

യുദ്ധത്തിന്‍റെയും കലാപത്തിന്‍റെയും പാതവെടിഞ്ഞ് മദ്ധ്യപൂര്‍വ്വദേശത്തെ രാഷ്ട്രങ്ങളും ജനതകളും, മതസമൂഹങ്ങളും, രാഷ്ട്രീയസംഖ്യങ്ങളും ‘കാലികമായ ക്രൂരതയുടെ കുത്തൊഴുക്കിന്‍റെ ഗതി’മാറ്റുവാനും, സമാധാനത്തിന്‍റെയും സംവാദത്തിന്‍റെയും, നീതിയുടെയും മനുഷ്യാന്തസ്സിന്‍റെയും മാര്‍ഗ്ഗം കൈക്കൊള്ളണമെന്നും മതനേതാക്കളെ പാപ്പാ ഉദ്ബോധിപ്പിച്ചു.

ഇക്കാലഘട്ടത്തിന്‍റെ ക്രൂരവും ഗുരുതരവുമായ അധികമങ്ങള്‍ക്ക് ദൃക്സാക്ഷികളാണു നാം. പ്രത്യേകിച്ച്, സിറിയയിലും ഇറാക്കിലും ഭീകരപ്രവര്‍ത്തനങ്ങളും അധിക്രമങ്ങളും, മനുഷ്യാവകാശത്തിന്‍റെയും നിയമങ്ങളുടെയും സകല പരിധികളും അധിക്രമിച്ചുകൊണ്ട് ഇന്നാട്ടിലെ വംശീയ സമൂഹങ്ങളോട് - പ്രത്യേകിച്ച് ഇവിടത്തെ ന്യൂനപക്ഷങ്ങളായ ക്രൈസ്തവരോടും യാസ്ദി മുസ്ലീങ്ങളോടും ഏറ്റവും ക്രൂരമായിട്ടാണ് വിമതര്‍ പെരുമാറുന്നതെന്ന് പാപ്പാ ഖേദപൂര്‍വ്വം ചൂണ്ടിക്കാട്ടി. ജീവനും വിശ്വാസവും സംരക്ഷിക്കാന്‍ ആയിരങ്ങളാണ് സ്വന്തമായിട്ടുള്ളതെല്ലാം ഉപേക്ഷിച്ച് പുറപ്പെട്ടുപോയിരിക്കുന്നതും, അയല്‍നാടുകളില്‍ അഭയംതേടിയിരിക്കുന്നതുമെന്ന് പാപ്പാ വിസ്തരിച്ചു. വന്‍അഭയാര്‍ത്ഥി സമൂഹത്തെയാണ് തുര്‍ക്ക് സ്വീകരിച്ചിരിക്കുന്നതെന്ന വസ്തുത പാപ്പാ എടുത്തുപറഞ്ഞു. മാനുഷികമായ ഈ അടിയന്തിരാവസ്ഥയെ തുണയ്ക്കുവാന്‍ അന്താരാഷ്ട്ര സമൂഹത്തിന് ധാര്‍മ്മികമായ വലിയ കടപ്പാടുണ്ട്. നിര്‍ദ്ദോഷികളെ കൂട്ടക്കൊലചെയ്യുകയും പീഡിപ്പിക്കുകയും നാടുകടത്തുകയും ചെയ്ത അധിക്രമങ്ങളോടും അതിന്‍റെ കാരണങ്ങളോടും നിസംഗഭാവം പുലര്‍ത്തുവാനോ നോക്കി നില്ക്കുവാനോ നമുക്കാവില്ല. അനീതിപ്രവര്‍ത്തിക്കുന്ന അധിക്രമിയെ നമുക്ക് തടയാമെങ്കിലും, എപ്പോഴും അന്താരാഷ്ട്രനിയമങ്ങള്‍ മാനിച്ചുകൊണ്ടും, ഏറെ ദുരന്തങ്ങള്‍ സൃഷ്ടിക്കാവുന്ന സൈനിക പ്രതിരോധം ഉപേക്ഷികൊണ്ടുമായിരിക്കണം അധര്‍മ്മികളോടു പ്രതികരിക്കാനെന്ന് പാപ്പാ രാഷ്ട്രനേതാക്കളോട് ആഹ്വാനംചെയ്തു.

വിശപ്പും രോഗവും ഇല്ലാതാക്കി, ജനങ്ങളുടെ സുസ്ഥിതി വികസനം യാഥാര്‍ത്ഥ്യമാക്കേണ്ടതും, പ്രകൃതിയെ സംരക്ഷിക്കേണ്ടതും, ദാരിദ്ര്യമകറ്റി പാവങ്ങളെ തുണയ്ക്കേണ്ടതും ഇന്നിന്‍റെ അടിയന്തിര ആവശ്യമാണ്. എന്നാല്‍ തുണയ്ക്കുന്ന കരങ്ങള്‍കൊണ്ടുതന്നെ ആരും ആര്‍ക്കും ഒരിക്കലും ആയുധങ്ങള്‍ നല്കരുതെന്നും സാമൂഹ്യനേതാക്കളോട് പാപ്പാ അപേക്ഷിച്ചു.

ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ തന്ത്രപ്രാധാന്യംകൊണ്ട് മദ്ധ്യപൂര്‍വ്വദേശത്ത് തുര്‍ക്കിക്ക് വലിയ ഉത്തരവാദിത്വവും സ്ഥാനവുമുണ്ടെന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു. സംസ്ക്കാരങ്ങളുടെ സംഗമത്തിലൂടെയും സംവാദത്തിലൂടെയും സമൃദ്ധിയുടെ ഈ മണ്ണില്‍, മദ്ധ്യപൂര്‍വ്വദേശത്ത് സ്ഥായിയായ സമാധാനവും വികസനവും യാഥാര്‍ത്ഥ്യമാക്കാന്‍ തുര്‍ക്കിക്ക് വലിയപങ്കുണ്ടെന്നു പ്രസ്താവിച്ചുകൊണ്ടും, രാഷ്ട്രനേതാക്കളെ അനുസമരിപ്പിച്ചുകൊണ്ടുമാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.









All the contents on this site are copyrighted ©.