2014-11-27 19:30:59

തുര്‍ക്കിയിലേയ്ക്കുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ
സാഹോദര്യത്തിന്‍റെയും സഭൈക്യത്തിന്‍റെയും
അപ്പസ്തോലിക യാത്ര


27 നവംബര്‍ 2014, വത്തിക്കാന്‍
തന്‍റെ സഹോദരന്‍ അന്ത്രയോസിനെ സന്ദര്‍ശിക്കാന്‍ പോകുന്ന പത്രോസിന്‍റെ യാത്രപോലെയാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ തുര്‍ക്കിയിലേയ്ക്കുള്ള അപ്പസ്തോലിക സന്ദര്‍ശനമെന്ന്, വത്തിക്കാന്‍ റേഡിയോ പ്രോഗ്രാം ഡയറക്ടര്‍, അന്ത്രയാ കൊപ്രോസ്ക്കി പറഞ്ഞു.

നവംബര്‍ 27-ാം തിയതി ബുധനാഴ്ച നല്കിയ വാര്‍ത്താസമ്മേളനത്തിലാണ്, പാപ്പാ ഫ്രാന്‍സിസിന്‍റെ വെള്ളിയാഴ്ച ആരംഭിക്കുന്ന തുര്‍ക്കി സന്ദര്‍ശനത്തെ,
ചരിത്രത്തില്‍ തുടരുന്ന സാഹോദര്യത്തിന്‍റെയും സഭൈക്യസംവാദത്തിന്‍റെയും പതറാത്ത പരിശ്രമമാണെന്ന് ഫാദര്‍ കൊപ്രോസ്ക്കി വിശേഷിപ്പിച്ചത്.

ഗലീലിയയിലെ ബദ്സൈദായില്‍ നിന്നുമുള്ള മുക്കുവ സഹോദരങ്ങളായിരുന്നു ക്രിസതുവിന്‍റെ അരുമശിഷ്യരായി തീര്‍ന്ന, പത്രോസും, ഇളയവന്‍ അന്ത്രയോസെന്നും, പിന്നെ പ്രേഷിതതീക്ഷണതയില്‍ അവര്‍ ലോകത്തിന്‍റെ പടിഞ്ഞാറും കിഴക്കും അതിര്‍ത്തികളില്‍ സഭകള്‍ സ്ഥാപിച്ചു എന്നത് ചരിത്രമാണെന്നും ഫാദര്‍ കൊപ്രോസ്ക്കി ചൂണ്ടിക്കാട്ടി.

സ്ഥലകാല സീമകളില്‍ അകന്നുപോയ സഹോദരബന്ധം ഊട്ടിയുറപ്പിക്കുവാനും, സാധിക്കുമെങ്കില്‍ സഭൈക്യത്തിലേയ്ക്ക് നയിക്കുവാനുമുള്ള ജ്യോഷ്ഠസഹോദര സ്നേഹത്തോടെയാണ് നവംബര്‍ 28-മുതല്‍ 30-വരെ തിയതികളില്‍ പാപ്പാ ഫ്രാന്‍സിസ് തുര്‍ക്കി സന്ദര്‍ശിക്കുന്നതെന്നും ഫാദര്‍ കൊപ്രോസ്ക്കി പ്രസ്താവിച്ചു.

നവംബര്‍ 30-ന് ആചരിക്കപ്പെടുന്ന വിശുദ്ധ അന്ത്രരയോസിന്‍റെ തിരുനാളുമായി സംഗമിക്കുന്ന പത്രോസിന്‍റെ പിന്‍ഗാമിയുടെ, പാപ്പാ ഫ്രാന്‍സിസിന്‍റെ 6-ാമത്തെ അപ്പസ്തോലിക പര്യടനമാണിതെന്നും ഫാദര്‍ കൊപ്രോസ്ക്കി പറഞ്ഞു.

വെള്ളിയാഴ്ച തലസ്ഥാന നഗരമായ അങ്കാറില്‍വച്ചുള്ള രാഷ്ടനേതാക്കളുമായുള്ള കൂടിക്കാഴ്ച, ശനിയാഴ്ച്ചത്തെ ഈസ്താംബൂള്‍ സന്ദര്‍ശനവും സമൂഹബലിയര്‍പ്പണവും ഒഴിച്ചാല്‍,
മൂന്നാം ദിനമായ ഞായറാഴ്ച കിഴക്കിന്‍റെ ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കിസ്, ബര്‍ത്തലോമ്യോ പ്രഥമനുമായുള്ള കൂടിക്കാഴ്ച, വിശുദ്ധ അന്ത്രയോസ് അപ്പസ്തോലന്‍റെ തിരുനാളില്‍ ഫാനാര്‍ ഓര്‍ത്തഡോക്സ് കത്തിഡ്രല്‍ ദേവാലയത്തിലെ പ്രാര്‍ത്ഥനയിലുള്ള പങ്കാളിത്തം എന്നീ സഭൈക്യപരമായ ഇനങ്ങളാണ് പാപ്പായുടെ അടുത്ത അപ്പസ്തോലിക തീര്‍ത്ഥാടനത്തിലെ മുഖ്യഇനങ്ങളെന്നും ഫാദര്‍ കൊപ്രോസ്ക്കി വ്യക്തമാക്കി.

വിശുദ്ധ പത്രോസിന്‍റെ തിരുനാളില്‍ കിഴക്കന്‍ ഓര്‍ത്തഡോക്സ് സഭാപ്രതിനിധികള്‍ വത്തിക്കാനില്‍ എത്തി സഭൈക്യപരമായി നടത്തുന്ന സന്ദര്‍ശനത്തോട് പ്രതികരിച്ചുകൊണ്ട് വത്തിക്കാനില്‍നിന്നുമുള്ള പ്രതിനിധി സംഘം ആണ്ടുതോറും വിശുദ്ധ അന്ത്രയോസ് അപ്പോസ്തോലന്‍റെ തിരുനാളില്‍ പങ്കെടുക്കുവാന്‍ തുര്‍ക്കിയില്‍ എത്തുന്ന എക്യുമേനിക്കല്‍ സംരംഭങ്ങള്‍ നിലനില്ക്കെയാണ്, ഇക്കുറി പാപ്പാ ഫ്രാന്‍സിസ് തന്നെ തുര്‍ക്കിയിലുള്ള ഓര്‍ത്തഡോക്സ് സഭാ കേന്ദ്രത്തിലെത്തുന്നതെന്നും ഫാദര്‍ കൊപ്രോസ്ക്കി പറഞ്ഞു.

രണ്ടാം വത്തിക്കാന്‍ സൂനഹദോസില്‍ തുടക്കമിട്ട സഭൈക്യസംരംഭങ്ങള്‍ (Ecumenism) ശക്തിപ്രാപിക്കുന്നതിന്‍റെ പ്രതീകമാണ് ഇരുപക്ഷവും പ്രകടമാക്കുന്ന സൗഹൃദ സന്ദര്‍ശനങ്ങളും സംവാദവും സഹകരണവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബുധനാഴ്ച രാവിലെ വത്തിക്കാനില്‍ നടന്ന പൊതുകൂടിക്കാഴ്ചാ പരിപാടിയുടെ അന്ത്യത്തില്‍ തുര്‍ക്കിയിലേയ്ക്കുള്ള തന്‍റെ അപ്പോസ്തോലിക യാത്രയുടെ വിജയത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് പാപ്പാ വിശ്വാസികളോട് അഭ്യര്‍ത്ഥിക്കുകയുണ്ടായി.









All the contents on this site are copyrighted ©.