2014-11-27 19:48:58

അഴിമതിയുടെ അഴിഞ്ഞാട്ടത്തിലാണ്
ജനതകള്‍ നശിച്ചത്


27 നവംബര്‍ 2014, വത്തിക്കാന്‍
അഴിമതിയുടെ അഴിഞ്ഞാട്ടത്തിലാണ് ജനതകള്‍ നശിച്ചതെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.

നവംബര്‍ 27-ാം തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി, സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

പാപപങ്കിലമായ ബാബിലോണിന്‍റെ വിനാശം ആദ്യവായനയില്‍നിന്നും അനുസ്മരിച്ച പാപ്പാ, ലൂക്കായുടെ സുവിശേഷത്തില്‍നിന്നും ക്രിസ്തുവിനെ തിരസ്ക്കരിച്ച ജരൂസലേമിന്‍റെ പതനത്തെക്കുറിച്ചും വചനസമീക്ഷയില്‍ പരാമര്‍ശിച്ചു.

സാമ്പത്തിക അഴിമതി മാത്രമല്ല, ലൗകായത്വത്തിന്‍റെയും പാപത്തിന്‍റെതുമായ അഴിമതിയുടെയും നവമായ കോലങ്ങള്‍ ഇന്ന് ലോകത്തെ കാര്‍ന്നു തിന്നുന്നുണ്ടെന്നും വിനാശത്തിലേയ്ക്ക് വലിച്ചിഴക്കുന്നുണ്ടെന്നും വചനചിന്തയില്‍ പാപ്പാ ചൂണ്ടിക്കാട്ടി.

വിനാശത്തിന്‍റെ കഥകള്‍ക്കു മുന്നിലും, പ്രതിസന്ധികള്‍ക്കു മദ്ധ്യേയും ക്രൈസ്തവന്‍ നിരാശനാകരുതെന്നും, സഭയോടു ചേര്‍ന്ന് ക്രൈസ്തവര്‍ മുന്നോട്ടു ചരിക്കേണ്ടത് പ്രത്യാശയുടെ വാഗ്ദാനങ്ങളിലാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. ഭീരുക്കളാവാതെ, വിഷാദത്തില്‍ ആഴ്ന്നുപോകാതെ ശിരസ്സുയര്‍ത്തി രക്ഷയുടെ വാഗ്ദാനങ്ങള്‍ക്കനുസൃതമായി ജീവിക്കുവാനും, സ്വര്‍ഗ്ഗീയ വിരുന്നിന് യോഗ്യരാകുവാനുമാണ് ക്രിസ്തു ഇന്ന് വചനത്തിലൂടെ നമ്മെ അനുസ്മരിപ്പിക്കുന്നതെന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാപ്പാ തന്‍റെ വചനചിന്തകള്‍ ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.