2014-11-26 19:42:59

സ്ത്രീപീഡനം ലോകത്തിലെ
ഏറ്റവും സംഘടിതമായ അടിമത്വം


26 നവംബര്‍ 2014, ന്യൂയോര്‍ക്ക്
ലോകത്തെ ഏറ്റവും സംഘടിതമായ അടിമത്വമാണ് സ്ത്രീപീഡനമെന്ന് ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറല്‍, ബാന്‍ കി മൂണ്‍ പ്രസ്താവിച്ചു.

നവംബര്‍ 25-ാം തിയതി യുഎന്‍ ആചരിച്ച സ്ത്രീകള്‍ക്കെതിരായ അധിക്രമങ്ങള്‍ ഇല്ലാതാക്കുവാനുള്ള ദിനാചരണത്തില്‍ The UN Day for Violation against women ഇറക്കിയ സന്ദേശത്തിലാണ് ബാന്‍ കി മൂണ്‍ ഇങ്ങനെ പ്രസ്താവിച്ചത്.

രാജ്യാതിര്‍ത്തികളോ, സാമൂഹ്യ-സാമ്പത്തിക-സാംസ്ക്കാരിക മേഖകളുടെ പരിമിതികളോ ഇല്ലാതെ ലോകത്തെവിടെയും നടമാടുന്ന ഭീതിദമായ അനീതിയും അധിക്രമവുമാണ് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായി വളര്‍ന്നു വരുന്ന സംഘടിതമായ അധിക്രമങ്ങളെന്ന് ബാന്‍ കി മൂണ്‍ കുറ്റപ്പെടുത്തി.

200 പെണ്‍കുട്ടികള്‍ നൈജീരിയയില്‍നിന്നും തട്ടിക്കൊണ്ടുപോകപ്പെട്ടത് ഈ വര്‍ഷത്തിലാണെന്നും, ഇറാക്കിലെ കാലാപത്തിന്‍റെ പശ്ചാത്തലത്തില്‍ മാനഭംഗപ്പെടുത്തലിന്‍റെയും ലൈംഗിക ചൂഷണത്തിന്‍റെയും കഥകള്‍ക്ക് കൈയ്യും കണക്കുമില്ലെന്നും, രണ്ടു ഇന്ത്യക്കാരായ പെണ്‍കുട്ടികള്‍ മാനഭംഗപ്പെടുത്തിയ ശേഷം കൊന്നു തൂക്കിയിട്ട സംഭവവുമെല്ലാം മനുഷ്യകുലത്തിനു തന്നെ അപമാനകരമാണെന്ന് ബാന്‍ കി മൂണ്‍ പ്രസ്താവിച്ചു.

പൊതുമേഖലയിലും സാമൂഹ്യരംഗത്തും സ്ത്രീകള്‍ക്കെതിരായ അധിക്രമങ്ങള്‍ ഇല്ലായ്മചെയ്യുന്നതിനു സ്വീകരിച്ചിരിക്കുന്ന പ്രായോഗിക നടപടിക്രമങ്ങളും ബാന്‍ കി മൂണ്‍ സന്ദേശത്തില്‍ വിവരിക്കുന്നുണ്ട്.

ഐക്യരാഷ്ട്രസഭയുടെ ആസ്ഥാന മന്ദിരം, എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ് ഓറഞ്ചു നിറത്തില്‍ തെളിഞ്ഞു നില്ക്കുന്നതിനുള്ള സംവിധാനങ്ങള്‍ സ്ത്രീപീഡനത്തില്‍നിന്നു വിട്ടുനില്ക്കുന്നതിനുള്ള അടയാളമായി മൂണ്‍ ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ക്കെതിരായ അധിക്രമങ്ങളെ അപലപിക്കുക, ജോലിസ്ഥലങ്ങളിലെ വിവേചനം ഇല്ലാതാക്കുക, ഭവനങ്ങളില്‍ സ്ത്രീകള്‍ മാത്രം ചെയ്യുന്ന തൊഴിലുകള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുക എന്നിങ്ങനെയുള്ള പ്രായോഗിക നടപടിക്രമങ്ങളും സ്വീകരിച്ചിട്ടുണ്ടെന്ന് ബാന്‍ കി മൂണ്‍ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.

സ്ത്രീകള്‍ക്കെതിരായ പീഡനങ്ങളും വിവേചനവും, അധിക്രമങ്ങള്‍ ശക്ഷിക്കപ്പെടില്ലെന്ന ധാരണയും മാറ്റിയെടുക്കേണ്ടതാണെന്നും, സ്ത്രീകളെ സംരക്ഷിക്കാനും അവര്‍ക്കനുകൂലമായ നീതിയുടെ ചുറ്റുപാടുകള്‍ സൃഷ്ടിക്കുന്നതിനും പുരുഷനമാരുടെ രംഗത്തിറങ്ങണമെന്നും മൂണ്‍ സന്ദേശത്തിലൂടെ അഭ്യര്‍ത്ഥിച്ചു.









All the contents on this site are copyrighted ©.