2014-11-26 16:46:22

തുര്‍ക്കി സന്ദര്‍ശനം സഭൈക്യപരമായ
അപ്പസ്തോലിക തീര്‍ത്ഥാടനം


26 നവംബര്‍ 2014, വത്തിക്കാന്‍
തുര്‍ക്കിയിലേയ്ക്കുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പസ്തോലിക യാത്ര സഭൈക്യപരമാണെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.
നവംബാര്‍ 28-മുതല്‍ 30-വരെ - വെള്ളി ശനി ഞായര്‍ ദിവസങ്ങളിലാണ്
പാപ്പാ ഫ്രാന്‍സിസ് മദ്ധ്യപൂര്‍വ്വദേശ രാജ്യമായ തുര്‍ക്കി സന്ദര്‍ശിക്കുന്നത്.

വെള്ളിയാഴ്ച തലസ്ഥാന നഗരമായ അങ്കാറില്‍വച്ചുള്ള രാഷ്ടനേതാക്കളുമായുള്ള കൂടിക്കാഴ്ച, ശനിയാഴ്ച്ചത്തെ ഈസ്താംബൂല്‍ സന്ദര്‍ശനവും സമൂഹബലിയര്‍പ്പണവും ഒഴിച്ചാല്‍,
മൂന്നാം ദിനമായ ഞായറാഴ്ച കിഴക്കിന്‍റെ ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കിസ്, ബര്‍ത്തലോമ്യോ പ്രഥമനുമായുള്ള കൂടിക്കാഴ്ച, വിശുദ്ധ അന്ത്രയോസ് അപ്പസ്തോലന്‍റെ തിരുനാളില്‍ ഫാനാര്‍ ഓര്‍ത്തഡോക്സ് കത്തിഡ്രല്‍ ദേവാലയത്തിലെ പ്രാര്‍ത്ഥനയിലുള്ള പങ്കാളിത്തം എന്നീ സഭൈക്യപരമായ ഇനങ്ങളാണ് പാപ്പായുടെ അടുത്ത അപ്പസ്തോലിക തീര്‍ത്ഥാടനത്തിലെ മുഖ്യഇനങ്ങളെന്നും റോമില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഫാദര്‍ ലൊമ്പാര്‍ഡി ചൂണ്ടിക്കാട്ടി.

വിശുദ്ധ പത്രോസിന്‍റെ തിരുനാളില്‍ കിഴക്കന്‍ ഓര്‍ത്തഡോക്സ് സഭാപ്രതിനിധികള്‍ വത്തിക്കാനില്‍ എത്തി സഭൈക്യപരമായി നടത്തുന്ന സന്ദര്‍ശനത്തോട് പ്രതികരിച്ചുകൊണ്ട് വത്തിക്കാനില്‍നിന്നുമുള്ള പ്രതിനിധി സംഘം ആണ്ടുതോറും വിശുദ്ധ അന്ത്രയോസ് അപ്പോസ്തോലന്‍റെ തിരുനാളില്‍ പങ്കെടുക്കുവാന്‍ തുര്‍ക്കിയില്‍ എത്തുന്ന എക്യുമേനിക്കല്‍ സംരംഭങ്ങള്‍ നിലനില്ക്കെയാണ്, ഇക്കുറി പാപ്പാ ഫ്രാന്‍സിസ് തന്നെ തുര്‍ക്കിയിലുള്ള ഓര്‍ത്തഡോക്സ് സഭാ കേന്ദ്രത്തിലെത്തുന്നതെന്നും ഫാദര്‍ ലൊമ്പാര്‍ഡി ചൂണ്ടിക്കാട്ടി.

രണ്ടാം വത്തിക്കാന്‍ സൂനഹദോസില്‍ തുടക്കമിട്ട സഭൈക്യസംരംഭങ്ങള്‍ (Ecumenism) ശക്തിപ്രാപിക്കുന്നതിന്‍റെ പ്രതീകമാണ് ഇരുപക്ഷവും പ്രകടമാക്കുന്ന സൗഹൃദസന്ദര്‍ശനങ്ങളും സംവാദവും സഹകരണവുമെന്ന് ഫാദര്‍ ലൊമ്പാര്‍ഡി വ്യക്തമാക്കി.

ബുധനാഴ്ച രാവിലെ വത്തിക്കാനില്‍ നടന്ന പൊതുകൂടിക്കാഴ്ചാ പരിപാടിയുടെ അന്ത്യത്തില്‍ തുര്‍ക്കിയിലേയ്ക്കുള്ള തന്‍റെ അപ്പോസ്തോലിക യാത്രയുടെ വിജയത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് പാപ്പാ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു.
പത്രോസ് തന്‍റെ സഹോദരന്‍ അന്ത്രയോസിനെ സന്ദര്‍ശിക്കുന്നതുപോലെയാണ്,
താന്‍ ഓര്‍ത്തഡോക്സ് സഭാ ആസ്ഥാനത്തേയ്ക്ക് യാത്രചെയ്യുന്നതെന്നും, തുര്‍ക്കിയുടെ രാഷ്ട്രീയ ഐക്യത്തിനായും പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയുണ്ടായി.








All the contents on this site are copyrighted ©.