2014-11-25 18:30:37

കുടുംബങ്ങള്‍ക്ക് അനുയോജ്യമായ
പരിസരങ്ങള്‍ സൃഷ്ടിക്കാന്‍
രാഷ്ട്രങ്ങള്‍ക്കു കടപ്പാടുണ്ട്


25 നവംബര്‍ 2014, വത്തിക്കാന്‍
നവംബര്‍ 25-ാം തിയതി ചൊവ്വാഴ്ച ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗിലെ യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രവര്‍ത്തക സമിതി അംഗങ്ങളെ അഭിസംബോധനചെയ്തു നല്കിയ പ്രഭാഷണത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

യൂറോപ്യന്‍ കമ്മിറ്റിയുടെ സെക്രട്ടറി ജനറല്‍, തൊജോണ്‍ ജഗലാണ്ടിന്‍റെ നേതൃത്വത്തിലുള്ള ഹ്രസ്വമായ സ്വീകരണച്ചടങ്ങിനെ തുടര്‍ന്ന് പാപ്പാ യൂറോപ്യന്‍ സമിതിയുടെ സമ്മേളനവേദിയിലേയ്ക്ക് ആനീതനായി. ജഗലാണ്ടിന്‍റെ സ്വാഗതാശംസയെ തുടര്‍ന്ന് പാപ്പാ പ്രഭാഷണം ആരംഭിച്ചു.

യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ പ്രവര്‍ത്തക സമിതിയുടെ 65-ാം വാര്‍ഷികമാണെന്ന കാര്യം അനുസ്മരിച്ചുകൊണ്ടാണ് പ്രഭാഷണം ആരംഭിച്ചത്. യൂറോപ്യന്‍ യൂണിയന്‍റെ ആപ്തവാക്യം, ‘നാനാത്വത്തില്‍ ഏകത്വ’മെന്നതാണ് - Unity in diversity എന്ന് അനുസ്മരിപ്പിച്ചുകൊണ്ട് പാപ്പാ തുടക്കമിട്ടു. എന്നാല്‍ ഈ ഏകത്വം, അല്ലെങ്കില്‍ ഐക്യം രാഷ്ട്രീയ, സാമൂഹ്യ, സാങ്കേതിക കാര്യങ്ങളിലുള്ള ഐക്യമോ ഏകതാനതയോ അല്ല. മറിച്ച് മാനവകുലത്തിന്‍റെ ഐക്യവും ഐക്യദാര്‍ഢ്യവുമാണ് ഇവിടെ വിവക്ഷിക്കുന്നത്. ഓരോ രാഷ്ട്രങ്ങളും അതിന്‍റേതായ വ്യക്തിഗത, പാരമ്പര്യങ്ങളും മൂല്യങ്ങളും മാനിച്ചുകൊണ്ട്. യൂറോപ്യന്‍ യൂണിയന്‍റെ ഘടനയിലും സംവിധാനത്തിലും.... സ്ഥാപനത്തിന്‍റെ ലക്ഷൃത്തില്‍ അന്തര്‍ലീനമായിരിക്കുന്ന ആഗോളഐക്യത്തിന്‍റെയും വിശ്വസാഹോദര്യത്തിന്‍റെയും ലക്ഷൃം മാനിക്കണമെന്ന് പാപ്പാ അനുസ്മരിപ്പിച്ചു. തുടര്‍ന്ന്, രാഷ്ട്രങ്ങളില്‍ ഐക്യത്തിന്‍റെ സന്തുലിതാവസ്ഥ തകര്‍ക്കുന്ന ഘടകങ്ങള്‍ എന്തെല്ലാമെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. ഭരണഘടനയിലുള്ള നാമമാത്രമായ ജനപങ്കാളിത്തം, സമ്പന്നരെയും ഫലപ്രാപ്തിയുള്ളവരെയും മാത്രം കേന്ദ്രീകരിച്ചുള്ള പദ്ധതികളില്‍ പാവങ്ങളെയും ബലഹീനരെയും ഒഴിവാക്കി നിര്‍ത്തുന്ന പ്രവണത, ജനശക്തിയും അതിന്‍റെ പ്രവര്‍ത്തന ശേഷിയും മാനിക്കാത്ത രാഷ്ട്രീയം, ആഗോളവീക്ഷണമുള്ള സാമ്പത്തിക വ്യവസ്ഥിതിക്കു പകരം സമ്പന്നരായ ബഹുരാഷ്ട്ര കുത്തക കമ്പനികളെ തുണയ്ക്കുന്ന രാഷ്ട്രീയ നയങ്ങള്‍... - എന്നിങ്ങനെയുള്ള ഐക്യത്തിനു വിഘാതമായ ഘടകങ്ങളെ പാപ്പാ എണ്ണിയെണ്ണിപ്പറഞ്ഞു.

സമൂഹത്തിന്‍റെ അടിത്തറയായ കുടുംബങ്ങള്‍ വളരുവാന്‍ അനുയോജ്യമായ ജീവിതപരിസരങ്ങള്‍ സൃഷ്ടിക്കണമെന്നും, അഭേദ്യവും അവിഭക്തവുമായ ദാമ്പത്യബന്ധങ്ങള്‍, മക്കളുടെ ക്രമമായ വളര്‍ച്ച, യുവതലമുറയ്ക്ക് പ്രത്യാശപകരുന്ന സംരംഭങ്ങള്‍ എന്നിവ ഇന്നിന്‍റെ ആവശ്യമാണെന്നും പാപ്പാ പ്രസ്താവിച്ചു. അതിനു സഹായകമാകുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്കൂളുകള്‍, യൂണിവേഴ്സിറ്റികള്‍, ശാസ്ത്ര-ഗവേഷണ സ്ഥാപനങ്ങള്‍, പ്രകൃതിയുടെയും പരിസ്ഥിതിയുടെയും സംരക്ഷണം, പ്രകൃത്യോര്‍ജ്ജങ്ങളുടെ സംസ്ക്കരണവും ശരിയായ ഉപയോഗവും എന്നീ പ്രായോഗിക പ്രതിവിധികളായും യൂറോപ്യന്‍ സമിതിയെ പാപ്പാ ചൂണ്ടിക്കാട്ടി.

പരിസ്ഥിതി മനുഷ്യബന്ധിയാണ്. അത് മനുഷ്യാസ്തിത്വത്തിന്‍റെ അടിസ്ഥാനഘടകം തന്നെയാണെന്നും, അതിനാല്‍ പരിസ്ഥിതിയെ നാം സംരക്ഷിക്കുമ്പോള്‍, അത് മനുഷ്യകുലത്തെത്തന്നെയാണ് പരിരക്ഷിക്കുന്നതെന്നും പാപ്പാ പ്രസ്താവിച്ചു.

തുടര്‍ന്ന് പാപ്പാ തൊഴിലിന്‍റെ മഹാത്മ്യത്തെക്കുറിച്ചും, അന്തസ്സിനെക്കുറിച്ചും പ്രതിപാദിച്ചു. തൊഴില്‍ സാദ്ധ്യത വളര്‍ത്തത്തക്ക വിധത്തില്‍ കമ്പോളവും കമ്പോളവ്യവസ്ഥിതികളും ക്രമീകരിച്ചുകൊണ്ട് മനുഷ്യന് അനുയോജ്യമായ സാമൂഹ്യപരിസ്ഥിതി വ്യവസായ മേഖലയില്‍ വളര്‍ത്തണമെന്നും പാപ്പാ സമ്മേളനത്തെ അനുസ്മരിച്ചു. മനുഷ്യനെ ചൂഷണംചെയ്യാത്ത തൊഴിലും, കുടുംബങ്ങളുടെയും കുട്ടികളുടെയും യുവജനങ്ങളുടെ വളര്‍ച്ചയും സുസ്ഥിതിയും ഉറപ്പുവരുത്തുന്ന വിദ്യാഭ്യാസവും, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സംവിധാനവും ഇന്നിന്‍റെ ആവശ്യമാണെന്ന് പാപ്പാ സമ്മേളനത്തോട് ആഹ്വാനംചെയ്തു.

യൂറോപ്പിലെ കുടിയേറ്റ പ്രതിഭാശത്തിന്‍റെ പശ്ചാത്തലത്തില്‍ മദ്ധ്യധരണി ആഴി ‘ശ്മശാന’മാക്കപ്പെടരുതെന്ന് പാപ്പാ നേതാക്കളോട് അഭ്യര്‍ത്ഥിച്ചു. തദ്ദേശീയ നിയമങ്ങളും, അവകാശങ്ങളും സംസ്ക്കാരത്തനിമയും മാനിക്കുമ്പോഴും... സംരക്ഷിക്കുമ്പോഴും വിവിധ കാരണങ്ങളാല്‍ കുടിയേറാന്‍ നിര്‍ബന്ധിതരായവരോട് അനുഭാവം കാണിക്കുകയും,
അവരെ മാനുഷികതയില്‍ രാഷ്ട്രങ്ങളില്‍ സ്വീകരിക്കുകയും വേണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
കുടിയേറ്റത്തിന്‍റെ ഉറവിടങ്ങളായ രാഷ്ട്രങ്ങളും ആതിഥേയ രാഷ്ട്രങ്ങളും തമ്മില്‍ ന്യായമായ രാഷ്ട്രീയബന്ധങ്ങള്‍ സ്ഥാപിച്ചുകൊണ്ടായിരിക്കണം, വിഘടിച്ചുകൊണ്ടല്ലാത്ത രാഷ്ട്രീയ നയങ്ങളിലൂടെ കുടിയേറ്റക്കാരെ ഉള്‍ക്കൊള്ളേണ്ടതെന്ന് പാപ്പാ ആവശ്യപ്പെട്ടു.

യൂറോപ്യന്‍ യൂണിയനില്‍ ഇനിയും അംഗമാകാന്‍ ആഗ്രഹിക്കുന്ന, ബാള്‍ക്കന്‍ പോലുള്ള ചെറിയ മെഡിറ്ററേനിയന്‍ രാഷ്ട്രങ്ങളുടെ അഭ്യര്‍ത്ഥന മാനിക്കണമെന്നും, മതമൗലികവാദത്തിന്‍റെയും ഭീകരപ്രവര്‍ത്തനങ്ങളുടെയും പിടിയില്‍പ്പെട്ടു കഴിയുന്ന രാജ്യങ്ങളെയും അവിടുത്തെ നിര്‍ദോഷികളായ ജനങ്ങളെയും പിന്‍തുണയ്ക്കമെന്നും പാപ്പാ അഭ്യര്‍ത്ഥിച്ചു. അങ്ങനെ സമാധാനം വളര്‍ത്തുന്ന ഭൂഖണ്ഡമാവട്ടെ യൂറോപ്പെന്ന് പാപ്പാ ആശംസിച്ചു.
Photo : The General Secretary of the European Committee with Pope Francis Thorbjørn Jagland








All the contents on this site are copyrighted ©.