2014-11-22 20:11:46

സുറിയാനി പാരമ്പര്യത്തിന്‍റെ
രക്ഷിതാക്കളാണ്
ചാവറയച്ചനും യൂപ്രാസ്യാമ്മയുമെന്ന്
കര്‍ദ്ദിനാള്‍ സാന്ദ്രി


22 നവംബര്‍ 2014, റോം
നവംബര്‍ 23-ാം തിയതി ഞായറാഴ്ച വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധപദ പ്രഖ്യാപനത്തിന് ഒരുക്കമായി റോമിലെ മേരി മേജര്‍ ബസിലിക്കയില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തപ്പെടുകയുണ്ടായി. രണ്ടായിരത്തോളം കേരളീയരായ വിശ്വാസകള്‍ പങ്കെടുത്തു. കേരളത്തിലെ പൗരസ്ത്യ സഭാദ്ധ്യക്ഷന്മാരായ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് മാര്‍ ആലഞ്ചേരി, ബസീലിയോസ് മാര്‍ ക്ലീമിസ്, എന്നിവര്‍ക്കൊപ്പം മലയാളികളായ മറ്റു സഭാദ്ധ്യക്ഷന്മാരും വൈദികരും സന്ന്യസ്തരും വിശുദ്ധപദപ്രഖ്യാപനത്തിന് ഒരുക്കമായുള്ള പ്രാര്‍ത്ഥനാ ശുശ്രൂഷയില്‍ പങ്കെടുത്തു. പ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ പൗരസ്ത്യസഭാ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ ലിയനാര്‍ദോ സാന്ദ്രി സന്ദേശം നല്കി.

ആഗോള സഭ ആഘോഷിക്കുന്ന വിശുദ്ധപദ പ്രഖ്യാപനത്തിലൂടെ ആറു പുണ്യാത്മക്കളെയാണ് പാപ്പാ ഫ്രാന്‍സിസ് വിശുദ്ധരുടെ പട്ടികയില്‍ ചേര്‍ക്കുന്നത്.
അതില്‍ രണ്ടു പേര്‍ കേരളത്തില്‍നിന്നുമുള്ള സീറോ മലബാര്‍ സഭാംഗങ്ങളാണ്. വിശുദ്ധാത്മാക്കളായ ചാവറയച്ചനും യൂപ്രാസ്യാമ്മയും നമുക്കായി സ്വര്‍ഗ്ഗീയ പാത തെളിച്ചവരാണ്. അവരുടെ ദൈവസ്നേഹത്തിന്‍റെയും ഉപവിയുടെയും ജീവിതമാണ് ഈ സ്വര്‍ഗ്ഗീയ ശോഭയുടെ പിന്നില്‍ കാണുന്നത്. നാം അംഗങ്ങളായിരിക്കുന്ന ദൈവരാജ്യത്തിന്‍റെ അടയാളമാണ് ഈ വിശുദ്ധര്‍ ജീവിച്ച പുണ്യങ്ങളും സഹോദരസ്നേഹവും.

പുരാതനവും പൗരസ്ത്യവുമായ സുറിയാനി പാരമ്പര്യത്തില്‍ വളരുകയും അത് കേരളത്തിലെ സീറോ മലബാര്‍ സഭയില്‍ വളര്‍ത്താന്‍ പരിശ്രമിച്ചവരുമാണ് ചാവറയച്ചനും യൂപ്രാസ്യാമ്മയും. ക്രൈസ്തവികതയുടെ കേന്ദ്രത്തില്‍നിന്നും വ്യതിചലിച്ചു പോകാതെ ക്രിസ്തീയ പാരമ്പര്യങ്ങളുടെ വൈവിധ്യങ്ങളെ തിരിച്ചറിഞ്ഞവരാണവര്‍. അപ്പസ്തോലന്മാര്‍ കൈമാറിയ സത്യവിശ്വാസവും കൃപാസ്പര്‍ശവുമാണ് ബലഹീനരും അയോഗ്യരുമായ നമ്മെ വിശുദ്ധിയിലേയ്ക്ക് ഉയര്‍ത്തുവാന്‍ പ്രാപ്തരാക്കുന്നത്. ഈ പുണ്യാത്മാക്കളുടെ വിശുദ്ധപദ പ്രാപ്തിയില്‍ നമുക്ക് ആനന്ദിക്കാം അഭിമാനിക്കാം, കാരണം ഇന്നത്തെ നമ്മുടെ ജീവിതവഴികള്‍ നേരും സത്യവുമാണെന്ന് തെളിയിക്കുകയാണ് പുണ്യാത്മാക്കളായ ചാവറയച്ചനും യൂപ്രാസ്യാമ്മയും.

കര്‍മ്മലീത്താ ആത്മീയതയാണ് ചാവറയച്ചനെയും യൂപ്രാസ്യാമ്മയെയും വിശുദ്ധപദത്തിലെത്തിച്ചത്.
അത് പ്രഥമതഃ. ദൈവത്തെ അന്വേഷിച്ചുള്ള നിരന്തരവും നിശ്ചയദാര്‍ഢ്യത്തോടെയുമുള്ള പ്രാര്‍ത്ഥനയുടെ പാരമ്പര്യമാണ്. ഏലിയാ പ്രവാചകനെപ്പോലെ മാംസം ധരിച്ച വചനമായ സജീവ ദൈവത്തെ ധ്യാനിച്ചുകൊണ്ടാണ് അവര്‍ ദൈവത്തിന്‍റെ തിരുമുഖം അന്വേഷിച്ചത്. ഈ അന്വേഷണത്തിന്‍റെയും വിശ്വാസ തീക്ഷ്ണതയുടെയും ചൈതന്യം രണ്ടുപേരും അവര്‍ ജീവിച്ച പരിശുദ്ധ ദിവ്യകാരുണ്യത്തോടുള്ള ഭക്തിയില്‍ പ്രകടമാക്കിയിട്ടുണ്ട്.

അതുപോലെ ജീവിതവെല്ലുവിളികളും പ്രതിസന്ധികളും നേരിടുന്നതില്‍ ഈ വിശുദ്ധര്‍ പ്രകടമാക്കിയ ദൈവസ്നേഹത്തിന്‍റെ തീക്ഷ്ണത അവര്‍ ജീവിച്ച കര്‍മ്മലീത്താ ആത്മീയതയാണ് തെളിയിക്കുന്നത്.
ഏലിയാ പ്രവര്‍ചകന്‍ കര്‍മ്മലമലയില്‍ ബാലിന്‍റെ പ്രവാചകന്മാരുമായി നേരിട്ട പ്രതിസന്ധികളെയാണ് ഇത് അനുസ്മരിപ്പിക്കുന്നത്. അതുപോലെ ഈ രണ്ടു നവവിശുദ്ധരും - ചാവറയച്ചനും യൂപ്രേസ്യാമ്മയും വളരെ ചെറുപ്രായത്തിലെ കലവറയില്ലാതെ തങ്ങളുടെ ജീവിതം സമ്മാനമായി ദൈവത്തിനു സമര്‍പ്പിച്ചു. അങ്ങനെയാണ് ചാവറയച്ചന്‍ യുവവൈദികനായിരുന്നപ്പോള്‍ തന്നെ പ്രേഷിതരംഗത്ത് സജീവമായി പ്രത്യക്ഷപ്പെട്ടതും, തദ്ദേശീയമായൊരു സന്ന്യാസസമൂഹത്തിന് രൂപംകൊടുത്തത്. അതുപോലെ യൂപ്രാസിയാമ്മയും സമ്പൂര്‍ണ്ണ സമര്‍പ്പണത്തിന്‍റെ പാതയില്‍ പ്രാര്‍ത്ഥനയിലൂടെ ദൈവത്തില്‍ ആശ്രയിച്ച് പ്രലോഭനങ്ങളെ അതിജീവിച്ചാണ് സന്ന്യാസത്തില്‍ തന്നെത്തന്നെ ദൈവത്തിന് സ്വീകാര്യയാക്കിയത്. ആത്മാക്കളുടെ രക്ഷയിലൂടെ ദൈവമഹത്വം ആര്‍ജ്ജിക്കുക എന്നതായിരുന്നു രണ്ടുപേരുടെയും തീക്ഷ്ണമായ നിയോഗം. ‘ആത്മാനുരഞ്ജനം’ (Compunction of the Soul) എന്ന ചാവറയച്ചന്‍റെ കൃതി അദ്ദേഹത്തിന്‍റെ വ്യക്തിഗത തീക്ഷ്ണതയും സഹോദരങ്ങളുമായി പങ്കുവയ്ക്കാന്‍ വെമ്പല്‍കൊണ്ട പ്രേഷിതദൗത്യവും വെളിപ്പെടുത്തുന്നു.

കൂടുതല്‍ നന്മചെയ്യുവാനും ആത്മാക്കളുടെ രക്ഷ കൂടുതലായി സാധിതമാക്കുന്നതിനും തന്‍റെ ഹൃദയത്തില്‍ എരിഞ്ഞ പ്രേഷിതദൗത്യം മറ്റു സഹോദരങ്ങളുമായി പങ്കുവയ്ക്കണമെന്ന ബോധ്യം അദ്ദേഹത്തിന്‍റെ മനസ്സിലുദിച്ചു. അതുപോലെ യൂപ്രാസ്യാമ്മയില്‍ എരിഞ്ഞ പ്രേഷിതതീക്ഷ്ണത നല്ലൊരു മഠാധിപയും, സന്ന്യാസാര്‍ത്ഥികളുടെ പരിശീലകയും, സമര്‍പ്പിതയുമായി ജീവിക്കാന്‍ പ്രേരകമായി. അതുവഴി വിശുദ്ധിയുടെ ഫലങ്ങള്‍ തന്നില്‍ത്തന്നെയും മറ്റുള്ളവരിലും ഉളവാക്കുവാന്‍ യൂപ്രാസ്യാമ്മയ്ക്കും സാധിച്ചു. ക്രൈസ്തവ ജീവിതസമര്‍പ്പണത്തെയും വിശ്വസ്തതയെയും മെച്ചപ്പെടുത്തുവാന്‍ ഈ പുണ്യാത്മാക്കള്‍ പ്രചോദനമാവട്ടെ. ക്രിസ്തുവിനോടു ചേര്‍ന്നു നടക്കാന്‍ വിശ്വാസപാതയിലെ മാര്‍ഗ്ഗദര്‍ശികളാണ് സഭയുടെ ഈ നവവിശുദ്ധര്‍. അഭിമാനിക്കാം, ആഹ്ലാദിക്കാം. ദൈവത്തിനു നന്ദിയര്‍പ്പിക്കാം. ഈ പുണ്യാത്മാക്കല്‍ തെളിച്ച എളിമയുടെയും സഹോദരസ്നേഹത്തിന്‍റെയും ജീവിതപാതയില്‍ നമുക്കും ചരിക്കാം!








All the contents on this site are copyrighted ©.