2014-11-22 18:16:41

നിത്യതയുടെ മാനദണ്ഡം
സഹോദരസ്നേഹം


RealAudioMP3
വിശുദ്ധ മത്തായി 25, 31-46 അവസാനവിധി
മനുഷ്യപുത്രന്‍ എല്ലാ ദൂതന്മാരോടുംകൂടെ മഹത്വത്തില്‍ എഴുന്നള്ളുമ്പോള്‍ അവിടുന്ന് തന്‍റെ മഹിമയുടെ സിംഹാസനത്തില്‍ ഉപവിഷ്ടനാകും. അവിടുത്തെ മുമ്പില്‍ എല്ലാ ജനതകളും ഒരുമിച്ചു കൂട്ടപ്പെടും. ഇടയന്‍ ചെമ്മരിയാടുകളെ കോലാടുകളില്‍നിന്നു വേര്‍തിരിക്കുന്നതുപോലെ അവിടുന്ന് അവരെ തമ്മില്‍ വേര്‍തിരിക്കും. അവിടുന്ന് ചെമ്മരിയാടുകളെ തന്‍റെ വലത്തു വശത്തും കോലാടുകളെ ഇടത്തുവശത്തും നിറുത്തും. അനന്തരം രാജാവ് തന്‍റെ വലത്തു ഭാഗത്തുള്ളവരോട് അരുളിച്ചെയ്യും. എന്‍റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍, ലോകസ്ഥാപനം മുതല്‍ നിങ്ങള‍ക്കായി സജ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിന്‍. എന്തെന്നാല്‍ എനിക്കു വിശന്നു, നിങ്ങള്‍ ഭക്ഷിക്കാന്‍ തന്നു. എനിക്കു ദാഹിച്ചു, നിങ്ങള്‍ കുടിക്കുവാന്‍ തന്നു. ഞാന്‍ പരദേശിയായിരുന്നു. നിങ്ങന്‍ എന്നെ സ്വീകരിച്ചു. ഞാന്‍ നഗ്നനായിരുന്നു. നിങ്ങള്‍ എന്നെ ഉടുപ്പിച്ചു. ഞാന്‍ രോഗിയായിരുന്നു. എന്നെ നിങ്ങള്‍ സന്ദര്‍ശിച്ചു. ഞാന്‍ കാരാഗൃഹത്തിലായിരുന്നു, നിങ്ങള്‍ എന്‍റെ അടുക്കല്‍ വന്നു. അപ്പോള്‍ നീതിമാന്മാര്‍ ഇങ്ങനെ മറുപടി പറയും. കര്‍ത്താവേ, അങ്ങയെ വിശക്കുന്നവനായിക്കണട് ഞങ്ങള്‍ ആഹാരം നല്‍കിയതും ദാഹിക്കുന്നവനായി കണട് കുടിക്കാന്‍ നല്‍കിയതും എപ്പോഴാണ്. നിന്നെ പരദേശിയായിക്കണട് സ്വീകരിച്ചതും നഗ്നനായിക്കണട് ഉടുപ്പിച്ചതും എപ്പോഴാണ്. നിന്നെ ഞങ്ങള്‍ രാഗാവസ്ഥയിലോ കാരഗൃഹത്തിലോ കണ്ടു സന്ദര്‍ശിച്ചത് എപ്പോള്‍. രാജാവു മറുപടി പറയും. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. എന്‍റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്തുതന്നത്.

അനന്തരം അവിടുന്ന് തന്‍റെ ഇടത്തു ഭാഗത്തുള്ളവരോടു പറയും. ശപിക്കപ്പെട്ടവരേ,
നിങ്ങള്‍ എന്നില്‍ നിന്നകന്ന് പിശാചിനും അവന്‍റെ ദൂതന്മാര്‍ക്കുമായി സജ്ജമാക്കിയിരിക്കുന്ന നിത്യാഗ്നിയിലേയ്ക്കു പോകുവിന്‍. എന്തെന്നാല്‍ എനിക്കു വിശന്നു, നിങ്ങള്‍ ആഹാരം തന്നില്ല. എനിക്കു ദാഹിച്ചു നിങ്ങള്‍ കുടിക്കാന്‍ തന്നില്ല. ഞാന്‍ പരദേശിയായിരുന്നു. നിങ്ങള്‍ എന്നെ സ്വീകരിച്ചില്ല. ഞാന്‍ നഗ്നനായിരുന്നു. നിങ്ങള്‍ എന്നെ ഉടുപ്പിച്ചില്ല. രാഗാവസ്ഥയിലും കാരാഗൃഹത്തില്‍ കഴിയുന്നവനോ ആയി കണ്ടുതും നിനക്കു ശ്രൂഷചെയ്യാതിരുന്നതും എപ്പോഴാണ്. അവിടുന്നു മറുപടി പറയും. സത്യംമായി ഞാന്‍ നിങ്ങളോടു പറയുന്നു,
ഈ ഏറ്റവും എലിയവരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്യാതിരുന്നപ്പോള്‍ എനിക്കു തന്നെയാണു ചെയ്യാതിരുന്നത്. ഇവര്‍ നിത്യശിക്ഷയിലേയ്ക്കും നീതിമാന്മാര്‍ നിത്യജീവനിലേയ്ക്കും പ്രവേശിക്കും.

നവംബര്‍ 23-ാം തിയതി ഞായറാഴ്ച വത്തിക്കാനില്‍ നടക്കുന്ന സവിശേഷമായ ചടിങ്ങില്‍ ആഗോളസഭയിലെ ആറു പുണ്യാത്മാക്കളെ പാപ്പാ ഫ്രാന്‍സിസ് വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തുകയാണ്. അതില്‍ രണ്ടു പേര്‍ മലായളക്കരുയുടെ അഭിമാനങ്ങളാണ് – ചാവറയച്ചനും യൂപ്രേസ്യാമ്മയും. ദൈവസ്നേഹം സഹോദരസ്നേഹമായി പകര്‍ത്തിക്കൊണ്ട് തങ്ങളുടെ എളിയ ജീവിതങ്ങള്‍ മനുഷ്യര്‍ക്ക്, ചുറ്റുമുള്ള സഹോദരങ്ങള്‍ക്ക്, വിശിഷ്യ പാവങ്ങളായവര്‍ക്ക് നന്മയായി പങ്കുവച്ചുകൊണ്ട് കടന്നുപോയവരാണവര്‍.


ഈ പുണ്യാത്മാക്കള്‍ പകര്‍ന്നു തന്ന വിശുദ്ധിയുടെ പരിമളം ഇന്ന് അവര്‍ ഭാഗമായിരുന്ന രണ്ട് തദ്ദേശീയ സന്ന്യാസ സഭാ സമൂഹങ്ങളിലൂടെ, - സിഎംഐ, സിഎംസി.-സഭകളിലൂടെ കേരളത്തിലും ഇന്ത്യയിലും മാത്രമല്ല, ലോകമെമ്പാടും പ്രസരിക്കുന്നു.
രണ്ടുപേരും നിത്യതയെ ലക്ഷൃമാക്കി ഈ ഭൂമിയില്‍ ജീവിച്ചവരാണെന്ന് നിരീക്ഷിക്കാവുന്നതാണ്. ചാവറയച്ചന്‍ ജീവിതത്തിന്‍റെ അവസാനവര്‍ഷങ്ങള്‍ ചിലവഴിച്ചതും സ്വര്‍ഗ്ഗംപൂകിയതുമായ കൊച്ചിയില്‍ കൂനമ്മാവിലുള്ള ആശ്രമവും അദ്ദേഹം ജീവിച്ച മുറിയും സന്ദര്‍ശിക്കാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്. ചാവറയച്ചന്‍റെ മുറിയിലെ ഫലകത്തില്‍ കോറിയിട്ട വാക്യം ശ്രദ്ധേയമാണ്. ‘ഇത് എന്‍റെ താല്ക്കാലിക ഭവനമാണ്.’
അതുപോലെ തൃശ്ശൂര്‍ അടുത്ത് ഒല്ലൂരുള്ള മഠനത്തില്‍ പുണ്യവതിയായ യൂപ്രാസ്യാമ്മയെ കാണുവാന്‍ ചെന്നവരൊക്കെ യാത്രപറയുമ്പോള്‍ അമ്മ പ്രത്യുത്തരിച്ചിരുന്നത്, ‘മരിച്ചാലും മറക്കില്ലട്ടോ....’ എന്നായിരുന്നു. രണ്ടു പുണ്യാത്മാക്കളും സഹോദരങ്ങള്‍ക്കൊപ്പം വിശ്വസ്തതയോടെ ജീവിച്ചപ്പോഴും ലക്ഷൃംവച്ചത്, ദൈവസന്നിധിയിലെ, ദൈവികൈക്യത്തിലുള്ള നിത്യതയുടെ ജീവിതമായിരുന്നു. അതായിരുന്നു ഈ ധന്യാത്മാക്കളുടെ വിശുദ്ധിയുടെ പൊരുള്‍ എന്നുവേണം മനസ്സിലാക്കാന്‍. മനുഷ്യര്‍ക്ക് നന്മചെയ്തു ജീവിക്കാന്‍ അവര്‍ക്ക് ഉത്തേജനമായത്, മരണാനന്തരമുള്ള ദൈവവികജീവനിലുള്ള പങ്കാളിത്തത്തിന്‍റെ ബോധവും വിശ്വാസവുമായിരുന്നു. സ്നേഹം വെളിപ്പെടുത്തുന്ന കാര്യക്ഷമമായ മാര്‍ഗ്ഗം ത്യാഗമാണ്, ജീവിതക്കുരിശുകളാണ്. അപരനില്‍ ഊന്നിനില്‍ക്കുന്ന പ്രവൃത്തിയാണ് സ്നേഹമെന്ന് നവവിശുദ്ധരായ ചാവറയച്ചനും യൂപ്രാസ്യാമ്മയും നമ്മെ അനുസ്മരിപ്പിക്കുന്നു.

എനിക്കെന്തു കിട്ടുമെന്നോ, എനിക്കെന്തു സംഭിവിക്കുമെന്നോ ചിന്തിക്കുന്നതിലും ഉപരിയായി, എന്‍റെ സഹോദരനും സഹോദരിക്കും എന്തു സംഭിവിക്കുമെന്നും, അവള്‍ക്കും അവനുംവേണ്ടി എനിക്കെന്തു ചെയ്യാനാകും എന്നുമാണ് യാഥാര്‍ത്ഥത്തില്‍ നാം ചിന്തിക്കേണ്ടത്. ‘ഞാന്‍ സനേഹിച്ചതുപോലെ നിങ്ങളും സ്നേഹിക്കുവിന്‍,’ എന്നാണ് ക്രിസ്തു പഠിപ്പിച്ചത്. നാം സ്വന്തമായി മെനഞ്ഞെടുക്കേണ്ടതോ, ആരംഭം കുറിക്കേണ്ടതോ അല്ല സ്നേഹം. കാരണം, ദൈവം നമ്മെ സ്നേഹിക്കുന്നതുകൊണ്ടാണ് നാം ജീവിക്കുന്നത്! ദൈവം സൗജന്യമായി തന്നതാണീ സ്നേഹം. (1 യോഹ. 4, 10). സ്നേഹം ദൈവത്തില്‍നിന്നുള്ളതാണ്.

സൂര്യന്‍ എല്ലാവര്‍ക്കും ഒരുപോലെ വെളിച്ചം നല്കുന്നു. കൊച്ചുവീട്ടിലും വലിയവീട്ടിലും, ചെറിയവര്‍ക്കും വലിയവര്‍ക്കും ഒരുപോലെയാണത്. ദുഷ്ടന്‍റേയും ശിഷ്ടന്‍റേയും മേല്‍ ദൈവം മഴ പെയ്യിക്കുന്നു. അളവില്ലാതെ, കണക്കില്ലാതെ അവിടുത്തെ നന്മ അനുദിനം നമുക്കു നല്കുന്നു. അത് നിര്‍ലോഭം സഹോദരങ്ങളുമായി ദൈവസ്നേഹത്തെപ്രതി പങ്കുവയ്ക്കുവാന്‍ നമുക്ക് സാധിക്കണം. നിത്യതയുടെ മാനദണ്ഡം അതാണെന്ന് ക്രിസ്തു ഇന്നത്തെ സുവിശേഷത്തിലൂടെ നമ്മെ പഠിപ്പിക്കുന്നു. ദൈവത്തെ പിതാവായി കാണാന്‍ സാധിച്ച സമ്പന്നതിയില്‍ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന് നഷ്ടപ്പെട്ടത് കുറെ പണവും, പട്ടുതുണിയും, പട്ടുശ്ശാലയുമൊക്കെയാണ്.
പിന്നെ അയാള്‍ എല്ലാറ്റിനെയും സഹോദരങ്ങളായി കാണുവാനും, സ്നേഹിക്കുവാനും, ദൈവത്തെ പിതാവായി തിരിച്ചറിയുവാനും സാധിച്ചു. ‘എവിടെ ക്ഷതമുണ്ടോ അവിടെ സാന്ത്വനം നല്കുവാനും, നല്കിയാലാണ് ലഭിക്കുന്നതെന്നും, മരിക്കുമ്പോഴാണ് ജീവനുണ്ടുകുന്നത്, എന്നെല്ലാമുള്ള വെളിച്ചം പുണ്യവാനു കിട്ടിയത് സഹോദരങ്ങള്‍ക്കായുള്ള വിശാലമായ ജീവിത സമര്‍പ്പണത്തില്‍നിന്നുമാണ്.

ആരാധനക്രമത്തില്‍ ആണ്ടുവട്ടത്തിലെ അവസാനഭാഗത്തോയ്ക്ക് നാം കടക്കുകയാണ്. അതിന്‍റെ പ്രതീകമായി ക്രിസ്തുരാജന്‍റെ മഹോത്സവം നാം ആഘോഷിക്കുന്നു. നിത്യതയെക്കുറിച്ചുള്ള ചിന്തയിലേയ്ക്കാണ് ഈ തിരുനാള്‍ നമ്മെ നയിക്കുന്നു. ‘എന്‍റെ എളിയവര്‍ക്കായി നിങ്ങള്‍ ഇതൊക്കെ ചെയ്തപ്പോള്‍ അതെല്ലാം എനിക്കു തന്നെയാണ് നിങ്ങള്‍ ചെയ്തത്,’ എന്ന ദൈവിക ദര്‍ശനമാണ്, ഇന്നത്തെ സുവിശേഷഭാഗം നല്കുന്നത്.

“ഇന്നത്തെ ലോകത്തിന്‍റെ ഭീകരമായ തിന്മയുടെയും അധിക്രമങ്ങളുടെയും
മുന്നില്‍ നില്ക്കുമ്പോള്‍, നാം ചോദിച്ചു പോകും, ‘ദൈവം ഉണ്ടോ?’ എന്ന്.
എന്നാല്‍ പുണ്യാത്മാക്കളുടെ സ്നേഹത്തിന്‍റെയും കനിവിന്‍റെയും കാരുണ്യത്തിന്‍റെയും മുന്നില്‍ നില്ക്കുമ്പോള്‍ നാം അറിയാതെ പറഞ്ഞുപോകും, ദൈവം, ദൈവം മാത്രമേ ഉള്ളൂ” എന്ന്. നിത്യചൈതന്യയതി പറഞ്ഞതാണീ വാക്കുകള്‍.
ചുറ്റുമുള്ള തിന്മയില്‍ ദൈവനിഷേധമാണ് കാണുന്നതെങ്കില്‍, ചുറ്റും കണ്ടെത്താവുന്ന നന്മയില്‍ ദൈവസ്നേഹമാണ്, ദൈവത്തെയാണ് അനുഭവിക്കുന്നത്. കല്‍ക്കട്ടയിലെ മദര്‍ തെരേസായില്‍ പാവങ്ങള്‍ അനുഭവിച്ചത് ദൈവസ്നേഹമാണ്. നവവിശുദ്ധരായ ചാവറയച്ചനും യൂപ്രാസ്യാമ്മയും മറ്റു വിശുദ്ധാത്മാക്കളും ദൈവസ്നേഹത്തിന്‍റെ പ്രകാശം പ്രസരിപ്പിച്ചവരാണ്.

വിശുദ്ധിയും നന്മയും അടങ്ങിയിരിക്കുന്നത് നാം ദൈവത്തെ സ്നേഹിക്കുന്നു എന്നതിലല്ല. മറിച്ച് നാം പാപികളായിരുന്നിട്ടും ദൈവം നമ്മെ സ്നേഹിക്കുന്നു എന്ന ബോധ്യത്തിലും വിശ്വാസത്തിലുമാണ്. അങ്ങനെ ക്രിസ്തു നമുക്ക് പകര്‍ന്നുതന്ന സ്നേഹത്തിന്‍റെ സമ്പൂര്‍ണ്ണതയാണ് നാം ജീവിക്കേണ്ടത്, പങ്കുവയ്ക്കേണ്ടത്. ക്രിസ്തു മനുഷ്യനായി അവതരിച്ചത് ചെങ്കോലും ദണ്ഡുംകൊണ്ട് ഭരണം നടത്തുന്ന രാജാവായിട്ടല്ല, സ്നേഹമാകുന്ന ദൈവത്തെക്കുറിച്ച്, മനുഷ്യരെ അറിയിക്കുവാനും ബോധ്യപ്പെടുത്തുവാനുമായിരുന്നു. രാജാവിനെപ്പോലെ ഭരിക്കാനല്ല, ഇടയനെപ്പോലെ നയിക്കുവാനും സ്നേഹിക്കുവാനുമാണ് അവിടുന്നു വന്നത്. തന്‍റെ സമൃദ്ധവും പ്രശാന്തവുമായ സ്വര്‍ഗ്ഗീയ പുല്‍പ്പുറങ്ങളിലേയ്ക്കു അടുകളെ നയിക്കാനാണ് (സങ്കീ. 23).

ക്രിസ്തു മനുഷ്യഹൃദയങ്ങളില്‍ വസിക്കുന്ന രാജാവാണ്. നമ്മുടെ ഹൃദയങ്ങളെ ഭരിക്കാന്‍ നാം അത് അവിടുത്തേയ്ക്ക് തുറന്നു കൊടുക്കേണ്ടിയിരിക്കുന്നു. അങ്ങനെ അവിടുന്നു നമ്മുടെ ജീവിതത്തില്‍ വാഴട്ടെ. അവിടുന്നു നമ്മുടെ ജീവിതത്തിന്‍റെ നാഥനായി മാറട്ടെ. ‘ക്രിസ്തു ഈ ഭാവനത്തിന്‍റെ നാഥനാണ്, രാജാവാണ്’ എന്ന് നാം ഭവനങ്ങളുടെ പടിക്കലും വാതില്‍ക്കലും എഴുതിവയ്ക്കുന്നത് യാഥാര്‍ത്ഥ്യമാവട്ടെ.

വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍ ക്രിസ്തു പറയുന്ന താലന്തുകളുടെ കഥയിലെ യജമാനന്‍ അവിടുന്നുതെന്നയാണ്, ക്രിസ്തുതന്നെയാണ്. അവിടുന്ന് നമ്മെ ഏല്പിച്ച താലന്തുകള്‍ക്ക് പരസ്നേഹം, സഹോദരസ്നേഹം എന്നൊക്കെ അര്‍ത്ഥം കൊടുക്കാവുന്നതാണ്. ദൈവം തന്ന കഴിവുകളാകുന്ന തലാന്തുകള്‍ വ്യയംചെയ്ത്, വര്‍ദ്ധിപ്പിച്ച് അത് സഹോദരങ്ങളുമായി പങ്കുവച്ചു ജീവിച്ചവരെ യജമാനന്‍ പ്രശംസിക്കുക മാത്രമല്ല, അവര്‍ക്ക് പ്രതിസമ്മാനം നല്കുന്നു. അവരെ നിത്യതയുടെ സന്തോഷത്തില്‍ സ്വീകരിക്കുന്നു. ദൈവസ്നേഹത്തോടുള്ള സ്വാഭാവികമായ പ്രതികരണത്തില്‍ ആത്മീയതയും ഭൗതികതയും തമ്മില്‍ വേര്‍തിരിവില്ല. മനുഷ്യശുശ്രൂഷയാണ് ദൈവശുശ്രൂഷ എന്ന വീക്ഷണമാണിത്. ‘What soever you do to the least of my brothers that you do unto me… എന്‍റെ എളിയവര്‍ക്ക് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍, എനിക്കുതന്നെയാണ് ചെയ്തത്...’ (മത്തായി 25, 40).


ഗാനമാലപിച്ചത് കെ. ജി. മാര്‍ക്കോസ്, ഗാനരചന ബിയാര്‍ പ്രസാദ്, സംഗീതം സണ്ണി സ്റ്റീഫന്‍
.
നിങ്ങള്‍ ഇതുവരെ ശ്രവിച്ചത് ആഗോളസഭ ആചരിക്കുന്ന ക്രിസ്തുരാജ മഹോത്സവത്തില്‍ ഫാദര്‍ വില്യം നെല്ലിക്കല്‍ പങ്കുവച്ച സുവിശേഷ ചിന്തകളാണിന്ന്.








All the contents on this site are copyrighted ©.