2014-11-19 17:54:13

അജപാലന ശ്രദ്ധ തേടുന്ന
ഓട്ടിസത്തിന്‍റെ വൈകല്യങ്ങള്‍


19 നവംബര്‍ 2014, വത്തിക്കാന്‍
‘ഓട്ടിസ’മെന്ന autism പെരുമാറ്റ വൈകല്യങ്ങളുടെ ലോകത്ത് അജപലനശ്രദ്ധ ആവശ്യമാണെന്ന് ആരോഗ്യപരിപാലകരുടെ ശുശ്രൂഷയ്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് സിഗ്മണ്ട് സിമോസ്ക്കി പ്രസ്താവിച്ചു.

നവംബര്‍ 20-മുതല്‍ 22-വരെ തിയതികളില്‍ വത്തിക്കാനില്‍ സംഗമിക്കുന്ന ‘ഓട്ടിസ’മെന്ന - ബുദ്ധിവൈകല്യരോഗം സംബന്ധിച്ച ആന്താരാഷ്ട്ര സമ്മേളനത്തെക്കുറിച്ച് (International Conference on Autism-ത്തെക്കുറിച്ച്) നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആര്‍ച്ചുബിഷപ്പ് സിമോസ്ക്കി ഇങ്ങനെ പ്രസ്താവിച്ചത്.

സാധാരണ ജനജീവിതവുമായി പൊരുത്തപ്പെട്ടു പോകുവാനുള്ള തടസ്സമാണ് ജന്മസിദ്ധമായ പെരുമാറ്റ വൈകല്യമുള്ളവരുടെ, ഓട്ടിസം രോഗികളുടെ പ്രശ്നമെന്നും,
ഇതു മനസ്സിലാക്കി അവരുമായി ഇടപഴകുവാനും, അവരില്‍ പ്രത്യാശ വളര്‍ത്തുവാനുമുള്ള മാര്‍ഗ്ഗങ്ങള്‍ ആരായുകയുമാണ് സമ്മേളന ലക്ഷൃമെന്നും ആര്‍ച്ചുബിഷപ്പ് സിമോസ്ക്കി വെളിപ്പെടുത്തി.

ശരാശരി നൂറില്‍ ഒരാള്‍ക്ക് കണ്ടുവരുന്ന വളരെ അന്യൂനവും ഓരോ രോഗിയിലും വ്യത്യസ്തമായ പെരുമാറ്റ വൈകല്യമായി പ്രത്യേക്ഷപ്പെടുന്നതുമായ ഈ രോഗം ആഗോളതലത്തില്‍ വൈദ്യശാസ്ത്ര-ശാസ്ത്ര പരിഗണന ലഭിക്കേണ്ടതാണെന്നും, റോമില്‍ നടത്തിയ വാര്‍‍ത്താ സമ്മേളനത്തില്‍ ആര്‍ച്ചുബിഷപ്പ് സിമോസ്ക്കി വ്യക്തമാക്കി.

ഓട്ടിസം ചികിത്സയില്‍ വ്യാപൃതരായിരിക്കുന്ന മറ്റ് പ്രസ്ഥാനങ്ങള്‍,
ആഗോള രോഗപ്രതിരോധ മാര്‍ഗ്ഗങ്ങള്‍, ഈ മേഖലയില്‍ ലോക ആരോഗ്യ സംഘടനയുടെ സംഭാവന, യൂറോപ്യന്‍ യൂണിയന്‍റെ പഠനങ്ങള്‍ എന്നിവ സമ്മേളനം വിശദീകരിക്കുകയും വിലയിരുത്തുകയും ചെയ്യുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ആര്‍ച്ചുബിഷപ്പ് സിമോസ്ക്കി വെളിപ്പെടുത്തി.








All the contents on this site are copyrighted ©.