2014-11-17 10:24:33

കഴിവുകള്‍ വര്‍ദ്ധിപ്പിച്ചും പങ്കുവച്ചും
ജീവിക്കേണ്ടത് അസ്തിത്വപരമായ ആവശ്യം


17 നവംബര്‍ 2014, വത്തിക്കാന്‍
നവംബര്‍ 16-ാം തിയതി വത്തിക്കാനിലെ ത്രികാലപ്രാര്‍ത്ഥന പരിപാടിയില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ സന്ദേശത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ :

ക്രിസ്തു പറഞ്ഞ താലന്തുകളുടെ ഉപമയാണ് പാപ്പാ ഫ്രാന്‍സിസ് ധ്യാനവിഷയമാക്കിയത്. (മത്തായി 25, 14-30). യാത്രയ്ക്കു പോകും മുന്‍പ് യജമാനന്‍ ഭൃത്യന്മാരെ വിളിച്ച് തന്‍റെ സ്വത്തുക്കള്‍ സൂക്ഷിക്കാനായി അവരെ ഏല്പിക്കുന്നു. അക്കാലത്ത് ഒരു ‘താലന്ത്’ എന്നു പറയുന്നത് വലിയ മൂല്യമുള്ള നാണയമായിരുന്നു. ആദ്യത്തെ ഭൃത്യന് അഞ്ചും, രണ്ടാമത്തേവന് രണ്ടും കൊടുത്തു. മൂന്നാമതൊരുവനെ ഒരു താലന്തും ഏല്പിച്ചു. ആദ്യത്തെ രണ്ടുപേര്‍ തങ്ങള്‍ക്കു കിട്ടിയ സമ്പത്ത് വ്യയംചെയ്ത് വര്‍ദ്ധിപ്പിച്ചെടുത്തു. കിട്ടിയത് നഷ്ടപ്പെടാതിരിക്കാന്‍ മൂന്നാമന്‍ അതു കൊണ്ടുപോയി കുഴിച്ചിട്ടു. നാളുകള്‍ക്കു ശേഷം യജമാനന്‍ തിരിച്ചുവന്ന് കണക്കുചോദിച്ചു. ആദ്യത്തെ രണ്ടുപേര്‍ നേടിയത് യജമാനനെ ഏല്പിച്ചു. യജമാനന്‍ അവരെ അഭിനന്ദിച്ച്, പ്രതിസമ്മാനങ്ങള്‍ നല്കി. എന്നാല്‍ താന്‍ കൊടുത്ത താലന്ത് ഒന്നുംചെയ്യാതെ പൂഴ്ത്തിവച്ചവനെ യജമാനന്‍ ശകാരിക്കുകയും ശിക്ഷിക്കുകയും ചെയ്തു.

ഉപമയുടെ പൊരുള്‍ വ്യക്തമാണ്. കഥയിലെ യജമാനന്‍ ക്രിസ്തുതന്നെ. ഭൃത്യന്മാര്‍ നമ്മളും. നമുക്കുള്ളതെല്ലാം ദൈവം നല്കിയിട്ടുള്ളതും ഭരമേല്പിച്ചിട്ടുള്ളതമായ കഴിവുകളെന്നാണ് നാം മനസ്സിലാക്കുന്നത്. അവിടുത്തെ വചനവും, ദിവ്യകാരുണ്യവും, സ്വര്‍ഗ്ഗീയ പിതാവിലുള്ള വിശ്വാസവും, ക്ഷമയുടെ പാഠവുമെല്ലാം അവിടുന്ന് പൈതൃകമായി നല്കിയിട്ടുള്ളവയാണ്. അങ്ങനെ ദൈവം ഏല്പിച്ചിട്ടുള്ളതെല്ലാം വിലപ്പെട്ടതാണ്. അദ്ധ്വാനിച്ച് നാം അവ വര്‍ദ്ധിപ്പിക്കേണ്ടതും മറ്റുള്ളവരുമായി പങ്കുവയ്ക്കേണ്ടതുമാണ്.

സാധാരണ ഗതിയില്‍ താലന്ത് (Talent) എന്നു പറയുന്നത് സംഗീതം, കല, കായികം മുതലായ വക്തിക്കുള്ള സവിശേഷമായ കഴിവുകളെയാണ്.
എന്നാല്‍ സുവിശേഷക്കഥയില്‍ താലന്തുകൊണ്ട് ഉദ്ദേശിക്കുന്നത് ദൈവം നമ്മെ ഭരമേല്പിച്ചിരിക്കുന്ന കഴിവുകളാണ്. അവയെ ഉത്തരവാദിത്വത്തോടെ വര്‍ദ്ധിപ്പിക്കേണ്ടിയിരിക്കുന്നു. ഫലമണിയിക്കേണ്ടിയിരിക്കുന്നു. ഉപമയിലെ ദുഷ്ടനും അലസനുമായ ദാസന്‍ പ്രകടമാക്കുന്നത് മനുഷ്യന്‍റെ അകാരണമായ ആപച്ഛങ്കയും, നല്ലതു ചെയ്യുന്നതിനുള്ള സന്ദേഹവുമാണ്. ഇങ്ങനെയുള്ള ഭീതി ജീവിതത്തിലെ ക്രിയാത്മകതയും സ്നേഹത്തിന്‍റെ ഫലമണിയുവാനുള്ള സാദ്ധ്യതയും ഇല്ലാതാക്കുന്നു. ജീവിതത്തില്‍ സ്നേഹത്തിനുള്ള പ്രതിബന്ധമാണ് സന്ദേഹവും ഭീതിയും. ക്രിസ്തു നമ്മില്‍ വര്‍ഷിക്കുന്ന കൃപാവരം സൂക്ഷിച്ചുവയ്ക്കുവാനോ പൂഴ്ത്തിവയ്ക്കുവാനോ ഉള്ളതല്ല. അവ മറ്റുള്ളവരുമായി പങ്കുവയ്ക്കുവാനുള്ളതാണ്. നമ്മുക്കുള്ളതെല്ലാം ഉപയോഗിച്ചും പങ്കുവച്ചുമാണ് നാം വളരേണ്ടത്. അങ്ങനെ കിട്ടിയ കഴിവുകള്‍ വര്‍ദ്ധിപ്പിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്. അവിടുത്തെ കാരുണ്യവും, ലാളിത്യവും, ക്ഷമയും ജീവിതത്തില്‍ ഉള്‍ക്കൊണ്ട് മറ്റുള്ളവരോടൊത്തു ജീവിക്കുകയും, അവ മറ്റുള്ളവര്‍ക്കും അനുഭവവേദ്യമാക്കുകയും വേണം.

നാം ആത്മശോധനചെയ്യേണ്ടതാണ്. നമ്മുടെ വിശ്വാസം മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നുണ്ടോ? എത്ര പേര്‍ക്ക് ഞാന്‍ പ്രത്യാശ പകരുന്നുണ്ട്? എത്രത്തോളും നാം സഹോദരങ്ങളുമായി അല്ലെങ്കില്‍ അയല്‍ക്കാരുമായി ഉള്ളതില്‍നിന്നും പങ്കുവയ്ക്കുന്നുണ്ട്? നമ്മുടെ ജീവിത പരിസരങ്ങള്‍ - അത് അടുത്തുള്ളതായാലും അകലെയുള്ളതായാലും, എളപ്പുമുള്ളതോ ക്ലേശകരമോ ആയാലും –ദൈവം തന്ന കഴിവുകള്‍, താലന്തുകള്‍ ഉപയോഗിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യേണ്ട വേദിയാണത്. ക്രൈസ്തവസാന്നിദ്ധ്യം അംഗീകരിക്കാത്ത മേഖലകളില്‍പ്പോലും നമ്മുടെ കഴിവുകളും സുവിശേഷ മൂല്യങ്ങളും ഉദാരമായി പങ്കുവയ്ക്കുകയും ജീവിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. ക്രിസ്തു നമ്മോട് ആവശ്യപ്പെടുന്ന സാക്ഷൃം തുറവുള്ളതും സജീവവുമാണ്. അതിനാല്‍ അവ നഷ്ടമാകുമെന്നുള്ള ഭീതിയോ സന്ദേഹമോ ഒരിക്കലും ഒരിടത്തും നമുക്ക് ഉണ്ടാകാന്‍ പാടില്ല.

ക്രൈസ്തവന്‍ അവന്‍റെ വിശ്വാസം ഒളിച്ചുവയ്ക്കരുതെന്നാണ് ഉപമ ഉദ്ബോധിപ്പിക്കുന്നത്. ക്രിസ്തുവിലുള്ള ഐക്യവും അടയാളവും ഒരിക്കലും മറച്ചുവയ്ക്കപ്പെടരുത്. നമുക്കു ലഭിച്ചിട്ടുള്ള സുവിശേഷസന്തോഷം പൂഴ്ത്തിവയ്ക്കരുത്, മറിച്ച് അത് ജീവിച്ചുകൊണ്ട്, എല്ലാം നവീകരിക്കുവാനും, ബലപ്പെടുത്തുവാനും, ശാക്തീകരിക്കുവാനും പരിശ്രമിക്കണം. അനുരജ്ഞനത്തിന്‍റെ കൂദാശയിലൂടെ ക്രിസ്തു നല്കുന്ന മാപ്പും കാരുണ്യവും ലഭ്യമാക്കിക്കൊണ്ട്, നമ്മെ സഹോദരങ്ങളില്‍നിന്നും അകറ്റിനിര്‍ത്തുന്ന സ്വര്‍ത്ഥതയുടെ ഭിത്തികള്‍ ഭേദിച്ച്, സംവാദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പാത ക്ഷമയോടെ തുറക്കേണ്ടതാണ്. ദൈവം തന്നിരിക്കുന്ന കഴിവുകള്‍കൊണ്ട് നാം എന്താണു ചെയ്യുന്നത്? നാം അവ മെച്ചപ്പെടുത്തുന്നുണ്ടോ? മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നുണ്ടോ? അവ ജീവിതത്തില്‍ ഫലമണിയുന്നുണ്ടോ? അവയ്ക്ക് സാക്ഷൃംനല്ക്കന്നുണ്ടോ, എന്നെല്ലാം നാം അനുദിനം വിലയിരുത്തേണ്ടതാണ്.

ദൈവം തന്നിട്ടുള്ള അമൂല്യമായ സമ്പത്താണ് അവിടുത്തെ വചനവും സുവിശേഷവും, അത് നാം വായിക്കണം, പഠിക്കണം, ധ്യാനിക്കണം, പങ്കുവയ്ക്കണം. അവയുടെ മൂല്യങ്ങള്‍ സ്വാംശീകരിച്ച് ജീവിതസാക്ഷൃമാക്കണം. മത്തായിയുടെ സുവിശേഷം 25, 14-30 ഭാഗം വായിക്കണമെന്ന് വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ച ആയരിങ്ങളോട് പാപ്പാ പ്രത്യേകം അഭ്യര്‍ത്ഥിച്ചു.

ദൈവം കഴിവുകള്‍ നല്കുന്നത് എല്ലാവര്‍ക്കും ഒരുപോലെയല്ല. എന്നാല്‍ നന്മയായിട്ടുള്ളത് ദൈവം ആവശ്യാനുസ്സരണം തരുന്നുണ്ട്. ദൈവത്തിന് നമ്മില്‍ വലിയ വിശ്വാസമാണുള്ളത്. അവിടുന്ന് നമ്മില്‍ പ്രത്യാശയര്‍പ്പിക്കുന്നു. എന്നാല്‍ നമ്മുടെ മനസ്സിലെ ഭീതികൊണ്ട് അവിടുത്തെ നാം നിരാശപ്പെടുത്തരുത്. മറിച്ച് വിശ്വാസവും ആത്മധൈര്യവുംകൊണ്ട് അവിടുത്തോട് പ്രത്യുത്തരിക്കണം.

ദൈവിക പദ്ധതികളോട് പ്രത്യുത്തരിക്കുവാനുള്ള ധീരതയും ആത്മവിശ്വാസവും ജീവിതത്തില്‍ പ്രകടിപ്പിച്ചവളാണ് നസ്രത്തിലെ മറിയം. ദൈവത്തോട് മറിയം കാണിച്ച ഉദാരമായ വിധേയത്വത്തിന് മറുപടിയായി സ്വീകരിച്ച ഏറ്റവും ഉത്കൃഷ്ടമായ സമ്മാനം - ക്രിസ്തുവാണ്. ദിവ്യരക്ഷകനെ സ്വീകരിച്ച ആത്മീയധാമമാണ് മറിയം. അനുദിനജീവിതത്തില്‍ കര്‍ത്താവിന്‍റെ സന്തോഷത്തില്‍ പങ്കുചേരുവാന്‍ യോഗ്യതയുള്ള നല്ലവരും വിശ്വസ്തരുമായ ദാസരാകുന്നതിനുള്ള കൃപാവരം തരണമേ, എന്നു പരിശുദ്ധ അമ്മയോടു പ്രാര്‍ത്ഥിക്കാം, എന്ന ആഹ്വാനത്തോടെയാണ് പാപ്പാ ത്രികാല പ്രാര്‍ത്ഥന പ്രഭാഷണം ഉപസംഹരിച്ചത്.










All the contents on this site are copyrighted ©.