2014-11-13 17:15:31

മംഗലപ്പുഴയുടെ ആത്മീയാചാര്യന്‍
ധന്യനായ സക്കറയാസ് ഒസിഡി


12 നവംബര്‍ 2014, വത്തിക്കാന്‍
സ്പാനിഷ് കര്‍മ്മലീത്താ മിഷണറി, ധന്യനായ സക്കറിയാസച്ചനെ
കേരളസഭ അനുസ്മരിച്ചു.

റീത്തു ഭേദമെന്യേ കേരളത്തില്‍ വൈദികവിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നതിനുള്ള ആലുവായില്‍ മംഗലപ്പുഴ-കാര്‍മ്മല്‍ഗിരി സെമിനാരികളുടെ സ്ഥാപകനാണ് ധന്യനായ സക്കറിയാസ് ഒസിഡി.

കേരളത്തിലെ മഞ്ഞുമ്മലുളള കര്‍മ്മലീത്താശ്രമ ദേവാലയത്തില്‍ നവംബര്‍ 9-ാം തിയതി ഞായറാഴ്ച അര്‍പ്പിക്കപ്പെട്ട സമൂഹബലിയര്‍പ്പണത്തിലാണ് കേരളസഭയിലെ വൈദീകരുടെ രൂപീകരണത്തിനായി ജീവന്‍ സമര്‍പ്പിച്ച പ്രേഷിതവര്യന്‍ ധന്യനായ സക്കറിയാസ് ഓസിഡിയെ അനുസ്മരിച്ചത്.

മുമ്പൈ അതിരൂപതാദ്ധ്യക്ഷനും ഏഷ്യയിലെ മെത്രാന്‍ സമിതികളുടെ ഫെഡറേഷന്‍റെ പ്രസിഡന്‍റുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് മുഖ്യകാര്‍മ്മികത്വം വഹിച്ച ദിവ്യബലിയില്‍, കര്‍ദ്ദിനാള്‍ ബസീലിയോസ് മാര്‍ ക്ലീമിസ്, കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് മാര്‍ ആലഞ്ചേരി എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

2014 ജനുവരിയില്‍ പാപ്പാ ഫ്രാന്‍സിസ് ധന്യനായി പ്രഖ്യാപിച്ച സക്കറിയാസച്ചന്‍റെ സ്മരണാര്‍ത്ഥം അര്‍പ്പിച്ച ദിവ്യബലിയില്‍ പങ്കെടുക്കുവാന്‍ റീത്തുഭേദമില്ലാതെ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നായി 200-ല്‍ ഏറെ വൈദികരും ആയിരക്കണക്കിന് വിശ്വസികളും മഞ്ഞുമ്മല്‍ കര്‍മ്മലനാഥയുടെ ദേവാലയത്തില്‍ എത്തിയിരുന്നു.

ആഗോള കര്‍മ്മലീത്താ നിഷ്പാദുക സഭയുടെ ഡഫിനിറ്റര്‍ ജനറലും ബൈബിള്‍ പണ്ഡിതനുമായ, ഫാദര്‍ ആഗസ്റ്റിന്‍ മുള്ളൂര്‍ ഒസിഡി, ധന്യനായ സക്കറിയാസച്ചനെ അനുസമരിച്ചുകൊണ്ട് വചനപ്രഘോഷണം നടത്തി.


അഞ്പു പതിറ്റാണ്ടു കാലം നീണ്ട പ്രേഷിതജീവിതം കേരളസഭയ്ക്കും മൂന്നു റീത്തിലെ വൈദികരുടെ രൂപീകരണത്തിനുമായി ചിലവഴിച്ച പണ്ഡിതനും ദാര്‍ശനികനുമായിരുന്നു നിഷ്പാദുക കര്‍മ്മലീത്താ സഭയുടെ സ്പെയിന്‍ പ്രവിശ്യാ അംഗമായിരുന്ന സക്കറിയാസ് ഓസിഡി.








All the contents on this site are copyrighted ©.