2014-11-13 17:59:08

ഉപ്പിനെക്കാള്‍ മനുഷ്യജീവന്
വിലകുറയുന്നെന്ന് ബിഷപ്പ് ഡോമേ


13 നവംബര്‍ 2014, നൈജീരിയ
ജീവന് ഉപ്പിനെക്കാള്‍ വിലകുറയുന്നുവെന്ന്, നൈജീരിയിലെ മെത്രാന്‍
ബിഷപ്പ് ഒലിവര്‍ ഡോമേ പ്രസ്താവിച്ചു.

നൈജീരിയായുടെ വടക്കു-കിഴക്കന്‍ പ്രവിശ്യയില്‍ വര്‍ദ്ധിച്ചുവരുന്ന
‘ബൊക്കോ ഹാരാം’ ഇസ്ലാം തീവ്രവാദികളുടെ നരവേട്ട കണ്ട് മനംനൊന്താണ്,
മെഡുഗൂരി രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ഒലിവര്‍ ഡോമേ, നവബംബര്‍ 12-ന് പ്രസ്താവനയിലൂടെ ‍ഇങ്ങനെ വിലപിച്ചത്.

നിരായുധരും നിരാലംബരുമായ ഗ്രാമവാസികളെ ക്രൈസ്തവരായതിന്‍റെ പേരിലാണ് മുസ്ലിം ത്രീവ്രവാദികള്‍ ഇല്ലായ്മചെയ്യുന്നതെന്ന് ബിഷപ്പ് ഡോമേ പ്രസ്താവനയിലൂടെ വെളിപ്പെടുത്തി.

സായുധരായ മുസ്ലിം തീവ്രവാദികളുടെ മുന്നേറ്റം തടയാല്‍ കെല്പില്ലാത്ത ഭാരണകൂടവും പാവങ്ങളായ ജനങ്ങളും ബൊക്കോ ഹാരാമിന്‍റെ അധിക്രമങ്ങള്‍ക്ക് പ്രതിരോധമില്ലാതെ കീഴടങ്ങുകയാണെന്നും, വടക്കു കിഴക്കന്‍ നൈജീരിയയില്‍ യോലാ, മൈഡുഗൂരി പ്രദേശങ്ങള്‍ നശിച്ചു കഴിഞ്ഞുവെന്നും ബിഷപ്പ് ഡോമേ വെളിപ്പെടുത്തി.

ദേവാലയം വിദ്യാലയം ആശുപത്രി എന്നിവപോലുള്ള പൊതുസ്ഥാപനങ്ങള്‍ ഇല്ലായ്മചെയ്യുന്ന തീവ്രവാദികള്‍ ചെയ്യുന്ന കൊലയ്ക്കും കൊള്ളരുതായ്മയ്ക്കും കയ്യുംകണക്കുമില്ലെന്ന് ബിഷപ്പ് ഡോമേ ഖേദപൂര്‍വ്വം അറിയിച്ചു.

അഭയാര്‍ത്ഥികളാക്കപ്പെടുന്ന ജനങ്ങള്‍ കാടുകളിലേയ്ക്കും ഗുഹകളിലേയ്ക്കും, അയല്‍രാജ്യമായ ക്യാമറൂണിലേയ്ക്കുമാണ് കുടിയേറുന്നതെന്നും ബിഷപ്പ് ഡോമേ വ്യക്തമാക്കി.

സഭകളുടെ സഹായത്തിനായുള്ള സംഘടനയുടെ (Aid to the church in need)
അടിസ്ഥാന സഹായം മാത്രമാണ് നിരാലംബരായ ജനങ്ങള്‍ക്ക് ലഭിക്കുന്നതെന്നും, കൊല്ലപ്പെട്ടവരെ സംസ്ക്കാരിക്കുവാന്‍ പോലും ആരുമില്ലാത്ത അവസ്ഥയാണെന്നും ബിഷപ്പ് ഡോമേ പ്രസ്താവനിയില്‍ വിശദീകരിച്ചു.








All the contents on this site are copyrighted ©.