2014-11-10 09:37:15

സ്നേഹം ജീവിക്കേണ്ട
വിശ്വാസത്തിന്‍റെ മാതൃസ്ഥാനമാണ് സഭ
ലാറ്ററന്‍ മഹാദേവാലയത്തിന്‍റെ അനുസ്മരണം


10 നവംബര്‍ 2014, വത്തിക്കാന്‍
നവംബര്‍ 9-ാം തിയതി ഞായറാഴ്ച സഭ ആചരിച്ച ലാറ്ററന്‍ ബസിലിക്കയുടെ
സ്ഥാപനദിനത്തിന്‍റെ അനുസ്മരണത്തില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ ത്രികാലപ്രാര്‍ത്ഥനാ സന്ദേശം :
ആരാധനക്രമപ്രകാരം നാം ഇന്ന് റോമിലെ ലാറ്ററന്‍ മഹാദേവാലയത്തിന്‍റെ സമര്‍പ്പണദിനം ആഘോഷിക്കുകയാണ്. പാപ്പാ മെത്രാനായിരിക്കുന്ന റോമാ രൂപതയുടെ ഭദ്രാസന ദേവാലയമാണ്, വത്തിക്കാനില്‍നിന്നും ഏകദേശം 6 കിലോമീറ്റര്‍ അകലെയുള്ള ലാറ്ററന്‍ ബസിലിക്ക. റോമാ നഗരത്തിലെ മാത്രമല്ല, ലോകത്തെ സകല ദേവാലയങ്ങളുടെയും അമ്മയായിട്ടാണ്, ‘മാതൃസ്ഥാന’മായിട്ടാണ് ലാറ്ററന്‍ മഹാദേവാലയംമാനിക്കപ്പെടുന്നത്. ഇവിടെ അമ്മ എന്ന വാക്ക് അല്ലെങ്കില്‍ സംജ്ഞ ദേവാലയമാകുന്ന കെട്ടിടത്തെയല്ല സൂചിപ്പിക്കുന്നത്, മറിച്ച് പരിശുദ്ധാത്മാവിന്‍റെ പ്രേരണയാല്‍ റോമിലെ മെത്രാന്‍റെ ശുശ്രൂഷയിലൂടെ ലോകത്ത് യാഥാര്‍ത്ഥ്യമാകുന്ന അല്ലെങ്കില്‍ ഫലമണിയുന്ന സഭയെയാണ്, സഭാ മാതാവിനെയാണ്. അതിനാല്‍ ആഗോളസഭാ കുടുംബത്തില്‍ അമ്മയുടെ സ്ഥാനമണിയുന്ന മാതൃസ്ഥാനത്തിന്‍റെ പ്രതീകം മാത്രമാണ് ലാറ്ററന്‍ ബസിലിക്ക. സഭയുടെ ആദ്ധ്യാത്മികതയുടെ പ്രതീകമായ ഈ പുരാതന ദേവാലയത്തിന്‍റെ സ്ഥാപനത്തിരുനാള്‍ സഭാ മക്കളുടെ വിശ്വാസത്തിലുള്ള കൂട്ടായ്മയുടെ പ്രതീകമാണ്. ലോകമെമ്പാടുമുള്ള പ്രാദേശിക സഭകളും അതിന്‍റെ മെത്രാന്മാരും അജഗണങ്ങളും ചേര്‍ന്ന് പത്രോസിന്‍റെ പിന്‍ഗാമിയായ പാപ്പായോടു പ്രകടമാക്കേണ്ട വിശ്വാസൈക്യത്തിന്‍റെ ഉത്സവമാണിത്. ക്രിസ്തുവര്‍ഷം 324 നവംബര്‍ 9-ാം തിയതിയാണ് റോമിലെ ലാറ്ററന്‍ ബസിലിക്കയുടെ ആശീര്‍വ്വാദം വിശുദ്ധനായ സില്‍വസ്റ്റര്‍ പാപ്പായാണ് നിര്‍വ്വഹിച്ചത്.

കല്ലുകൊണ്ടു നിര്‍മ്മിതമായ ഈ ഭൗമിക ദേവാലയത്തിന്‍റെ അനുവര്‍ഷം ആചരിക്കുന്ന തിരുനാള്‍ നമ്മെ അനുസ്മരിപ്പിക്കേണ്ടത് ചരിത്രത്തില്‍ ജീവിക്കുകയും സജീവമാവുകയും ചെയ്യുന്ന ആത്മീയ ശ്രീകോവിലാകുന്ന സഭാമാതാവിനെയാണ്. ‘പണിക്കാര്‍ ഉപേക്ഷിച്ചു കളഞ്ഞ കല്ല് ഭവനത്തിന്‍റെ മൂലക്കല്ലാ’യെന്ന പത്രോശ്ലീഹായുടെ വാക്കുകള്‍ ഇവിടെ അന്വര്‍ത്ഥമാണ് (1 പത്രോസ് 2, 4). ‘ജീവനുള്ള കല്ലുകളാല്‍ നിര്‍മ്മിതമായ മനുഷ്യദേഹം ദൈവത്തിന്‍റെ ആലയമാണ്,’ എന്ന വലിയ സത്യമാണ് സുവിശേഷത്തിലൂടെ ക്രിസ്തു വെളിപ്പെടുത്തുന്നത് (യോഹ. 2, 13-22). പൗലോശ്ലീഹാ പഠിപ്പിച്ചിട്ടുള്ളതുപോലെ (1 കൊറി. 3, 9), ജ്ഞാനസ്നാനം സ്വീകരിച്ചവര്‍ ‘ദൈവത്തിന്‍റെ ആലയങ്ങളും അവിടുത്തെ കൂട്ടവകാശികളുമാണ്.’ ക്രിസ്തുവിന്‍റെ തിരുരക്തത്താലും പരിശുദ്ധാത്മാവിനാലും വിശുദ്ധമാക്കപ്പെട്ട ഭവനവും, സമൂഹവുമാണ് സഭ. ക്രിസ്തുവിന് സാക്ഷൃംവഹിക്കുന്ന ജീവിതത്തിലൂടെ വിശ്വാസദാനത്തില്‍ സ്ഥിരതയും ബോധ്യവുമുള്ളവര്‍ ആയിരിക്കുവാനാണ് ദൈവം നമ്മോട് ആവശ്യപ്പെടുന്നത്.

വിശ്വാസജീവിതത്തിലെ പതറാത്ത സാക്ഷൃം അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ അത് ക്രൈസ്തവ ഉത്തരവാദിത്വമാണ്. പൊള്ളയായ വാക്കുകളല്ല, സല്‍പ്രവൃത്തിയുടെ ക്രിസ്തുസാക്ഷൃമാണ് ക്രൈസ്തവധര്‍മ്മം. വിശ്വാസജീവിതത്തില്‍ ആര്‍ജ്ജിക്കേണ്ട സ്ഥിരതയ്ക്കായി നാം പരിശുദ്ധാരൂപിയോട് എന്നും പ്രാര്‍ത്ഥിക്കേണ്ടതാണ്. ക്രിസ്തു ദൈവപുത്രനും രക്ഷകനുമാണെന്ന് പ്രഘോഷിക്കുവാന്‍വേണ്ടി രൂപീകൃതമായ വിശ്വാസസമൂഹം മാത്രമല്ല സഭ, വിശ്വാസം പ്രവൃത്തിപഥത്തിലൂടെ വെളിപ്പെടുത്തുന്ന സ്നേഹത്തിന്‍റെ കൂട്ടായ്മയുമാണത്. വിശ്വാസവും സ്നേഹപ്രവൃത്തികളും രണ്ടും ഒരുമിച്ചുപോകുന്ന കാര്യങ്ങളാണ്. ഉപവി പ്രവര്‍ത്തനങ്ങളിലൂടെ ദൈവത്തിലുള്ള വിശ്വാസത്തിന് സധൈര്യം സാക്ഷൃമേകുവാനും, എളിമയോടെ വിശ്വാസം പ്രഘോഷിക്കുവാനും വിളിക്കപ്പെട്ട ജ്ഞാനസ്നാനം സ്വീകരിച്ചവരുടെ ലോകത്തിലെ സമൂഹമാണ് സഭ. അതിനാല്‍ സഭയിലെ എല്ലാം സ്ഥാപനങ്ങളും അജപാലന സംവിധാനങ്ങളും വിശ്വാസത്തില്‍ സ്നേഹത്തിന്‍റെ സാക്ഷികളാകുവാന്‍ തയ്യാറാവണം. സ്നേഹം വിശ്വാസത്തിന്‍റെ പ്രതിഫലനമാണ്. അതുപോലെ വിശ്വാസം ഉപവിക്ക്
അടിസ്ഥാനവും അതിന്‍റെ വ്യാഖ്യാനവുമാണ്.
ഭിന്നിപ്പിന്‍റെയും ശത്രുതയുടെയും ഭിത്തികള്‍ ഭേദിച്ച്, സ്നേഹത്തിന്‍റെയും പരസ്പര ധാരണയുടെയും, സംവാദത്തിന്‍റെയും പാലങ്ങള്‍ നിര്‍മ്മിക്കുവാന്‍ ക്ഷണിക്കുകയാണ് ലാറ്ററന്‍ ബസിലിക്കയുടെ തിരുനാള്‍. അങ്ങനെ നവമായ ഈ കല്പന ഉള്‍ക്കൊണ്ട് ലോകത്ത് സകലരോടും അനുരജ്ഞനത്തിന്‍റെയും പ്രത്യാശയുടെയും സന്ദേശം പങ്കുവയ്ക്കുന്ന അടയാളമായും, ജീവിതാന്തരം അനുഭവിക്കേണ്ട നിത്യതയുടെ മുന്നാസ്വാദനവുമായിരിക്കണം സഭയെന്ന് ഈ തിരുനാള്‍ നമ്മെ അനുസ്മരിപ്പിക്കുന്നു.








All the contents on this site are copyrighted ©.