2014-11-08 14:32:44

ശ്രീകോവില്‍ വിട്ടിറങ്ങുന്ന ദൈവവും
തെരുവിലറങ്ങേണ്ട സഭയും


RealAudioMP3
വി. മത്തായി 12, 1-13 (സീറോ മലബാര്‍ റീത്ത്)
സാബത്തില്‍ ക്രിസ്തു ഗോതമ്പു വയലിലൂടെ കടന്നു പോവുകയായിരന്നു. അവന്‍റെ ശിഷ്യന്മാര്‍ക്ക് വിശന്നു. അവര്‍ കതിരുകള്‍ പറിച്ചു തിന്നാന്‍ തുടങ്ങി. ഫരിസേയര്‍ ഇതുകണട് അവിടത്തോടു പറഞ്ഞു. നോക്കൂ, സാബത്തില്‍ നിഷിദ്ധമായത് നിന്‍റെ ശിഷ്യന്മാര്‍ ചെയ്യുന്നു. അവിടുന്നു പറഞ്ഞു. വിശന്നപ്പോള്‍ ദാവീദും അനുചരന്മാരും എന്താണു ചെയ്തതെന്നു നിങ്ങള്‍ വായിച്ചിട്ടില്ലേ. അവന്‍ ദേവാലയത്തില്‍ പ്രവേശിച്ച്, പുരോഹതന്മാര്‍ക്കല്ലാതെ തനിക്കോ സഹചരന്മാര്‍ക്കോ ഭക്ഷിക്കാന്‍ അനുവാദമില്ലാത്ത കാഴ്ചയപ്പം ഭക്ഷിച്ചതെങ്ങനെ? അല്ലെങ്കില്‍, സാബത്തു ദിവസം ദേവാലയത്തിലെ പുരോഹിതന്മാര്‍ സാബത്തു ലംഘിക്കുകയും അതേ സമയം കുറ്റമറ്റവരായിരിക്കുകയും ചെയ്യുന്നതെങ്ങനെയെന്ന് നിങ്ങള്‍ നിയമത്തില്‍ വായിച്ചിട്ടില്ലേ? എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു. ദേവാലയത്തെക്കാല്‍ ശ്രേഷ്ഠമായ ഒന്ന് ഇവിടെയുണ്ട്.
ബലിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നതിന്‍റെ അര്‍ത്ഥം മനസ്സിലാക്കിയിരുന്നെങ്കില്‍ നിങ്ങള്‍ നിരപരാധരെ കുറ്റം വിധിക്കുമായിരുന്നില്ല. എന്തെന്നാല്‍, മനുഷ്യപുത്രന്‍ സാബത്തിന്‍റെയും കര്‍ത്താവാണ്.

യേശു അവിടെനിന്നു യാത്രതിരിച്ച് അവരുടെ സിനഗോഗിലെത്തി. അവിടെ കരങ്ങള്‍ ശുഷ്ക്കിച്ച ഒരുവന്‍ ഉണ്ടായിരുന്നു. യേശുവില്‍ കുറ്റമാരോപിക്കണമെന്ന ഉദ്ദേശ്യത്തോടെ അവര്‍ അവിടുത്തോടു ചോദിച്ചു. സാബത്തില്‍ രോഗശാന്തി നല്‍കുന്നത് അനുവദനീയമാണോ? അവിടുന്നു പറഞ്ഞു. നിങ്ങളിലാരാണ്, തന്‍റെ ആട് സാബത്തുനാളില്‍ കുഴിയില്‍ വീണാല്‍ പിടിച്ചു കയറ്റാത്തത്?
ആടിനെക്കള്‍ എത്രയേറെ വിലപ്പെട്ടവനാണു മനുഷ്യന്‍. അതിനാല്‍, സാബത്തില്‍ നന്മ ചെയ്യുക അനുവദനീയമാണ്. അനന്തരം അവിടുന്ന് ആ മനുഷ്യനോടു പറഞ്ഞു, കൈ നീട്ടുക. അയാള്‍ കൈനീട്ടി. ഉടനെ അതു സുഖംപ്രാപിച്ച് മറ്റേ കൈപോലെയായി.

ഒത്തിരി നിലകളുള്ള കെട്ടിടത്തിന്‍റെ മുകളില്‍നിന്ന് ഒരഭ്യാസി താഴേയ്ക്ക് ചാടുവാന്‍ ഒരുങ്ങി നില്ക്കുകയാണ്. അപ്പോള്‍ അയാളോട് മാധ്യമങ്ങള്‍ ചോദിച്ചു. താങ്കളുടെ ജീവിതത്തിലെ ഏറ്റവും സംഭ്രമാത്മകമായ നിമിഷമേതായിരുന്നു. അയാള്‍ പറഞ്ഞു. ഒരിക്കല്‍ നൂറ്റിപ്പത്തു നിലകളുള്ള കെട്ടിടത്തിനു മുകളില്‍നിന്ന് ഞാന്‍ താഴോട്ടു ചാടുകയായിരുന്നു. നിലത്ത് പതിക്കാന്‍ പോകുമ്പോള്‍ ഞാന്‍ പെട്ടന്ന് ശ്രദ്ധിച്ചു. എന്താണെന്നോ? ഒരു ചെറിയ ബോര്‍ഡ് - ‘പുല്ലില്‍ ചവിട്ടരുത്’!. തകര്‍ന്നുപോയി ചങ്ങാതി, ഞാന്‍ തകര്‍ന്നുപോയി. പുല്ല്.!

ജീവിതസാഹചര്യങ്ങളില്‍ അര്‍ത്ഥശൂന്യമായ കാര്യങ്ങളെ ഓര്‍ത്തു നാം തത്രപ്പെടുകയും അവയ്ക്കു പ്രാധാന്യം കൊടുക്കുകയും ചെയ്യുന്നില്ലേ?
പൊള്ളയായ ആചാരങ്ങള്‍ എത്രമാത്രം മൃതവും ജീര്‍ണ്ണവുമായി മാറാമെന്നതിന്‍റെ ‘ഉയര്‍ന്ന’ സാദ്ധ്യതയാണ് ഇന്നത്തെ സുവിശേഷഭാഗം കാണിച്ചു തരുന്നത്. ഒരു തൊഴിലിലും ഏര്‍പ്പെട്ടുകൂടാ എന്നുള്ളതാണ് സാബത്തുനിയമം. സാബത്തെന്ന ഹീബ്രൂപദത്തിന്‍റെ അര്‍ത്ഥംതന്നെ ‘വിരാമമിടുക’ എന്നാണ് to cease, to desist. ആറുദിവസം പണിചെയ്തുകൊള്ളൂ, ഏഴാം ദിവസം വിശ്രമിക്കണം. പത്തു കല്പനയെക്കാള്‍ പഴക്കുമുണ്ട് ഈ ആചാരത്തിന്.
കാരണം, ഏഴാം ദിവസം ദൈവം വിശ്രമിച്ചെന്ന് നാം ഉല്പത്തി പുസ്തകത്തില്‍ സൃഷ്ടിയെപ്പറ്റി പരാമര്‍ശിക്കുന്നിടത്ത് വായിക്കുന്നില്ലേ. അങ്ങനെ സാബത്തില്‍ ക്രിസ്തുവിന്‍റെ ശിഷ്യന്മാര്‍ കതിര്‍ പൊട്ടിച്ചു, ജോലിചെയ്തു. സാബത്തുലംഘനമാണ് ഇവിടെ പ്രശ്നം!


വളരെ അതിശയോക്തി കലര്‍ന്ന സാബത്ത് അനുഷ്ഠാനമാണ് ക്രിസ്തുവിനെ അലോസരപ്പെടുത്തുന്നത്. വയലിലൂടെ നടന്നുപോകുമ്പോള്‍ ക്രിസ്തുവിന്‍റെ ശിഷ്യന്മാര്‍ കതിരു പൊട്ടിച്ചെടുത്തത് കൊയ്ത്തും, കൈവെള്ളയിലിട്ട് അവ തിരുമിയത് മെതിയും, ഉമികളായന്‍ ഊതിപ്പാറിച്ചത് പാറ്റലും, ആഹരിച്ചതു പാചകംചെയ്യലുമായി വ്യാഖ്യാനിക്കപ്പെട്ടു. അതുന്നെ സാബത്തു ലംഘനം... പൊള്ളയായൊരു ദുശാഠ്യം! ഇങ്ങനെ നിര്‍ത്ഥകമായി ഗൗരവത്തോടെ ജീവിതത്തില്‍ പെരുമാറുന്ന മനുഷ്യരെക്കാള്‍ അപഹാസ്യരായി മറ്റാരുമുണ്ടാവില്ല ഭൂമിയില്‍. ഇവരെയാണ് ‘ഈച്ചകളെ അരിച്ചുമാറ്റുകയും ഒട്ടകത്തെ വിഴുങ്ങുകയും ചെയ്യുന്നവര്‍’ (മത്തായി 23, 24) എന്ന് സുവിശേഷത്തില്‍ ക്രിസ്തു വിശേഷിപ്പിച്ചിട്ട്, പുഞ്ചിരിച്ചു.

എല്ലാ വിധികളുടെയും മാനദണ്ഡം മനുഷ്യന്‍ ആയിരിക്കണം, എന്നൊരു സ്വതന്ത്രപ്രഖ്യാപനം ക്രിസ്തുവിന്‍റെ സാബത്ത് വിചാരങ്ങളിലുണ്ട്. ‘സാബത്ത് മനുഷ്യനുവേണ്ടിയാണ് മനുഷ്യന്‍ സാബത്തിനുവേണ്ടിയല്ല’
(മാര്‍ക്ക് 2, 27) എന്ന മൊഴികളിലെ ആഴം എന്തൊരു സ്വാതന്ത്ര്യമാണ് സമ്മാനിക്കുന്നത്. മനുഷ്യന്‍റെ ശിരസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതാണ് സദാചാരം. അവന്‍റെ ശിരസ്സു കുനിയാന്‍ പ്രേരിപ്പിക്കുന്ന, അവനെ നിസ്സാരനാക്കി തള്ളിമാറ്റുന്ന, കൊച്ചാക്കുന്ന എന്തും, അതിന് എന്തു ദൈവിക പരിവേഷമുണ്ടെങ്കിലും അനാചാരംതന്നെ എന്നാണ് ക്രിസ്തുവിന്‍റെ പാഠം. ‘ബലിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്ന’ ഹോസയാ പ്രവാചകന്‍റെ വാക്കുകളും (ഹോസ. 6, 6) ഇവിടെ ക്രിസ്തു ഓര്‍മ്മപ്പെടുത്തുന്നത്. ദൈവത്തോട് ചേര്‍ന്നുനില്‍ക്കുന്നവന്‍ എന്തിനാണ് മനുഷ്യരില്‍നിന്ന് മുഖം തിരിക്കുന്നത്, എന്നചോദ്യം ഇവിടെ പ്രസക്തമാണ്.
സാമാന്യം ദീര്‍ഘമായ ക്രിസ്തുവിന്‍റെ നാള്‍വഴി പുസ്തകത്തില്‍ ഒരേയൊരിടത്തു മാത്രമേ ദേവാലയ ശുശ്രൂഷയ്ക്ക് അവിടുന്ന് നേതൃത്വം കൊടുക്കുന്ന പരാമര്‍ശമുള്ളൂ. നസ്രത്തിലെ സിനഗോഗില്‍വച്ചായിരുന്നു അത്. ബാക്കിയുള്ളതൊക്കെ മനുഷ്യനെ കേന്ദ്രമാക്കിയുള്ള സാമൂഹ്യപരിസരങ്ങളിലെ അവിടുത്തെ പുതിയ ആരാധനാക്രമമായിരുന്നു. സമൂഹത്തിലെ ദുരാചാരങ്ങള്‍ കണ്ട് രബീന്ദ്രനാഥ ടാഗോര്‍ മനംനൊന്തു പറഞ്ഞിട്ടില്ലേ, “ഈ ജപങ്ങളും ഭജനകളും അവസാനിപ്പിക്കേണ്ട നേരമായി. നിന്‍റെ ദൈവം ശ്രീകോവില്‍ വിട്ടുപോയിരിക്കുന്നു. ഇതാ, അവിടുന്ന് പാടം കിളയ്ക്കുന്നവരിലേയ്ക്കും പാറപൊട്ടിക്കുന്നവരിലേയ്ക്കും പാവങ്ങളിലേയ്ക്കും പടിചവിട്ടി പോയിരിക്കുന്നു.”
അതിരുകാണാത്ത ഭൂമികയിലേയ്ക്ക് സാബത്തിനെ പ്രതിഷ്ഠിച്ച ക്രിസ്തു നിയമത്തിന്‍റെ വള്ളിയോ പുള്ളിയോ ലംഘിക്കുന്നില്ല. താന്‍ നിയമങ്ങള്‍ ലംഘിക്കുകയല്ല, പൂര്‍ത്തായാക്കുകയാണ് ചെയ്തത് –
എന്ന് ആവര്‍ത്തിച്ചു പറയുന്നതിന്‍റെ പൊരുളെന്താണ്?
പൂര്‍ണ്ണിമയെന്ന വാക്കിന് സ്നേഹപൂര്‍ണ്ണിമയെന്നാണര്‍ത്ഥം. സ്നേഹമാണ് എന്തിന്‍റെയും ആത്മാവ്. ‘നിയമത്തിന്‍റെ പൂര്‍ത്തീകരണം സ്നേഹമാണ്.’ സ്നേഹം നിലയ്ക്കുമ്പോള്‍ പിന്നെ നിയമങ്ങളുടെ അക്ഷരങ്ങള്‍ മൃതമാകുന്നു. ഏതിനെയും അതിന്‍റെ ഉറവിടങ്ങളിലേയ്ക്കും ആദി ശുദ്ധിയിലേയ്ക്കും കൂട്ടിക്കൊണ്ടുപോകാന്‍‍ വന്നവനാണ് ക്രിസ്തു. അതിനാല്‍ അലസമായി നാം തള്ളിനീക്കുന്ന ഞായറുകളിലും ക്രിസ്തുവിന്‍റെ സാബത്തുചിന്തകള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്ന് മനസ്സിലാക്കാം.

നമ്മുടെ സാബത്താചരണങ്ങളില്‍ കുറെയെങ്കിലും നന്മയുടെ അടരുകള്‍ ഉണ്ടാകണം.
1. ആദ്യാമായി, ആരാധനയുടെ ദിവസമാണ് സാബത്ത് – ദൈവവുമായുള്ള ബന്ധം ദൃഢപ്പെടുത്താന്‍ വേണ്ടിയൊരു ദിവസം. ആഴ്ചയിലെ ആറുദിനങ്ങളും പലതരം നാട്ടുരാജാക്കന്മാര്‍ക്ക് നമ്മള്‍ അടിമവേല ചെയ്യുകയായിരുന്നു. ഈ ദിവസം ദൈവത്തിനുള്ള എന്‍റെ കപ്പമായിരിക്കട്ടെ.

2. കൂട്ടായ്മയുടെ ദിവസമാവണം സാബത്ത് – വ്യക്തിത്വവും ഗോത്രബോധവും കണ്ടെത്താനും നിലനിര്‍ത്തുവാനുമുള്ള ചില ഒത്തുചേരലുകള്‍ ജീവിതത്തില്‍ അനിവാര്യമാണ്, നല്ലതാണ്. ഏതു ദേശത്തും യഹൂദവംശജര്‍ അവരുടെ ഗുണപരമായ സംഘബോധം നിലനിര്‍ത്തിയത് സാബത്ത് ആചരണത്തിലൂടെ- യായിരുന്നു.

3. വിശ്രമിക്കാനുള്ളൊരു ദിവസമാണത് – അലസതയുടെ പര്യായമല്ല സാബത്ത്. ജോലി കിട്ടിയിട്ടുവേണം ഒന്നു ലീവെടുക്കാന്‍ എന്നു പറയുന്നതുപോലെയല്ലത്. വിശേഷപ്പെട്ട ശ്രമമാണ് വിശ്രമം. ജീവിതായോധനത്തിന്‍റെ പോരാട്ടങ്ങള്‍ക്കിടയില്‍ കെട്ടുപോകാവുന്ന ചൈതന്യത്തെ അങ്ങനെയാണ് പുനാരാവിഷ്ക്കരിക്കേണ്ടത്. അടിമകളായിരുന്നു യഹൂദര്‍. അതിനാല്‍ അവര്‍ക്കറിയാം വിശ്രമത്തിന്‍റെ മാധുര്യം. കൃഷിചെയ്യുന്ന മണ്ണിനുപോലും അവര്‍ വിശ്രമം നിഷേധിച്ചിരുന്നില്ല.

4. ഇനി വിമോചനത്തിന്‍റെ ദിവസവുമാണ് സാബത്ത് – എല്ലാ നുകങ്ങളും എടുത്തുമാറ്റപ്പെടണം. ശിരസ്സുയര്‍ത്തി നില്‍ക്കേണ്ട മനുഷ്യര്‍ കുനിഞ്ഞും കൂനിയും ഇഴഞ്ഞും നടക്കുന്നതെന്തുകൊണ്ട്? ഭൂമിയുടെ ഏത് ഇടങ്ങളിലുമുള്ള വിമോചന പ്രകിയയില്‍ നാം പങ്കുചേരേണ്ടതുണ്ട്.
സാബത്തിന്‍റെ വകഭേദമായ ജൂബിലി വര്‍ഷത്തില്‍ - ഏഴാം വര്‍ഷത്തില്‍. യാതൊരു ഉടമ്പടിയോ ഉപാധിയോ ഇല്ലാതെ യഹൂദനിയമം അടിമകള്‍ക്ക് സ്വാതന്ത്ര്യം അനുവദിച്ചിരുന്നു. (നിയമ. 15, 12 -18), എന്ന വസ്തുത ശ്രദ്ധേയമാണ്.

5. നന്മ ചെയ്യാനുള്ള ദിവസവുമാണത് – സാബത്തില്‍ നന്മ ചെയ്യുന്നതോ തിന്ചെയ്യുന്നതോ ജീവന്‍ രക്ഷിക്കുന്നതോ നശിപ്പിക്കുന്നതോ, ഏതാണു ശരിയെന്ന് ക്രിസ്തു ചോദിക്കുന്നുണ്ട് (മാര്‍ക്കോ 3, 4). കരങ്ങള്‍ ശുഷ്ക്കിച്ചുപോയൊരാള്‍ക്ക്, ക്രിസ്തു ആരോഗ്യവും, അതുവഴി തൊഴിലും അന്നവും വീണ്ടെടുത്തു നല്കിയത് സാബത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു.
അയാള്‍ കല്പണിക്കാരനായിരുന്നുവെന്ന് ഹീബ്രൂ സുവിശേഷത്തിന്‍റെ അനുബന്ധത്തില്‍ വായിക്കുന്നുണ്ട്. നന്മയെന്നാല്‍ പരാര്‍ത്ഥതയാണ്, പരമാര്‍ത്ഥതയാണ്. നന്മയുടെ കൊയ്ത്താവണം സാബത്ത്. നന്മയില്‍ വിശ്രമമില്ല. ‘എന്‍റെ പിതാവ് ഒരിക്കലും വിശ്രമിക്കുന്നില്ലെന്നു’ (യോഹ. 5, 16) പറഞ്ഞ്, ഉത്പത്തിയിലെ വിശ്രമകഥ ക്രിസ്തു പുനര്‍വ്യാഖ്യാനിക്കുന്നുണ്ട്.

സഭ ഈ ലോകത്ത് ഔദാര്യത്തോടെ നീതി പുലര്‍ത്തണമെന്നത് പാപ്പാ ഫ്രാന്‍സിസിന്‍റെ ദര്‍ശനവും വീക്ഷണവുമാണ്, അത് ദൈവിക നീതിയിലും കാരുണ്യത്തിലും അധിഷ്ഠിതമാണെന്ന് Evangelii Gaudium, സുവിശേഷ സന്തോഷം എന്ന തന്‍റെ അപ്പസ്തോലിക പ്രബോധനത്തില്‍ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നുണ്ട്. ആത്മാക്കളുടെ രക്ഷയാണ്, മനുഷ്യരക്ഷയാണ് സഭയുടെ അജപാലനശുശ്രൂഷയുടെ പരമായ ലക്ഷൃമെന്നും പാപ്പാ അവര്‍ത്തിച്ചു പ്രഖ്യാപിക്കുമ്പോള്‍ ക്രിസ്തുവിന്‍റെയും ദൈവരാജ്യത്തിന്‍റെയും കരുണയും നീതിയുമാണ് പാപ്പാ സഭയില്‍ കാലികമായ പ്രഘോഷിക്കുവാനും സഭയെ നവീകരിക്കുവാനും പരിശ്രമിക്കുന്നത്. പാപ്പായുടെ ഈ നവീകരണ നിയോഗത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ട്, ഈ സുവിശേഷചിന്തകള്‍ നമുക്ക് ഉപസംഹരിക്കാം.

കെ. ജി. മാര്‍ക്കോസും സിസിലിയും ആലപിച്ചതാണീ ഗാനം,
ഗാനരചന ലിസ്സി സ്റ്റീഫന്‍. സംഗീതം സണ്ണി സ്റ്റീഫന്‍.

നിങ്ങള്‍ ഇതുവരെ ശ്രവിച്ചത് ഫാദര്‍ വില്യം നെല്ലിക്കല്‍ പങ്കുവച്ച സീറോമലബാര്‍ റീത്തിലെ ആരാധനക്രമമനുസരിച്ചുള്ള പള്ളിക്കൂദാശക്കാലം രണ്ടാം വാരം ഞായറാഴ്ചത്തെ സുവിശേഷചിന്തകളാണ്.








All the contents on this site are copyrighted ©.