2014-11-07 09:57:05

അജപാലകന്‍ മടിച്ചുനില്ക്കാതെ
കൂടെ നടക്കുമെന്ന് പാപ്പാ ഫ്രാന്‍സിസ്


7 നവംബര്‍ 2014, വത്തിക്കാന്‍
അജപാലകര്‍ വാതുക്കല്‍ മടിച്ചുനില്ക്കുന്നത് അപകടകരമാണെന്ന്
പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.

നവംബര്‍ 6-ാം തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പോളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ വചനചിന്തകള്‍ ഇങ്ങനെ പങ്കുവച്ചത്.

ദൈവം നല്ലവനാണെന്നും, അവിടുത്തെ കരുണയും സ്നേഹവും അനന്തവുമാണെന്നും ഇറങ്ങിച്ചെന്ന് ലോകത്തോട് പ്രഘോഷിക്കുകയും, അത് ജീവിച്ചുകാണിച്ചുകൊടുക്കുകയും ചെയ്യുന്നതിനു പകരം, സ്വയം ന്യായീകരിക്കുന്ന ഫരിസേയ മനോഭാവത്തോടെ സഭയുടെയും ക്രൈസ്തവ ജീവിതത്തിന്‍റെയും വാതുക്കല്‍ മടിച്ചുനില്ക്കുന്നത് അപകടകരമായ അനാസ്ഥയാണെന്ന് പാപ്പാ വചനചിന്തയില്‍ പ്രസ്താവിച്ചു.

ഭീതിയില്ലാതെ ഇറങ്ങിച്ചെല്ലുകയും, അന്വേഷിച്ചിറങ്ങുകയും ചെയ്യുന്നവാനാണ് അജപാലകന്‍, നല്ലിടയനെന്ന് ക്രൈസ്തവനെന്ന് ലൂക്കായുടെ സുവിശേഷത്തെ ആധാരമാക്കി (ലൂക്കാ 15 1-10) പാപ്പാ ഉദ്ബോധിപ്പിച്ചു.

മറ്റുള്ളവര്‍ എന്തു കരുതുമെന്നു ചിന്തിക്കാതെ, തന്‍റെ സല്‍പ്പേരും, സ്ഥാനമാനവും, സുഖസൗകര്യങ്ങളും പണയപ്പെടുത്തിയാണ് നല്ലിടയന്‍ ഇറങ്ങിപ്പുറപ്പെടുന്നതെന്നും പാപ്പാ ചൂണ്ടിക്കാട്ടി.
ക്രിസ്തു പാപികളോടൊത്തും ഭക്ഷിക്കുകയും അവരെ സ്വീകരിക്കുകയും ചെയ്തതില്‍ യഹൂദപ്രമാണികള്‍ക്ക് ഏറെ വിദ്വേഷമായിരുന്നു, വലിയ ഉതപ്പായിരുന്നു അവര്‍ക്ക്. അക്കലത്ത് മാധ്യമ സൗകര്യങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍...! എന്ന് പാപ്പാ പുഞ്ചിരിയോടെ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ താന്‍ വന്നത് ഈ നിയോഗത്തോടെയാണ്, പാപിയെ തേടിയാണ്, നഷ്ടപ്പെട്ടതിനെ തേടായാണ് എന്ന് ക്രിസ്തു വ്യക്തമാക്കുന്നുണ്ട്.
സുവിശേഷം (ലൂക്കാ 15, 1-10 വെളിപ്പെടുത്തന്നത് ദൈവത്തിന്‍റെ ഹൃദയമാണ്, അവിടുത്തെ അതിരുകളില്ലാത്ത സ്നേഹമാണ്. ദൈവം രക്ഷയുടെ യാത്രയില്‍ ഒരിടത്ത് നില്ക്കുകയോ നിറുത്തുകയോ ചെയ്യുന്നില്ല. മറിച്ച് വിളുമ്പലേയ്ക്കാണ്, അതിര്‍വരമ്പുകളിലേയ്ക്കാണ് ഇറങ്ങിപ്പുറപ്പെടുന്നത്.
നഷ്ടപ്പെട്ടതിനെ കണ്ടെത്താത്തതില്‍ പാതിയിടവച്ച് ഇടയന്‍ നിരാശപ്പെടുകയോ നിറുത്തുകയോ ചെയ്യുന്നില്ല, മറിച്ച് കണ്ടുകിട്ടും വരെ തേടി അന്വേഷിക്കുന്നു.
ഇതാണ് ദൈവത്തിന്‍റെ സ്നേഹം, അത്യപാരമായി സ്നേഹം, നിലയ്ക്കാത്ത സ്നേഹം, എന്ന് പ്രസ്താവിച്ചുകൊണ്ടാണ് പാപ്പാ വചനചിന്ത ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.