2014-11-05 19:45:28

സാമ്പത്തിക പ്രശ്നമല്ല ദാരിദ്ര്യം
സമഗ്രമായി കാണേണ്ട
വികസന സാദ്ധ്യതയാണ്


5 നവംബര്‍ 2014, ന്യൂയോര്‍ക്ക്
സാമ്പിത്തക ഇല്ലായ്മ മാത്രമല്ല ദാരിദ്ര്യമെന്ന്, ഐക്യരാഷ്ട്ര സഭയിലെ വത്തിക്കാന്‍റെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് ബര്‍ണദീത്തോ ഔസാ പ്രസ്താവിച്ചു.

ഐക്യാരാഷ്ട്ര സഭയുടെ ന്യൂയോര്‍ക്ക് ആസ്ഥാനത്തു ചേര്‍ന്ന, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തെ സംബന്ധിച്ച പൊതുസമ്മേളനത്തില്‍ നവംബര്‍ 4-ന് സമര്‍പ്പിച്ച പ്രബന്ധത്തിലാണ് വത്തിക്കാന്‍റെയും പാപ്പാ ഫ്രാന്‍സിസന്‍റെയും ദാരിദ്രൃത്തോടുള്ള വീക്ഷണം ആര്‍ച്ചുബിഷപ്പ് ഓസാ വ്യക്തമാക്കിയത്.

ദാരിദ്ര്യത്തെ സാമ്പത്തിക ദുരിതം മാത്രമായി ലോപിപ്പിക്കുമ്പോള്‍, വ്യക്തികളുടെയും സമൂഹത്തിന്‍റെയും ആത്മീയവും വിദ്യാഭ്യാസപരവും, രാഷ്ട്രീയവും സാംസ്ക്കാരികവും സാമൂഹികവുമായ വികസനങ്ങളെ ഒഴിച്ചു നിറുത്തുകയാണെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

ദാരിദ്ര്യത്തെ പൊതുവെ കണ്ണടച്ചും, സാമ്പത്തിക പ്രശ്നമായും മാത്രം കണ്ട് പരിഹാര മാര്‍ഗ്ഗങ്ങള്‍ തേടിയാല്‍, ദരിദ്രരായ വ്യക്തികളുടെയും സമൂഹങ്ങളുടെയും സമഗ്രവികസന സാദ്ധ്യതകളാണ് ഇല്ലായ്മചെയ്യപ്പെടുന്നതും, ഫലത്തില്‍ അവരെ വികസന പദ്ധതികളില്‍നിന്നും ഒഴിച്ചുനിര്‍ത്തുയുമാണ് ചെയ്യുന്നതെന്നും വത്തിക്കാന്‍റെ പ്രതിനിധി വ്യക്തമാക്കി.

ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം പൂര്‍വ്വോപരി വളര്‍ത്തുന്ന സങ്കുചിത വീക്ഷണമാണ് ദാരിദ്ര്യത്തെ സാമ്പത്തിക പ്രശ്നമാക്കുന്നതെന്നും, ആര്‍ച്ചുബിഷപ്പ് ഔസാ പ്രസ്താവിച്ചു.

വികസന നയങ്ങള്‍ വിപുലീകരിച്ചുകൊണ്ട് പുതുസഹസ്രാബ്ദത്തിന്‍റെ സുസ്ഥിതി വികസന പദ്ധതികളുടെ രണ്ടാം ഘട്ടം ഐക്യരാഷ്ട്ര സഭ ആവിഷ്ക്കരിക്കുമ്പോള്‍, പാപ്പാ ഫ്രാന്‍സിസ് ആവര്‍ത്തിച്ച് ഉദ്ബോധിപ്പിക്കുന്നതുപോലെ, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സാകല്യസംസ്ക്കാരത്തിനായി (All inclusive human ecology) പരിശ്രമിക്കണമെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ പ്രബന്ധത്തിലൂടെ അഭ്യര്‍ത്ഥിച്ചു.

വികസന നയങ്ങളുടെ രൂപീകരണം, ഉപയസാദ്ധ്യതകളുടെ ശരിയായ വിനിയോഗം, പദ്ധതികളുടെ ശരിയായ ക്രമീകരണവും നടത്തിപ്പും, അവയുടെ വിലയിരുത്തലുകള്‍ എന്നിവ ബഹുഭൂരിപക്ഷം വരുന്ന ലോകത്തെ പാവങ്ങളായവരെ ലക്ഷൃംവച്ചുവേണം ആവിഷ്ക്കരിക്കുവാനെന്നും, ഐക്യരാഷ്ട്ര സഭയുടെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ രണ്ടാം ദശകത്തെക്കുറിച്ച് (2008-2017) പരാമര്‍ശിക്കവെ ആര്‍ച്ചുബിഷപ്പ് ഔസാ പ്രസ്താവിച്ചു.

സുസ്ഥിതി വികസന പദ്ധതികളില്‍ സ്ത്രീകളെയും പെണ്‍കുട്ടികളെ ഒഴിച്ചു നിര്‍ത്തുന്ന പ്രവണത ഇന്ന് നിലനില്ക്കുന്നുണ്ട് എന്ന കാര്യം പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രബന്ധം നിരീക്ഷിച്ചു. സ്ത്രീകളുടെ അന്തസ്സും അവകാശങ്ങളും മാനിക്കാത്ത വികസനപദ്ധതികള്‍ സമൂഹത്തില്‍ വിഭജനത്തിന്‍റെയും ഒഴിവാക്കലിന്‍റെയും സംസ്ക്കാരം വളര്‍ത്തുകയാണെന്നും ആര്‍ച്ചുബിഷപ്പ് ഔസാ വ്യക്തമാക്കി.








All the contents on this site are copyrighted ©.