2014-11-05 20:28:30

ജൂണില്‍ പാപ്പാ ഫ്രാന്‍സിസ്
ട്യൂറിന്‍ സന്ദര്‍ശിക്കും


5 നവംബര്‍ 2014, വത്തിക്കാന്‍
പാപ്പാ ഫ്രാന്‍സിസ് ട്യൂറിന്‍ സന്ദര്‍ശിക്കുമെന്ന് അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് ചെസാരെ നൊസീലിയ വെളിപ്പെടുത്തി. 2015 ജൂണ്‍ 21-ാം തിയതിയാണ് പാപ്പാ പാപ്പാ ഫ്രാന്‍സിസ് വടക്കെ ഇറ്റലിയിലെ ട്യൂറിന്‍ നഗരം സന്ദര്‍ശിക്കുന്നതെന്ന് റോമില്‍ വിളിച്ചുകൂട്ടിയ വാര്‍ത്താ സമ്മേളനത്തില്‍ ആര്‍ച്ചുബിഷപ്പ് നൊസീലിയ പറഞ്ഞു..

ട്യൂറിനിലെ കത്തീഡ്രല്‍ ദേവാലയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ക്രിസ്തുവിന്‍റെ മൃതദേഹം പൊതിഞ്ഞതെന്ന് വിശ്വസിച്ചുപോരുന്ന തിരുക്കച്ചയുടെ പ്രദര്‍ശനം, വിശുദ്ധ ജോണ്‍ ബോസ്ക്കോയുടെ 2-ാം ജന്മശതാബ്ദി ആഘോഷം എന്നീ ചരിത്ര സംഭവങ്ങള്‍ കൂട്ടിയിണക്കിയാണ് പാപ്പാ ഫ്രാന്‍സിസ് ട്യൂറിന്‍ നഗരം സന്ദര്‍ശിക്കുന്നതെന്ന് തിരുക്കച്ചയുടെ
(the Holy Shroud) സംരക്ഷകന്‍കൂടിയായ ആര്‍ച്ചുബിഷപ്പ് നൊസീലിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

2015 ഏപ്രില്‍ 19-ന് ഈസ്റ്റര്‍ കാലത്ത് ആരംഭിക്കുന്ന തിരുക്കച്ചയുടെ പ്രദര്‍ശനം ജൂണ്‍ 24-ാം തിയതി വിശുദ്ധ യോഹന്നാന്‍റെ തിരുനാള്‍വരെ തുടരുമെന്ന് ആര്‍ച്ചുബിഷപ്പ് നൊസീലിയ അറിയിച്ചു. ആഗോളയുവജന പ്രസ്ഥാനം സലീഷ്യന്‍ സഭയുടെ സ്ഥാപകനായ വിശുദ്ധ ജോണ്‍ ബോസ്ക്കോയുടെ 200-ാം ജന്മദിനാഘോഷവും, തിരുക്കച്ചയുടെ സന്ദര്‍ശനത്തിനുമായി ബന്ധപ്പെടുത്തിയാണ് പാപ്പാ ഫ്രാന്‍സിസ് 2015 ജൂണ്‍ 21-ാം തിയതി ഞായറാഴ്ച വടക്കെ ഇറ്റലിയുടെ സാംസ്ക്കാരിക കേന്ദ്രമായ ട്യൂറിന്‍ നഗരത്തിലെത്തുന്നതെന്ന് ആര്‍ച്ചുബിഷപ്പ് നൊസീലിയ വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തി.

നവംബര്‍ 5-ാം തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനില്‍ നടന്ന പൊതുക്കൂടിക്കാഴ്ച പ്രഭാഷണത്തിന്‍റെ അന്ത്യത്തില്‍ 2015 ജൂണ്‍ 21-ാം തിയതിയില്‍ പ്ലാന്‍ ചെയ്തിരിക്കുന്ന തന്‍റെ ട്യൂറിന്‍ സന്ദര്‍ശനത്തെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസും ജനങ്ങളെ അറിയിക്കുകയുണ്ടായി.









All the contents on this site are copyrighted ©.