2014-11-04 14:56:17

ഭാവചിത്രങ്ങള്‍ വരയ്ക്കുന്ന
ഇടയഗീതം (31)


RealAudioMP3
‘കര്‍ത്താവ് എന്‍റെ ഇടയനാകുന്നു’ എന്ന 23-ാം സങ്കീര്‍ത്തനത്തിന്‍റെ വ്യാഖാനമാണ് കഴിഞ്ഞ പ്രക്ഷേപണത്തില്‍ നാം ശ്രവിച്ചത്. അങ്ങനെ സങ്കീര്‍ത്തനങ്ങള്‍ ഒന്നൊന്നായി വ്യാഖ്യാനിക്കുന്ന ഭാഗത്തിന് നാം തുടക്കം കുറിച്ചു. വളരെ പ്രശസ്തമായ 23-ാം സങ്കീര്‍ത്തനത്തിന്‍റെ വ്യാഖ്യാനത്തോടെയാണ് നാം ഈ ഭാഗത്തിന് തുടക്കം കുറിച്ചിരിക്കുന്നത് എന്ന് ഓര്‍ക്കുന്നുണ്ടാകാം.

വളരെ ശ്രദ്ധേയവും ജനകീയവും, പ്രചാരത്തിലുള്ളതുമായ സങ്കീര്‍ത്തനങ്ങള്‍ ആദ്യമാദ്യം പഠിക്കുന്നത്, അല്ലെങ്കില്‍ വിശുദ്ധ ഗ്രന്ഥത്തിലെ സംഖ്യാക്രമം തെറ്റിച്ചുകൊണ്ടുള്ള പഠനത്തിന്‍റെ മുഖ്യകാരണം മലയാളത്തിലുള്ള സങ്കീര്‍ത്തനങ്ങളുടെ സംഗീതരൂപത്തിന്‍റെ വിരളതയാണ്, ലഭ്യതക്കുറവാണ് എന്നും സൂചിപ്പിക്കുകയുണ്ടായി. അനശ്വരതയുടെ പരിവേഷം പൂണ്ട സങ്കീര്‍ത്തനമാണ് ‘കര്‍ത്താവെന്‍റെ ഇടയനാകുന്നു,’ എന്ന 23-ാം സങ്കീര്‍ത്തനം എന്നു പറയാറുണ്ട്. ലോകത്തുള്ള സകല ഭാഷകളിലേയ്ക്കും ഇത് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്, സംഗീതാവിഷ്ക്കാരം ചെയ്യപ്പെട്ടിട്ടുമുണ്ട് - The Lord is my shepherd, ‘കര്‍ത്താവെന്‍റെ ഇടയനാകുന്നു, എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.’ ഈ ഗീതം എക്കാലത്തും എവിടെയുമുള്ള കവികളെയും സംഗീത സംവിധായകരെയും ഏറെ ആകര്‍ഷിച്ചിട്ടുമുണ്ട്. അത്രയേറെ പ്രശസ്തമാണിതെന്ന് പറയേണ്ടതില്ലല്ലോ.

എഴുപതുകളുടെ ആരംഭത്തില്‍ വരാപ്പുഴ അതിരൂപതയുടെ ആരാധനക്രമ കമ്മിഷന്‍, എറണാകുളത്തുള്ള സിഎസി – Coching Arts & Communications എന്ന സ്ഥാപനത്തില്‍നിന്നും ഈ സങ്കീര്‍ത്തനത്തനത്തിന്‍റെ ഗാനരൂപം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫാദര്‍ ജോസഫ് മനക്കില്‍ രചിച്ച്, ജോബ് & ജോര്‍ജ്ജ് ഈണംപകര്‍ന്നതാണ് ഈ ഗാനാവിഷ്ക്കാരം. 23-ാം സങ്കീര്‍ത്തനത്തിന്‍റെ മലയാളത്തിലുള്ള ആദ്യത്തെ ഗാനരൂപമാണിതെന്നാണ് മനസ്സിലാക്കുന്നത്. അതിന്‍റെ വരികളും ഈണവും ഓര്‍മ്മയില്‍ ഇന്നും തളംകെട്ടി നില്കുന്നു.

കര്‍ത്താവെന്‍ നല്ലോരിടന്‍
വത്സലനാം നായകനും താന്‍
തന്‍കൃപയാല്‍ മേച്ചിടുമെന്നെ
കുറവേതുമെനിക്കില്ലതിനാല്‍

പച്ചപ്പുല്‍ത്തകിടികളില്‍ താന്‍
വിശ്രാന്തിയെന്നിക്കരുളുന്നു
നിശ്ചലമാം നീര്‍ച്ചോലയതിന്‍
സവിധത്തില്‍ ചേര്‍ത്തിടുമെന്നെ.

ഈ സങ്കീര്‍ത്തനത്തിന്‍റെ ചിന്താധാരയ്ക്കും ഭാവചിത്രങ്ങള്‍ക്കും വൈകാരിക മൂല്യങ്ങള്‍ക്കും അത്യപൂര്‍വ്വമായ വശ്യതയാണുള്ളത്. തന്‍റെ ജനത്തോട് ഗൗരവപൂര്‍വ്വകമായ ശ്രദ്ധയും ജാഗ്രതയും കാണിക്കുന്ന ഇടയനായിട്ടാണ് സങ്കീര്‍ത്തകന്‍ ദൈവത്തെ വരച്ചുകാട്ടുന്നത്. മാത്രമല്ല, ദൈവം സല്‍ക്കാരപ്രിയനും ഔദാര്യമതിയുമായ ആതിഥേയനാണെന്ന് ആദ്യത്തെ പദങ്ങള്‍ വിവരിക്കുന്നത് കഴിഞ്ഞപ്രക്ഷേപണത്തില്‍ കണ്ടതാണ്.

ഇന്നത്തെ പ്രക്ഷേപണത്തില്‍, 23-ാം സങ്കീര്‍ത്തനത്തിന്‍റെ നാലു മുതലുള്ള പദങ്ങളുടെ വ്യാഖ്യാനങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കാം.

Musical Version of Psalm 23

1. ഇടയന്‍ നീ നാഥാ ഇനിയൊരു കുറവുമെനിക്കില്ല
പുല്‍ത്തകിടികളില്‍ നീ കനിവോടെന്നെ നടത്തുന്നു
അരുവിയിലേയ്ക്കു പ്രശാന്തതയില്‍ എന്നെ നയിക്കുന്നു
നേര്‍വഴി മുന്നില്‍ നിത്യമൊരുക്കുന്നു.
ബലവും നീ തുണയും നീ നല്ലോരിടയന്‍ നീ (2)

ഇന്നു മാതൃകയായിട്ട് ഉപയോഗിച്ചിരിക്കുന്നത് സണ്ണി സ്റ്റീഫന്‍ സംഗീതാവിഷ്ക്കാരംചെയ്ത 23-ാം സങ്കീര്‍ത്തനത്തിന്‍റെ വളരെ രസകരമായ പതിപ്പാണ് അല്ലെങ്കില്‍ പകര്‍പ്പാണ്. മധു ബാലകൃഷ്ണന്‍ ഈ സങ്കീര്‍ത്തനം മനോഹരമായി ആലപിച്ചിരിക്കുന്നു. സണ്ണി സ്റ്റീഫന്‍ എന്ന പരിചയസമ്പന്നനായ സംവിധായകന്‍ ബൈബിളിലെ പദങ്ങള്‍ വളരെ സ്വതന്ത്രമായിട്ടാണ് പദ്യരൂപത്തില്‍ ആവിഷ്ക്കരിച്ചിരിക്കുന്നതെങ്കിലും, മൂലകൃതിയുടെ സത്ത കൈവെടിയാതിരിക്കാന്‍ അദ്ദേഹം ജാഗ്രത പുലര്‍ത്തിയിട്ടുണ്ട്,
രചനയില്‍ നീതി പുലര്‍ത്തിയിട്ടുണ്ട്. പിന്നെ എടുത്തു പറയത്തക്ക വിധത്തില്‍ ശരണസങ്കീര്‍ത്തനത്തിന്‍റെ ഭാവം ഈണത്തില്‍ പ്രതിഫലിപ്പിച്ചിരിക്കുന്നു.
വരികളില്‍ നാടന്‍ശൈലി ഒളിപ്പിച്ചുവച്ചിട്ട് അത് മലയാളത്തിന്‍റെ പ്രിയഗായകന്‍, മധുവിന്‍റെ ഗാംഭീര്യമുള്ള ശബ്ദത്തില്‍ ഇടയനാദമായി പ്രതിധ്വനിപ്പിക്കുകയാണെന്നു തോന്നും.

‘തുന്തി’ എന്നു പറയുന്ന വളരെ പുരാതനായ ഒറ്റക്കമ്പി വീണയാണ് പശ്ചാത്തലത്തില്‍, ആരംഭംമുതല്‍ അവസാനംവരെ ശ്രുതിയായി ലയിച്ചുകിടക്കുന്നത്. ഭാരതീയ പാരമ്പര്യത്തില്‍ തുന്തി ഒരിടയ സംഗീതോപകരണമാണ്. ഈ തുന്തീനാദം ഇടയഗീതത്തിന്‍റെ നാടോടി ഭാവം സവിശേഷമായി വിളിച്ചോതുന്നു. പിന്നെ ‘ബലവും നീ തുണയും നീ, നല്ലോരിടന്‍ നീ...’
എന്ന ഗീതത്തിന്‍റെ ജീവഭാഗം മേല്‍സ്ഥായിയില്‍, അല്ലെങ്കില്‍ ഉച്ചസ്ഥായില്‍ ഗാനം നിര്‍ത്തിയിരിക്കുന്നത് അല്ലെങ്കില്‍ മുഴുമിപ്പിച്ചിരിക്കുന്നത് സങ്കീര്‍ത്തനത്തിന്‍റെ സ്വഭാവവും ശൈലിയും വെളിപ്പെടുത്തുന്ന വിളിയും ശരണപ്പെടലുമാണ്.

Musical Version of Psalm 23

2. അങ്ങെ ചെങ്കോലും വടിയും ഭൂമിയിലാശ്വാസം
അങ്ങെ സാന്നിദ്ധ്യം എന്നെ നിര്‍ഭയനാക്കുന്നു
ശത്രുഗണത്തിനുമേല്‍ നല്ല വിരുന്നുമൊരുക്കുന്നു
തിരുഭവനത്തില്‍ ആശ്രയമേകുന്നു (2).
ബലവും നീ തുണയും നീ നല്ലോരിടയന്‍ നീ (2)

ഇനി പദങ്ങളുടെ വ്യാഖ്യാനത്തിലേയ്ക്ക് കടക്കുമ്പോള്‍. ഈ പ്രക്ഷേപണത്തില്‍ 23-ാം സങ്കീര്‍ത്തനത്തിന്‍റെ രണ്ടു പദങ്ങള്‍കൂടി, അതായത് - 4, 5 എന്നീ പദങ്ങള്‍ മാത്രം വ്യാഖ്യാനിക്കുവാനേ സമയം ലഭിക്കുകയുള്ളൂ.
ഇവ സങ്കീര്‍ത്തനത്തിലെ ഏറെ ശ്രദ്ധേയമായ പദങ്ങളുമാണ്:

4. ആടുകള്‍ പുല്ലു തിന്നു നടക്കുമ്പോള്‍ അപകടം എങ്ങും പതിയിരിപ്പുണ്ട്. ഇടയന്‍റെ സംരക്ഷണശക്തിയാണ് അവരെ കാത്തുപാലിക്കുന്നത്.
പുല്‍മേടുകളും കുടിവെള്ളവും തേടിപ്പോകുമ്പോല്‍ ഇരുളടഞ്ഞ താഴ്വാരങ്ങള്‍ കടന്നു പോകേണ്ടിവരും. മരണത്തിന്‍റെ നിഴല്‍വീണ താഴ്വാരമാണത്. ഇരുണ്ടതും അപകടം പതിയിരിക്കുന്നതുമാണവിടം. സൂര്യവെളിച്ചം കിനിഞ്ഞിറങ്ങാത്ത ചുരങ്ങളില്‍ വന്യമൃഗങ്ങളും, ചിലപ്പോള്‍ കള്ളന്മാരും ദുഷ്ടാരൂപികള്‍പോലും ഉണ്ടാകാം, ആക്രമണം അഴിച്ചുവിടാം. എങ്കിലും സങ്കീര്‍ത്തകന്‍ പുലര്‍ത്തുന്ന നിര്‍ഭയത്വത്തിനു കാരണം, ഇടയാനായ കര്‍ത്താവ് തന്‍റെകൂടെ ഉണ്ട് - എന്ന് രക്ഷാകര ചരിത്രത്തില്‍ മാറ്റൊലിക്കൊള്ളുന്ന ജീവന്‍റെ വചസ്സുകളാണ്, പ്രത്യാശയുടെ വചസ്സുകളാണ് (ഉല്പത. 26, 3-4, 28, 15). ദൈവികമായ സംരക്ഷണത്തിന്‍റെ ശക്തിയോടും കരുത്തോടുകൂടെ കര്‍ത്താവു തന്‍റെ ജനത്തിന്‍റെ കൂടെയുണ്ട്, അവിടുന്നു തന്‍റെ ജനത്തോടൊപ്പം സന്നിഹിതനാണ്, എന്നു നമുക്ക് വ്യാഖ്യാനിക്കാം.

പിന്നെ, ഇടയവടി മനുഷ്യരില്‍നിന്നും മൃഗങ്ങളില്‍നിന്നും ആടുകളെ സംരക്ഷിക്കുന്നു (1 സാമു. 17, 43). ഇന്നും ദണ്ഡുകൊണ്ടാണ് ഇടയന്മാര്‍ ആടുകളെ മേയ്ക്കുന്നത്. ഇവ ധൈര്യവും ഭയരാഹിത്യവും അജഗണത്തിനു നല്കുന്നു.
ഒപ്പം, ഇസ്രായേലിന്‍റെ രാജാവ് അവരുടെ ഇടയന്‍കൂടിയാണെന്നും പ്രഖ്യാപിക്കുകയാണ്. അതുകൊണ്ടാണ് ‘വടി’എന്ന പ്രയോഗത്തിനുശേഷം ഉടന്‍തന്നെ, ചെങ്കോല്‍ എന്നും ഉപയോഗിക്കുന്നു. ‘അങ്ങേ ചെങ്കോലും വടിയും...’ എന്നാണ് പ്രയോഗിച്ചിരിക്കുന്നത്

5. ആതിഥേയനായ യാവേ, ദൈവം തന്‍റെ അജഗണങ്ങള്‍ക്കുവേണ്ടി വിരുന്നൊരുക്കുന്നു, മേശ ഒരുക്കുന്നു. സ്നേഹത്തിന്‍റെയും ഐക്യത്തിന്‍റെയും കൂട്ടായ്മയുടെയും പങ്കുവയ്ക്കലിന്‍റെയും പ്രതീകവും പ്രത്യക്ഷീകരണവുമാണ് വിരുന്ന്.
പിന്നെ, അവര്‍ ശത്രുക്കള്‍ക്കെതിരായി സംരക്ഷിതരുമായിത്തീരുന്നു – അവര്‍ എണ്ണകൊണ്ട് അഭിഷിക്തരാകുന്നു. അവരുടെ പാനപാത്രങ്ങള്‍ കവിഞ്ഞൊഴുകുന്നു. സമൃദ്ധിയുടെ അടയാളമാണത്. ആതിഥേയന്‍ പീഡിപ്പിക്കപ്പെടുന്ന മനുഷ്യനെ സ്വീകരിച്ച് സംരക്ഷിക്കുന്ന ചിത്രമാണ് ഇവിടെ നാം കാണുന്നത്.

ഈ സംരക്ഷണത്തിന്‍റെയും സല്‍ക്കാരത്തിന്‍റെയും സ്ഥലം യാവേയുടെ ഭവനമാണ്, ദേവാലയമാണ്, ക്രിസ്തുവിന്‍റെ സഭയാണ് (സങ്കീ. 15, 1... 1, 5). അവിടെയാണ് പാവങ്ങളും പീഡിതരും ദൈവത്തിന്‍റെ എളിയവരും സഹായവും രക്ഷയും അനുഭവിച്ചറിയുന്നത്, അനുഭവിച്ചറിയേണ്ടത്.

Musical Version of Psalm 23

3. ശരണം തേടുന്നു ദൃഢമായ് തിരുസന്നിധിയിങ്കല്‍
പുതിയൊരു കീര്‍ത്തനമെന്‍ നാവിനു പുളകം നല്‍കുന്നു
എന്നുടെ പ്രാര്‍ത്ഥനകള്‍ക്കലിവോടുത്തരമരുളുന്നു
നിത്യനുഗ്രഹമേകി നടത്തുന്നു (2)
ബലവും നീ തുണയും നീ നല്ലോരിടയന്‍ നീ (2)


നിങ്ങള്‍ ഇതുവരെ ശ്രവിച്ചത് ഫാദര്‍ വില്യം നെല്ലിക്കല്‍ അവതരിപ്പിച്ച വത്തിക്കാന്‍ റേഡിയോയുടെ വചനവീഥി എന്ന ബൈബിള്‍ പഠനപരിപാടിയാണ്.

എക്കാലത്തും മനുഷ്യമനസ്സുകള്‍ക്ക് കുളിര്‍മ്മയും പ്രത്യാശയും നല്കിയിട്ടുള്ള 23-ാമത്തെ സങ്കീര്‍ത്തനത്തിന്‍റെ ബാക്കിയുള്ള പദങ്ങളുടെ വ്യാഖ്യാന പഠനം വീണ്ടും അടുത്തയാഴ്ചയില്‍....










All the contents on this site are copyrighted ©.