2014-11-01 14:25:59

മരണം ദൈവികജീവിനില്‍
നിലനില്ക്കുന്ന ആത്മീയസ്വാതന്ത്ര്യം


ആഗോളസഭ ആചരിക്കുന്ന പരേതാത്മാക്കളുടെ അനുസ്മരണാദിനത്തെ ആധാരമാക്കിയുള്ള സുവിശേഷചിന്തകളാണിന്ന്.

വിശുദ്ധ യോഹന്നാന്‍ 5, 21-29

മരിച്ചവരെ പിതാവ് എഴുന്നേല്പിച്ച് അവര്‍ക്ക് ജീവന്‍ നല്കുന്നതുപോലെതന്നെ പുത്രനും താന്‍ ഇച്ഛിക്കുന്നവര്‍ക്കു ജീവന്‍ നല്‍കുന്നു. പിതാവ് ആരെയും വിധിക്കുന്നില്ല. വിധി മുഴുവനും അവിടുന്നു പുത്രനെ ഏല്പിച്ചിരിക്കുന്നു. പിതാവിനെ ആദരിക്കുന്നതുപോലെതന്നെ, എല്ലാവരും പുത്രനെയും ആദരിക്കേണ്ടതിനാണ് ഇത്. പുത്രനെ ആദരിക്കാത്തവരാരും അവിടുത്തെ അയച്ച പിതാവിനെയും ആദരിക്കുന്നില്ല. സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്‍റെ വചനം കേള്‍ക്കുകയും എന്നെ അയച്ചവനെ വിശ്വസിക്കുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവനു ശിക്ഷാവിധി ഉണ്ടാകുന്നില്ല. പ്രത്യുത, അവന്‍ മരണത്തില്‍നിന്നും ജീവനിലേയ്ക്കു കടന്നിരിക്കുന്നു. സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, മരിച്ചവര്‍ ദൈവപുത്രന്‍റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു.
അല്ല, ഇതാ, വന്നുകഴിഞ്ഞു. ആ സ്വരം ശ്രവിക്കുന്നവര്‍ ജീവിക്കും. എന്തെന്നാല്‍, പിതാവിനു തന്നില്‍ത്തന്നെ ജീവനുള്ളതുപോലെ പുത്രനും തന്നില്‍ത്തന്നെ ജീവനുണ്ടാകാന്‍ അവിടുന്നു വരം നല്‍കിയിരിക്കുന്നു. മനുഷ്യപുത്രനായതുകൊണ്ട് വിധിക്കാനുള്ള അധികാരവും അവനു നല്‍കിയിരിക്കുന്നു. ഇതില്‍ നിങ്ങള്‍ വിസ്മയിക്കേണ്ടാ. എന്തെന്നാല്‍, കല്ലറകളിലുള്ളവരെല്ലാം അവന്‍റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു. അപ്പോള്‍ നന്മ ചെയ്തവര്‍ ജീവിന്‍റെ ഉയര്‍പ്പിനായും, തിന്മ ചെയ്തവര്‍ ശിക്ഷാവിധിയുടെ ഉയര്‍പ്പിനായും പുറത്തുവരും.

റോമിന്‍റെ വിളുമ്പില്‍ ബാര്‍ബരീനി എന്ന സ്ഥലത്ത് കപ്പൂച്ചിന്‍ വൈദികരുടെ ആശ്രമത്തോടുചേര്‍ന്ന് കാഴ്ചയിടമുണ്ട്. വളരെ പുരാതനമായ
ആശ്രമത്തിന്‍റെ ഒരു ഭാഗത്ത് മരിച്ച സന്ന്യസികളുടെ ഭൗതിക ശേഷിപ്പുകള്‍
പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്. തലയോട്ടികളും പഞ്ജരങ്ങളും കൂട്ടിയിണക്കി ചിന്തോദ്ദീപകങ്ങളായ ആകാരങ്ങള്‍ സൃഷ്ടിചിരിക്കുന്നു.
കണ്ണഞ്ചിപ്പിക്കുന്ന അസ്ഥിക്കൂടങ്ങളുടെ ദൃശ്യങ്ങള്‍ക്കൊപ്പം മരണത്തിന്‍റെ മണവും, പിന്നെ മനസ്സിന്‍റെ ആഗാധതലങ്ങളെ മരവിപ്പിക്കുന്ന മരണവിചാരങ്ങളുടെയും ഓര്‍മ്മപ്പെടുത്തലുകളുമായിരുന്നു ആ നിമിഷങ്ങള്‍. അസ്ഥിപഞ്ചരങ്ങള്‍ സന്ന്യാസവസ്ത്രമണിഞ്ഞു കിടക്കുന്നതും, എഴുന്നേറ്റിക്കുന്നതും, പ്രാര്‍ത്ഥിക്കുന്നതുമെല്ലാം മറുലോകത്തേയ്ക്ക് ആരെയും ആനയിക്കുന്ന ദൃശ്യാവിഷ്ക്കാരമായിരുന്നു. അധികം സമയം
ആ കാഴ്ചകണ്ടു നിലക്കുവാനോ, ആസ്വദിക്കാനോ സാധിക്കാതെയാണ് അധികംപേരും വേഗത്തില്‍ കാഴ്ചസ്ഥലത്തുനിന്നും പുറത്തിറങ്ങുന്നതെന്ന്, എന്‍റെതന്നെ മനസ്സിന്‍റെ അവസ്ഥയില്‍നിന്നും മനസ്സാലായി. കൂട്ടത്തില്‍ ചിലരുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. എന്നാല്‍ ഈ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നൊമ്പരപ്പെടുത്തുന്ന ഒരോര്‍മ്മയുണ്ട്.

എന്നെ മരണത്തെക്കുറിച്ചു ചിന്തിപ്പിക്കുവാന്‍ ബാര്‍ബരീനിയിലെ കപ്പൂച്ചിന്‍ ആശ്രമത്തിലേയ്ക്ക് അന്നു കൂട്ടിക്കൊണ്ടുപോയ ജയിക്കബ് സ്രാമ്പിക്കലച്ചന്‍ ഒരുവര്‍ഷം തികയും മുന്‍പേ,
59-ാമത്തെ വയസ്സില്‍ കടന്നു പോയി. ഈശോ സഭാംഗമായ അദ്ദേഹത്തെ റോമിലെ വിഖ്യാതമായ വെറാനോ സിമിത്തേരിയിലാണ് സംസ്ക്കരിച്ചത്. ആശയവിനിയലോകത്തെ അപൂര്‍വ്വ വ്യക്തിത്വമായിരുന്ന ഫാദര്‍ സ്രമ്പിക്കല്‍. ഇന്നും നമ്മുടെ ഓര്‍മ്മയില്‍ ജീവിക്കുന്നു.


മരണത്തെ ധ്യാനിക്കേണ്ടത് വാര്‍ദ്ധക്യത്തിലും ജീവിതാന്ത്യത്തിലുമല്ല,
നിറയൗവ്വനത്തിലാണ്. മുപ്പത്തിമൂന്നു വയസ്സുള്ള ചെറുപ്പക്കാരന്‍ ഒലിവു മരങ്ങള്‍ക്കിടയിലിരുന്ന് പ്രാര്‍ത്ഥിച്ച് ഒരുങ്ങിയത് തന്‍റെ മരണത്തിനായിരുന്നുവെന്ന് മറക്കരുത്. കഴിയുമെങ്കില്‍ ഈ പാനപാത്രം കടുന്നപോകട്ടെ എന്ന് പിതൃസന്നിധിയില്‍ വിഷാദത്തോടെ പ്രാര്‍ത്ഥച്ച ക്രിസ്തു, അവസാനം, ‘ഇപ്പോള്‍ എന്‍റെ ഹൃദയം ഒരുങ്ങിയിരിക്കുന്നു,’ എന്നും സമര്‍ത്ഥിച്ചു.

അമ്മ നഷ്ടമായ നാളില്‍, വീടിന്‍റെ ഉമ്മറത്തിരിക്കുകയായിരുന്നു. ഭിത്തിയിലെ കൗതുകങ്ങള്‍ ജാലകവിരി, കസേരയിലെ ചിത്രപ്പണിയുള്ള കുഷ്യനുകള്‍ - ഓരോന്നിലും അമ്മയുടെ ശ്രദ്ധയുണ്ടായിരുന്നു. ഭക്ഷണമേശയില്‍ ഇരിക്കുമ്പോള്‍ ചൂടോടെ എല്ലാം വിളമ്പിത്തരുമായിരുന്നു. അമ്മ കഴിച്ചില്ലെങ്കിലും മക്കള്‍ കഴിക്കണമെന്ന നിര്‍ബന്ധമായിരുന്നു. പലതവണ ഉച്ചഭക്ഷണം എടുക്കാന്‍ മറന്നുപോയ എന്‍റെ ചോറുപാത്രവുമേന്തി സ്ക്കൂളിലെത്തിയിട്ടുണ്ട് അമ്മ. എന്നിലെ സംഗീതവും കലയും സാഹിത്യവും വര്‍ഷങ്ങളായി അമ്മ പകര്‍ന്നുതന്നതല്ലാതെ, മറ്റെവിടെന്നു കിട്ടാനാണ്?

മരിച്ചവര്‍ സജീവരാകുമ്പോള്‍ ജീവിക്കുന്നവര്‍ കുരിശിന്‍റെ യോഹന്നാന്‍ പറയുന്നതുപോലെ, ‘ഓരോ നിമിഷവും മരിക്കുന്നു. മൃതര്‍ അങ്ങനെ സ്വതന്ത്രരാകുന്നു’ – മണ്ണിലുള്ളവരെ ഓര്‍മ്മകളുടെ ചരടില്‍ കുരുക്കിയിട്ട് അവര്‍ കടന്നുപോകുന്നു. എന്തൊക്കെ സ്മൃതികള്‍ അവശേഷിപ്പിച്ചിട്ടാണ് ഓരോരുത്തരും കടന്നുപോകുന്നത്. വേര്‍പിരിയുന്നവര്‍ ഓര്‍മ്മയുടെ ഓരോ കല്ലിലും സുകൃതങ്ങളുടെ വിരലടയാളങ്ങള്‍ പതിപ്പിച്ചിട്ടു പോകുന്നതാണ് സ്നേഹസ്മരണകളായി എന്നും ജീവിക്കുന്നത്.

ജീവിതം എത്ര ഹ്രസ്വമാണെന്നു തിരിച്ചരിയുവാന്‍ സിമത്തേരിയിലെ മണ്‍കൂനകള്‍ക്കുമീതെ നാട്ടിയ കുരിശിലേയ്ക്ക് ഉറ്റുനോക്കിയാല്‍ മതി. അവിടെ നമ്മുടെ ജീവിതരേഖ കാണാം. പിറവിക്കും മരണത്തിനുമിടയിലുള്ള നന്നേ നേര്‍മ്മയുള്ളൊരു രേഖയാണത്. പൊരുതിയും വറുതിയും, തോറ്റും തോല്‍പ്പിച്ചും, കീഴ്പ്പെട്ടും കീഴ്പ്പെടുത്തിയും വാടിത്തളര്‍ന്ന ജീവിതത്തിന്‍റെ സംഗ്രഹമാണ് അവിടെയാ ചെറുകുരിശില്‍ കാണുന്നത്. പരമാവധി ഇരുപത്തയ്യായിരം ദിവസങ്ങള്‍ നീളുന്ന ജീവിതവൃക്ഷത്തിന്‍റെ ഇലകള്‍ എത്രവേഗത്തിലാണ് കൊഴിഞ്ഞു വീഴുന്നത്. ‘പമ്പരംപോലെ’യാണ് ജീവിതം എന്നാരോ നിരീക്ഷിക്കുന്നു.
അനുദിന ജീവിതത്തിന്‍റെ ധൃതഭ്രമണങ്ങളെ ഓര്‍ത്താവണമത്. ഒടുവില‍ത്തെ ഇലയും കൊഴിഞ്ഞുവീഴുമ്പോള്‍ അറിയുന്നു, തുടങ്ങിയ ഇടത്തില്‍നിന്നും അധികമൊന്നും ദൂരം പോയിട്ടില്ലെന്ന്. അതുപോലെ ഹ്രസ്വമാണ് ജീവിതം. ഒരു കുളിത്തൊട്ടിക്കും മറ്റൊരു കുളിത്തൊട്ടിക്കും ഇടയില്‍ ഒരാരവം പോലെയല്ലേ ജീവിതം. മൃതരെ സംസ്ക്കരിക്കുന്ന
ഇടങ്ങളെ ‘ആത്മവിദ്യാലയം’ എന്ന് പി. ഭാസ്ക്കരന്‍ മാഷാണ് തന്‍റെ കവിതയില്‍ വിശേഷിപ്പിച്ചത്. ‘ആത്മവിദ്യാലയമേ, അവനിയില്‍ ആത്മവിദ്യാലയമേ....’ എന്തായാലും
ഈ ഭൂമിക്കുമീതേയുള്ള എല്ലാ സര്‍വ്വകലാശാലകളെക്കാളും ജീവിത ചിന്തകളിലേയ്ക്ക് നയിക്കുന്നിടമാണ് സ്മശാനങ്ങളാകുന്ന ആത്മവിദ്യാലയങ്ങള്‍, നമ്മുടെ സിമിത്തേരികള്‍!

മൃതര്‍ക്ക് ശ്രേഷ്ഠമായ സംസ്ക്കരണം നല്‍കണമെന്ന് ശാഠ്യംപുലര്‍ത്തിയ ഒരു സംസ്കൃതിയില്‍നിന്നും നാമ്പിട്ടതുകൊണ്ടാവണം നമ്മുടെ സിമിത്തേരികള്‍ തോട്ടംപോലെ മനോഹരമായിരിക്കുന്നത്, അങ്ങനെ ആയിരിക്കണം. ‘ശാന്തിവന’മെന്ന് പൊതുശ്മാശാനത്തിനു പേരു കണ്ടിട്ടുണ്ട്. ബാംഗളൂരിലെ ബനഡിക്ടൈന്‍ ആശ്രമങ്ങളില്‍ ‘ഉത്ഥാനാരാമം’ എന്നവര്‍ സന്ന്യസ്തരുടെ സിമത്തേരിക്ക് പേരിട്ടിരിക്കുന്നതും ശ്രദ്ധിച്ചിട്ടുണ്ട്. അതിന് ഒരുപക്ഷേ, അരിമത്തിയക്കാരന്‍ ജോസഫിന്‍റെ തോട്ടവുമായി ഇതിനൊക്കെ ബന്ധമുണ്ടെന്നു തോന്നുന്നു. കാരണം, അവിടെയാണല്ലോ ഭൂമിയുടെ ഏറ്റവും പ്രിയപ്പെട്ട വിത്ത് മണ്ണടരുകളില്‍ വിശ്രമിച്ച് മൂന്നാംദിനം വിജയപ്രഭയില്‍ വിരിഞ്ഞുയര്‍ന്നത്, ഉത്ഥാനംചെയ്തത്. തോട്ടത്തില്‍ കല്ലറ ഒരുക്കിയ അരിമത്തിയക്കാരന്‍ ജോസഫ് എന്ന മനുഷ്യന്‍. സാധാരണക്കാരനല്ല. തോട്ടം എല്ലാ തലങ്ങളിലും തരങ്ങളിലുമുള്ള ഐശ്വര്യങ്ങളുടെ സൂചനയാണ്. ജീവിതംതന്നെ ഹ്രസ്വമായ ഉദ്യാനം പോലെയാണ്. എന്നിട്ടും അതിനുമദ്ധ്യേ മരണബോധത്തിന്‍റെ ഇത്തിരി ഇടം മറ്റൊരാള്‍ക്കുവേണ്ടിയും കരുതിവയ്ക്കാന്‍ അയാള്‍ സന്നദ്ധനായി. അവിടെ ദൈവത്തിന് വിശ്രമിക്കാനാണ് ഇടം നല്‍കിയതെന്നുള്ളത് ലാവണ്യമുള്ള ധ്യാനമാണ്. അരുമത്തിയായിലെ ജോസഫ് ക്രിസ്തുവിനെ സംസ്ക്കരിക്കാനായി അവിടം തുറന്നുകൊടുത്തപ്പോള്‍, മരണബോധത്തിന്‍റെ കൂടാരം ദൈവത്തിന്‍റെ വിശ്രമകുടീരമായി മാറുകയായിരുന്നു.
നമ്മുടെ ഹൃദയത്തിന്‍റെ ഉദ്യാനങ്ങളില്‍ കല്ലറയില്ലെങ്കില്‍പ്പോലും, മരണത്തെക്കുറിച്ചും അപരനെക്കുറിച്ചും ചിന്തിക്കാന്‍ ഇടവും സമയവും ഉണ്ടാകേണ്ടതാണ്. നാം ജീവിക്കുന്ന ഭൂമിക വീണപൂക്കളുടെയും, കൊഴിഞ്ഞ ഇലകളുടെയും ഇടമാണെന്നറിയാന്‍‍ ഒരാള്‍ കവിയാവണമെന്നില്ല. ജീവിതത്തിന്‍റെ പച്ചയാഥാര്‍ത്ഥ്യമല്ലേ മരണം? കുറെക്കൂടി പ്രസാദത്തോടും പ്രകാശത്തോടും പ്രവേശിക്കേണ്ട ഇടമാണീ സിമിത്തേരി. ദീര്‍ഘമായൊരു ഓട്ടത്തിന്‍റെ ഒടുവിലാണ് നാം ഈ വിശ്രമകുടീരത്തില്‍ എത്തുന്നത്. സിമിത്തേരി എന്ന വാക്കിന് അങ്ങനെയും ചില അര്‍ത്ഥങ്ങളുണ്ട്. താന്‍ ജീവിച്ചുതീര്‍ത്ത ആയുസ്സിന്‍റെ പൂര്‍ത്തിയാക്കലായി അതിനെ, മരണത്തെ കണ്ടുകൊണ്ടാണ് പൗലോസ് അപ്പസ്തോലന്‍ പറഞ്ഞത്,
‘ഞാന്‍ നന്നായി പൊരുതി. ഓട്ടം പൂര്‍ത്തിയാക്കി. വിശ്വാസം സംരക്ഷിച്ചു. നീതിയോടെ വിധിക്കുന്ന കര്‍ത്താവ്, നീതിയുടെ കിരീടം എനിക്കായ് നല്കും. എനിക്കുമാത്രമല്ല, കര്‍ത്താവിന്‍റെ ആഗമനത്തെ സ്നേഹപൂര്‍വ്വം ഉറ്റുനോക്കിയിരിക്കുന്ന സകലര്‍ക്കും അവിടുന്നതു നല്കും.’ (2 തിമോത്തി 4, 7) എന്ന് കുറിച്ചിരിക്കുന്നത്. അങ്ങനെ മരണം അവസാനത്തേതെങ്കിലും, ദൈവികജീവനില്‍ നിലനില്ക്കുന്ന വിടുതലാണത്. ഈ വെളിച്ചം കിട്ടുന്നവര്‍ക്ക് മരണത്തെക്കുറിച്ച് ഭീതിയുണ്ടാവില്ല. അവര്‍ മരണത്തെ സന്തോഷത്തോടും സംതൃപ്തിയോടുംകൂടെ നേരിടും, സ്വീകരിക്കും. ദൈവം തന്ന നമ്മുടെ ആയുസ്സ് ഹ്രസ്വമെങ്കിലും സുന്ദരമാണ്, അത് ജീവിതാന്ത്യത്തില്‍ സന്തുഷ്ടിയോടെ ദൈവത്തിന് തിരികെ സമര്‍പ്പിക്കാന്‍, ദൈവികസ്നേഹത്തിന്‍റെ സൂര്യോദം അനുദിനജീവിതത്തില്‍ അനുഭവവേദ്യമാകട്ടെ, യാഥാര്‍ത്ഥ്യമാവട്ടെ! സകല വിശുദ്ധരുടെയും പരേതാത്മാക്കളുടെയും അനുസ്മരണദിനത്തിന്‍റെ പ്രാര്‍ത്ഥനനേരുന്നു.








All the contents on this site are copyrighted ©.