2014-10-30 18:48:43

തിന്മയ്ക്കെതിരെ പടപൊരുതി
ജീവിക്കേണ്ട ക്രൈസ്തവര്‍


30 ഒക്ടോബര്‍ 2014, വത്തിക്കാന്‍
തിന്മകള്‍ക്കെതിരെ ക്രൈസ്തവര്‍ പടപൊരുതി ജീവിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. പൈശാചിക ശക്തികള്‍ ലോകത്ത് ഇന്നും തലപൊക്കുന്നുണ്ടെന്നും അവയോടു പടവെട്ടിയാണ് ക്രൈസ്തവര്‍ മുന്നോട്ടു പോകേണ്ടതെന്നും, പൗലോസ് അപ്പസ്തോലന്‍ എഫേസിയര്‍ക്ക് എഴുതിയ വാക്കുകളില്‍ പാപ്പാ ഉദ്ബോധിപ്പിച്ചു.

ക്രൈസ്തവര്‍ ദൈവികജീവനില്‍ പങ്കാളികളാകയാല്‍ തിന്മയോടു പടപൊരുതാന്‍ നന്മയുടെ ആയുധങ്ങള്‍ അണിയണമെന്നും പാപ്പാ ചൂണ്ടിക്കാട്ടി. സത്യത്താല്‍ അരമുറിക്കിയും, നീതിയുടെ പടച്ചട്ട അണിഞ്ഞും, വിശ്വാസത്തിന്‍റെ പരിചയേന്തിയും, രക്ഷയുടെ പടത്തൊപ്പിയും വചനത്തിന്‍റെ വാളും ധരിച്ചുകൊണ്ടും, സുവിശേഷം പാദരക്ഷയുമാക്കി വേണം അനുദിനജീവിതത്തില്‍ ക്രൈസ്തവര്‍ തിന്മയുടെ ശക്തികളെ ചെറുത്തുനില്ക്കുവാനും നന്മയില്‍ മുന്നേറുവാനുമെന്നും, പൗലോസ് അപ്പസ്തോലന്‍റെ വാക്കുകളില്‍ പാപ്പാ പങ്കുവച്ചു. അങ്ങനെ മനുഷ്യജീവിതം പോരാട്ടമാണെന്നും, ദൈവം നമ്മുടെ കൂടെയുള്ളതിനാല്‍ ഓരോ കാല്‍വയ്പ്പും വിജയവും നേട്ടവുമായിരിക്കുമെന്നും, അത് ജീവിതത്തില്‍ സന്തോഷവും, രക്ഷയും നല്കുമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

പാപികളായ നമ്മുടെ അലസതയാണ് പ്രലോഭനങ്ങള്‍ക്ക് നമ്മെ കീഴ്പ്പെടുത്തുന്നതും, ജീവിതത്തെ പരാജയപ്പെടുത്തുകയും തിന്മയില്‍ ആഴ്ത്തുകയും ചെയ്യുന്നതെന്ന് പാപ്പാ ആഹ്വാനംചെയ്തു.
എന്നാല്‍ ദൈവം നമ്മോടുകൂടയുണ്ട്, ക്രിസ്തു നമ്മോടൊത്തു ചരിക്കന്നുണ്ട് എന്ന പ്രത്യാശയില്‍ നഷ്ടധൈര്യരാവാതെ മുന്നേറണമെന്നു പ്രസ്താവിച്ചുകൊണ്ടാണ് പാപ്പാ വചനചിന്തകള്‍ ഉപസംഹരിച്ചത്. ഒക്ടോബര്‍ 30-ാം തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി, സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബമദ്ധ്യേയാണ്
പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.








All the contents on this site are copyrighted ©.