2014-10-29 17:46:14

പാപ്പായുടെ തുര്‍ക്കി സന്ദര്‍ശനം
ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യാശ


30 ഒക്ടോബര്‍ 2014, വത്തിക്കാന്‍
പാപ്പാ ഫ്രാന്‍സിസിന്‍റെ തുര്‍ക്കി സന്ദര്‍ശനം ന്യൂനപക്ഷമായ ക്രൈസ്തവര്‍ക്ക് പ്രത്യാശയാണെന്ന്, ദേശീയ മാധ്യമ പ്രവര്‍ത്തകന്‍, ഫ്രയര്‍ മാര്‍ട്ടിന്‍ കപ്പൂചിന്‍ പ്രസ്താവിച്ചു.

ഒക്ടോബര്‍ 28-ാം തിയതി ചൊവ്വാഴ്ച റോമില്‍ ഇറക്കിയ പ്രസ്താവനയിലാണ് പാപ്പായുടെ തുര്‍ക്കി സന്ദര്‍ശനം പ്രത്യാശാപൂര്‍ണ്ണമാണെന്ന് മാര്‍ട്ടിന്‍ കപ്പൂച്ചിന്‍ വിശേഷിപ്പിച്ചത്.

നവംബര്‍ 28-മുതല്‍ 30-വരെയുള്ള ത്രിദിന സന്ദര്‍ശനം തുര്‍ക്കിയുടെ ക്ലേശകരമായ സാമൂഹ്യരാഷ്ട്രീയ പശ്ചാത്തലത്തില്‍ ആയിരങ്ങള്‍ മാത്രമുള്ള അവിടുത്തെ ന്യൂനപക്ഷ ക്രൈസ്തവസമൂഹത്തിന് ധാര്‍മ്മിക ബലമാണെന്നും മാര്‍ട്ടിന്‍ കപ്പൂച്ചിന്‍ റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
അവിടത്തെ ക്രൈസ്തവരെ നയിക്കുന്ന എക്യുമേനിക്കല്‍ പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമനുമായും പാപ്പാ കൂടിക്കാഴ്ച നടത്തും.

വിശുദ്ധനായ ജോണ്‍ 23-ാമന്‍ പാപ്പാ രണ്ടാം വത്തിക്കാന്‍ സൂനഹദോസില്‍ തുടങ്ങിവച്ചതും, എന്നാല്‍ ഇന്നും തുടരുന്നതുമായ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള സഭൈക്യകൂട്ടായ്മ ഇരുസഭകളും തമ്മിലുള്ള സഹോദരബന്ധത്തിന്‍റെ നവയുഗമാണു തുറന്നതെന്നും, അതിനെ ഊട്ടിയുറപ്പിക്കുന്നതും നവീകരിക്കുന്നതുമായിരിക്കും പാപ്പാ ഫ്രാന്‍സിസിന്‍റെ ചരിത്ര സന്ദര്‍ശനമെന്നും, മാര്‍ട്ടിന്‍ കപ്പൂചിന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

1967-ല്‍ വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പായും, 1979-ല്‍ വിശുദ്ധനായ ജോണ്‍പോള്‍ രണ്ടാമനും, 2006-ല്‍ മുന്‍പാപ്പാ ബനഡിക്ടും തുര്‍ക്കി സന്ദര്‍ശിച്ചിട്ടുള്ളതാണെന്നും ഫാദര്‍ മാര്‍ട്ടിന്‍ കപ്പൂച്ചില്‍ പ്രസ്താവനയില്‍ അനുസ്മരിച്ചു.

കിഴക്കന്‍ സഭകളുമായി 9 നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന അകല്‍ച്ചയുടെ അതിര്‍വരമ്പുകള്‍ക്ക് വിരാമമിട്ടത് രണ്ടാം വത്തിക്കാന്‍ എക്യുമേനിക്കില്‍ കൗണ്‍സിലും, അതിനെ തുടര്‍ന്ന് വളര്‍ന്ന സഭൈക്യസംരംഭങ്ങളുമാണെന്നും ഫാദര്‍ മാര്‍ട്ടിന്‍റെ പ്രസ്താവന അനുസ്മരിച്ചു.










All the contents on this site are copyrighted ©.