2014-10-24 10:09:46

മൂന്നാമത് പ്രത്യേക സിനഡുസമ്മേളനം
അത്യപൂര്‍വ്വമെന്ന് ഫാദര്‍ ലൊമ്പാര്‍ഡി


24 ഒക്ടോബര്‍ 2014, വത്തിക്കാന്‍
കുടുംബങ്ങള്‍ക്കായുള്ള മെത്രാന്മാരുടെ മൂന്നാമത് പ്രത്യേക സിനഡു സമ്മേളനം സിനഡുകളില്‍ ഏറ്റവും ശ്രദ്ധേയമായതെന്ന്, പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.

ഒക്ടോബര്‍ 22-ാം ബുധനാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് ഫാദര്‍ ലൊമ്പാര്‍ഡി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

സമൂഹത്തിന് അടിസ്ഥാനമായതും ഏറെ ഉല്‍ക്കടവുമായ കുടുംബമെന്ന വിഷയം സസൂഷ്മം കൈകാര്യംചെയ്തതാണ് മെത്രാന്മാരുടെ മൂന്നാമത് പ്രത്യേക സിനഡു സമ്മേളനം ഇത്രയേറെ ലോകശ്രദ്ധ ആകര്‍ഷിക്കാന്‍ കാരണമായതെന്ന്, വത്തിക്കാന്‍ മാധ്യമങ്ങളുടെ മേധാവി ഫാദര്‍ ലൊമ്പാര്‍ഡി വിശദീകരിച്ചു.

ദേശീയ പ്രാദേശീക സഭാപ്രതിനിധകളായി ആല്‍മായരെയും അജപാലകരെയും സഭയിലെ കര്‍ദ്ദിനാള്‍ സംഘത്തെയും, കുടുംബങ്ങളെത്തന്നെയും പങ്കെടുപ്പിക്കുവാന്‍ സിനഡിനു സാധിച്ചതും സിനഡിന്‍റെ വിജയകാരണമായി ഫാദര്‍ ലൊമ്പാര്‍ഡി വിലയിരുത്തി.

ഒപ്പം അതിന്‍റെ സമ്മേളനങ്ങളും ചര്‍ച്ചകളും സജീവമായി മുന്നോട്ടുകൊണ്ടുപോകുവാന്‍ പാപ്പാ ഫ്രാന്‍സിസ് ഒരുക്കിയ കര്‍മ്മപദ്ധതിയും ബലതന്ത്രവും സിനഡിനെ ഉത്തരാവിദിത്വ പൂര്‍ണ്ണായ സ്വാതന്ത്ര്യത്തിന്‍റെ സംവേദന വേദിയാക്കിയെന്നും ഫാദര്‍ ലൊമ്പാര്‍ഡി നിരീക്ഷിച്ചു.

ആമുഖമായും സമാപനത്തിലും നല്കിയ രണ്ടു സന്ദേശമൊഴിച്ച്, വളരെ നിശ്ശബ്ദനായി ക്ഷമയോടെ എല്ലാവരേയും ശ്രവിക്കുവാനും മനസ്സിലാക്കുവാനും പാപ്പാ ഫ്രാന്‍സിസ് കാണിച്ച പ്രശാന്തമായ തുറവും പിതൃസാന്നിദ്ധ്യവും ശ്രദ്ധേയമായിരുന്നുവെന്ന് ഫാദര്‍ ലൊമ്പാര്‍ഡി അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.

ദൈവശാസ്ത്രപരവും താത്വികവുമായി കുടുംബത്തെ കാണുകയും പഠിക്കുകയും ചെയ്യുന്നതിനു പകരം അതിന്‍റെ സമകാലീന പ്രശ്നങ്ങളിലേയ്ക്കും പച്ചയായ യാഥാര്‍ത്ഥ്യങ്ങളിലേയ്ക്കും എത്തിച്ചേരാന്‍ ജനങ്ങളുമായി ആഗോളതലത്തില്‍ സംവദിച്ച ചോദ്യാവലിയും, അതില്‍നിന്നും ഉരുത്തരിഞ്ഞ ചര്‍ച്ചകള്‍ക്കായുള്ള കരടുരൂപവുമെല്ലാം (Instrumentum Laboris) ശാസ്ത്രീയവും ജീവല്‍ബന്ധിയുമായൊരു അജപാലനനയമാണ് വെളിപ്പെടുത്തുന്നതെന്നും ഫാദര്‍ ലൊമ്പാര്‍ഡി പങ്കുവച്ചു.








All the contents on this site are copyrighted ©.