2014-10-24 09:45:57

ആഗോള ഷോണ്‍സ്റ്റാറ്റ് പ്രസ്ഥാനം
ശതാബ്ദി നിറവില്‍


24 ഒക്ടോബര്‍ 2014, റോം
ആഗോള ഷോണ്‍സ്റ്റാറ്റ് പ്രസ്ഥാനം സ്ഥാപനത്തിന്‍റെ ശതാബ്ദി ആഘോഷിക്കുന്നു.
1914-ല്‍ ജര്‍മ്മന്‍ സ്വദേശി, ഫാദര്‍ ജോസഫ് കെന്‍റെനിക്ക് (1885-1968) തുടക്കമിട്ട മേരിയന്‍ പ്രസ്ഥാനമാണ് സ്ഥാപനത്തിന്‍റെ നൂറാം വാര്‍ഷികത്തില്‍ എത്തിയിരിക്കുന്നത്.

അജപാലനശുശ്രൂഷ, മിഷന്‍ പ്രവര്‍ത്തനങ്ങള്‍, ഉപവിപ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസ
പദ്ധതികള്‍ എന്നിവയാണ് മേരിയന്‍ പ്രസ്ഥാനമായ ഷോണ്‍സ്റ്റാറ്റിന്‍റെ പ്രേഷിതമേഖലകള്‍.
വൈദികര്‍, സഹോദരിമാര്‍, അല്‍മായര്‍ക്കുള്ള സൊഡിലിറ്റി, യുവജന സംഘടനകള്‍ എന്നിവയിലൂടെയാണ് ഷോണ്‍സ്റ്റാറ്റ് പ്രസ്ഥാനം അതിന്‍റെ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നത്.

യേശുവിന്‍റെ അമ്മയായ മറിയത്തിന്‍റെ ആത്മീയതയും വിശുദ്ധിയും ജീവിക്കാന്‍ പരിശ്രമിച്ചുകൊണ്ട് സുവിശേഷമൂല്യങ്ങളെ മൗലികമായി മനസ്സിലാക്കിക്കൊണ്ടും വ്യക്തികളുടെയും സമൂഹങ്ങളുടെയും തകര്‍ന്ന സാമൂഹ്യബന്ധങ്ങളെയും സുഖപ്പെടുത്തുകയാണ് പ്രസ്ഥാനത്തിന്‍റെ ലക്ഷൃം.

ഇന്ത്യ ഉള്‍പ്പെടെ ലോകത്തെ 48 വ്യത്യസ്ത രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഷോണ്‍സ്റ്റാറ്റ് പ്രസ്ഥാനം ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി, ആഗോള പ്രതിനിധികള്‍ റോമിലെത്തി ഒക്ടോബര്‍ 25-ാം തിയതി ശനിയാഴ്ച പ്രദേശിക സമയം മദ്ധ്യാഹ്നം 12 മണിക്ക് വത്തിക്കാനിലെത്തി പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തുമെന്നും റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.

കേരളത്തിലെ ആലുവായില്‍ ശാഖയുള്ള പ്രസ്ഥാനം ഇരിങ്ങാലക്കുട, തൃശൂര്‍ എന്നിവിടങ്ങളില്‍ വളര്‍ന്ന്, പിന്നെ കര്‍ണ്ണാടക, തമിഴ്നാട്, വടക്കെ ഇന്ത്യന്‍ മിഷനുകളിലും സേവനമുഷ്ഠിക്കുന്നുണ്ട്.









All the contents on this site are copyrighted ©.