2014-10-22 18:52:53

സിനഡു തീരുമാനങ്ങള്‍
സകല കുടുംബങ്ങളെയും സ്വാധീനിക്കും


22 ഒക്ടോബര്‍ 2014, വത്തിക്കാന്‍
സകല ജനതകളെയും സ്പര്‍ശിക്കുന്നതായിരുന്നു
കുടുംബങ്ങള്‍ക്കായുള്ള പ്രത്യേക സിനഡു സമ്മേളനത്തിന്‍റെ തീരുമാനങ്ങളെന്ന്, സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ജ്യാന്‍ഫ്രാങ്കോ റവാസി പ്രസ്താവിച്ചു.

ഒക്ടോബര്‍ 21-ാം തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് സിനഡില്‍ സജീവമായി പങ്കെടുത്ത കര്‍ദ്ദിനാള്‍ റവാസി ചിന്തകള്‍ ഇങ്ങനെ പങ്കുവച്ചത്.

കുടുംബങ്ങളുടെ സമകാലീന വെല്ലുവിളികളെ സംബന്ധിച്ച സഭയുടെ പ്രബോധനങ്ങളും അജപാലനനയങ്ങളും ഏറെ സംവാദസ്വാതന്ത്യവും ആഴമായ ആന്തരികതയും വെളിപ്പെടുത്തുന്നതാകയാല്‍, കത്തോലിക്കര്‍ക്കു മാത്രമല്ല, അക്രൈസ്തവര്‍ക്കും, അവിശ്വാസികള്‍ക്ക് ഒരുപോലെ ദൈവികകാരുണ്യത്തിന്‍റെ വാതില്‍ തുറന്നുകൊടുക്കുന്നതാണെന്ന് കര്‍ദ്ദിനാള്‍ റവാസി അഭിപ്രായപ്പെട്ടു.

സഭയുടെ വാതിലുകള്‍ സകലര്‍ക്കുമായി തുറന്നിടമെന്നത് ക്രിസ്തുവിന്‍റെ ആഗ്രഹമാണ്.
‘കൃപ പ്രകൃതിയെ നശിപ്പിക്കുന്നില്ല,’ എന്ന അടിസ്ഥാന നിയമം മാനിക്കുകയാണെങ്കില്‍ അവഗണിക്കാനാവാത്തതും പ്രകൃതിദത്തവുമായ ദൈവികസ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും മൂല്യമാണ് സിനഡിലൂടെ സഭയ്ക്ക് നവമായി വെളിപ്പെട്ടു കിട്ടുന്നതെന്നും കര്‍ദ്ദിനാള്‍ റവാസി അഭിമുഖത്തില്‍ സമര്‍ത്ഥിച്ചു.

സഭയ്ക്കു പുറത്തു വിവാഹിതരായവരോടുള്ള സമീപനത്തില്‍ സത്യവും കാരുണ്യവും സംഗമിക്കുന്ന നയമാണ് സിനഡു ലക്ഷൃംവയ്ക്കുന്നതെന്നും, വിവാഹത്തിന്‍റെ അടിസ്ഥാന പ്രബോധനമായ അഭേദ്യതയെ സ്പര്‍ശിക്കുന്ന ഈ രണ്ടു ഘടകങ്ങളും സന്തുലിതമായ രീതിയില്‍ കൈകാര്യംചെയ്യുന്ന അജപാലന വിവേകവും മനോഭാവവുമാണ് സിനഡ് രൂപീകരിക്കുന്നതെന്നും കര്‍ദ്ദിനാള്‍ റവാസി അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.