2014-10-18 20:26:22

സാകല്യസംസ്കൃതി വളര്‍ത്തണമെന്ന സന്ദേശത്തോടെ
കുടുംബങ്ങള്‍ക്കായുള്ള പ്രത്യേക സിനഡ് സമാപിച്ചു


18 ഒക്ടോബര്‍ 2014, വത്തിക്കാന്‍
വഴിയും സത്യവും ജീവനുമായി ക്രിസ്തുവിനെ ജീവിതത്തില്‍ സ്വീകരിക്കുന്ന ലോകത്തുള്ള എല്ലാ കുംബങ്ങളെയും റോമില്‍ സമ്മേളിച്ചിരിക്കുന്ന മെത്രാന്മാരുടെ പ്രത്യേക സിനഡ് അനുസ്മരിക്കുന്നു. വിശ്വസ്തത, വിശ്വാസം, പ്രത്യാശ, സ്നേഹം എന്നിവയാല്‍ നിങ്ങള്‍ നല്കുന്ന ജീവിതസാക്ഷൃത്തെ നന്ദിയോടെ അനുസ്മരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു.

അജപാലകര്‍ കുടുംബങ്ങളുടെ വ്യത്യസ്ത സാഹചര്യങ്ങളിലും അനുഭവങ്ങളിലും വളര്‍ന്നു വന്നിട്ടുള്ളവരാണ്. ജീവിതത്തിലെ സുഖദുഃഖങ്ങളുടെ ആഖ്യാനങ്ങള്‍ ശ്രവിച്ചുകൊണ്ടാണ് അവര്‍ കുടുംബങ്ങള്‍ക്കൊപ്പം അനുദിനജീവിതത്തില്‍ മുന്നേറുന്നത്.

സിനഡിന് ഒരുക്കമായി പങ്കുവച്ച വളരെ നീണ്ട ചോദ്യാവലിയുടെ ഉത്തരങ്ങള്‍ ആധുനിക കുടുംബങ്ങളുടെ ചുറ്റുപാടും പ്രശ്നങ്ങളും മനസ്സിലാക്കാന്‍ ഏറെ സഹായിച്ചു. അവ സങ്കീര്‍ണ്ണമായ കുടുംബ ജീവിതത്തിലേയ്ക്ക് ചൂഴ്ന്നിറങ്ങുവാനും, അവയെക്കുറിച്ച് പഠിക്കുവാനും സിനഡിനെ വളരെ സഹായിച്ചിട്ടുണ്ട്.

‘ഞാ൯ വാതിലില്‍ മുട്ടുന്നു. ആരെങ്കിലും എന്‍റെ സ്വരം കേട്ട് തുറന്നുതന്നാല്‍ ഞാ൯ അവന്‍റെ ഭവനത്തില്‍ പ്രവേശിക്കുകയും അവനോടോപ്പം ഭക്ഷിക്കുകയും ചെയ്യും’ (വെളിപാട് 3, 20). ജരൂസലേമിലേയ്ക്കുള്ള യാത്രയില്‍ യേശു ഗ്രാമങ്ങളിലൂടെ കടന്നുപോയി. ഭവനങ്ങള്‍ സന്ദര്‍ശിച്ചു. ഇന്നും അവിടുന്നു നമ്മുടെ ഭവനങ്ങളുടെ വഴികളിലൂടെയും പാതയോരങ്ങളിലൂടെയും കടന്നുപോകുന്നുണ്ട്. പ്രകാശവും നിഴലും ഇടകലര്‍ന്ന അവസ്ഥയായിരിക്കാം നമ്മുടെ ഭവനങ്ങളില്‍. വെല്ലുവിളികളുയര്‍ത്തുന്ന പ്രതിസന്ധികളിലൂടെ കടന്നു പോകുന്നുമുണ്ടാകാം. തിന്മയുടെ ശക്തികള്‍ കുടുംബങ്ങളില്‍ ആഴ്ന്നിറങ്ങി, നിങ്ങളെ ഇരുട്ടില്‍ മറയ്ക്കുന്നുണ്ടാകാം. അപ്പോഴും ക്രിസ്തു നിങ്ങളുടെ ചാരത്തുണ്ട് ‌എന്നോര്‍ക്കുക.

ദാമ്പത്യജീവിതത്തിലെ വിശ്വസ്ത വലിയ വെല്ലുവിളിയാണ്. ലോലമായ വിശ്വാസം, മൂല്യച്യുതി, വ്യക്തിമഹാത്മ്യവാദം, വ്യക്തിബന്ധങ്ങളുടെ തകര്‍ച്ച, ജീവിതത്തിന്‍റെ പിരിമുറുക്കം എന്നിവ കുടുംബങ്ങളെ ബാധിക്കുന്ന ഇന്നിന്‍റെ പ്രശ്നങ്ങളാണ്. ദാമ്പത്യബന്ധങ്ങളില്‍ ധാരാളം പ്രതിസന്ധികള്‍ ഉണ്ട്. എന്നാല്‍ അവ പരിഹിക്കപ്പെടാതെ പോകുന്നതിനു കാരണം, പ്രതിവിധികള്‍ പലപ്പോഴും വളരെ തിടുക്കത്തിലാകുന്നതുകൊണ്ടും, അവയെ ക്ഷമയോടും, ധൈര്യത്തോടും, പരിചിന്തനത്തോടുംകൂടെ നേരിടാത്തതുകൊണ്ടുമാണ്. പരസ്പരം ക്ഷമിക്കുവാനും വിട്ടുവീഴ്ച ചെയ്യുവാനുമുള്ള വൈമുഖ്യവും ഈ സാഹചര്യത്തെ കൂടുതല്‍ വഷളാക്കുന്നു.

വൈകല്യമുള്ള കുട്ടികളും വയോജനങ്ങളും മാരകമായ രോഗബാധിതരും കുടുംബത്തിന്‍റെ ഭാഗമാണ്. അതുപോലെ പ്രിയപ്പെട്ടവരുടെ വേര്‍പാട് സൃഷ്ടിക്കുന്ന വേദനയും അവാച്യമാണ്. എന്നാല്‍ ധൈര്യത്തോടും വിശ്വാസത്തോടും സ്നേഹത്തോടുംകൂടെ ഇവ സ്വീകരിക്കുന്നവര്‍ക്ക് സഹിക്കുന്ന ക്രിസ്തുവിനെ അനുദിനം കാണുവാനും, അങ്ങനെ ക്ലേശങ്ങള്‍ ക്ഷമയോടെ വഹിക്കുവാനുള്ള കെല്പു ലഭിക്കുകയും ചെയ്യും.

മനുഷ്യാന്തസ്സു മാനിക്കാത്ത തരത്തില്‍ സമ്പത്തിനെ പൂവിട്ടാരാധിക്കുന്നതും, യഥാര്‍ത്ഥമായ മാനുഷിക ലക്ഷൃങ്ങള്‍ക്ക് ഉപകരിക്കാത്തതുമായ ധനത്തിന്‍റെ മേല്‍ക്കോയ്മയുള്ള സാമ്പത്തികക്രമം കുടുംബങ്ങളെ ഇന്ന് ഏറെ ബാധിക്കുന്നുണ്ട്. കുടുംബം പുലര്‍ത്താന്‍ നിവൃത്തിയില്ലാതെ തൊഴില്‍ രഹിതരായ മാതാപിതാക്കളെയും, ലക്ഷൃബോധമില്ലാതെ മയക്കുമരുന്നിനും കുറ്റകൃത്യങ്ങള്‍ക്കും അടിമകളായി കഴിയുന്ന യുവജനങ്ങളെയും നമ്മുടെ കുടംബങ്ങളുടെ ഭാഗമായിരിക്കുന്നതിനെക്കുറിച്ചും, സിനഡിന് നല്ല അവബോധമുണ്ട്.

യുദ്ധവും അഭ്യന്തര കലാപങ്ങളും മൂലം നിലനില്പിന്‍റെ തീരമണയാന്‍ വെമ്പല്‍കൊള്ളുന്നതും, എന്നാല്‍ വിശ്വാസത്തെയും, അടിയുറച്ചുനില്ക്കുന്ന ജീവിതമൂല്യങ്ങളെയുംപ്രതി പീഡിപ്പിക്കപ്പെടുകയും, വിവിധ കാരണങ്ങളാല്‍ അഭയാര്‍ത്ഥികളായി അലയുകയും ചെയ്യുന്നവരെയും സഭ അനുസ്മരിക്കുന്നു.
ചൂഷിതരും പീഡിതരുമായ സ്ത്രീകള്‍, മനുഷ്യക്കടത്തിന് ഇരായാകുന്നവര്‍,
സംരക്ഷണം നല്കേണ്ടവരാല്‍ത്തന്നെ പീഡിപ്പിക്കപ്പെടുന്ന കുട്ടികള്‍ എന്നിങ്ങനെയുള്ള ക്ലേശങ്ങള്‍ക്കു വിധേയമാകുന്ന കുടുംബങ്ങളെയും ഇത്തരുണത്തില്‍ പ്രത്യേകമായി അനുസ്മരിക്കുന്നു.
സമ്പന്നസംസ്ക്കാരം കുടുംബങ്ങളെ മൃതമാക്കുന്നതിനാല്‍, ചിലര്‍ അവിടെ മുരടിച്ചുപോകുന്നുണ്ട്. ധാരാളിത്തത്തിന്‍റെ പ്രകടനപരതമൂലമാണ് യാഥാര്‍ത്ഥ വളര്‍ച്ച മുറ്റിപ്പോകുന്നത്. ഈ സാഹചര്യത്തില്‍ കുടുംബങ്ങളുടെ പൊതുനന്മ ലക്ഷൃമാക്കി അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ ഗവണ്‍മെന്‍റുകളുടെയും അന്താരാഷ്ട്ര സംഘടനകളെയും ക്ഷണിക്കുന്നു.

സഭയുടെ വാതിലുകള്‍ സകലര്‍ക്കുമായി തുറന്നിടുന്ന സാകല്യ സംസ്ക്കാരം (an all inclusive culture) വളര്‍ത്തണമെന്നത് ക്രിസ്തുവിന്‍റെ ആഗ്രഹമാണ്. വേദനിക്കുന്ന ദമ്പതികളെയും കുടുംബങ്ങളെയും ശുശ്രൂഷിക്കുന്ന അജപാലകരെയും അല്‍മായ പ്രേഷിതരെയും സമൂഹങ്ങളെയും നന്ദിയോടെ അനുസ്മരിക്കുന്നു.








All the contents on this site are copyrighted ©.