2014-10-18 20:41:08

പോള്‍ ആറാമന്‍ പാപ്പായുടെ
വാഴ്ത്തപ്പെട്ട പദപ്രഖ്യാപനവും
മെത്രാന്മാരുടെ പ്രത്യേക സിനഡ് സമാപനവും


18 ഒക്ടോബര്‍ 2014, വത്തിക്കാന്‍
ധന്യനായ പോള്‍ ആറാമന്‍ പാപ്പായുടെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപനത്തിനായി റോമാ നഗരം ഒരുങ്ങി. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ കരങ്ങളുയര്‍ത്തി ആശീര്‍വ്വദിച്ചുകൊണ്ട് ഉയര്‍ന്നുനില്ക്കുന്ന പോള്‍ ആറാമന്‍ പാപ്പായുടെ ബഹുവര്‍ണ്ണ ഛായാചിത്രമാണ് തീര്‍ത്ഥാടകരെയും സന്ദര്‍ശകരെയും ആകര്‍ഷിക്കുകയും പാപ്പായുടെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപനത്തെക്കുറിച്ച് അനുസ്മരിപ്പിക്കുകയും ചെയ്യുന്നത്.

ഞായറാഴ്ച, ഒക്ടോബര്‍ 19-ാന് പ്രാദേശീക സമയം രാവിലെ 10.30 പാപ്പാ ഫ്രാന്‍സിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ സിനഡു പിതാക്കന്മാര്‍ക്ക് ഒപ്പം അര്‍പ്പിക്കപ്പെടുന്ന സമൂഹദിവ്യബലിമദ്ധ്യേയാണ് ധന്യാനായ പോള്‍ ആറാന്‍ പാപ്പായെ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തുന്നത്.

ദിവ്യബലിയുടെ ആമുഖപ്രാര്‍ത്ഥനയും, അനുതാപശുശ്രൂഷയും കഴിഞ്ഞാല്‍ ഉടന്‍തന്നെയാണ് വാഴ്ത്തപ്പെട്ട പദപ്രഖ്യാപന ചടങ്ങുകള്‍ നടക്കുന്നത്.
പോള്‍ അറാമന്‍ പാപ്പായുടെ ജന്മനാടായ വടക്കെ ഇറ്റലിയിലെ ബ്രേഷ്യാ രൂപതയുടെ മെത്രാന്‍, ലൂചിയാനോ മൊനാരി, പോസ്റ്റുലേറ്ററിനോടു ചേര്‍ന്ന് പാപ്പാ ഫ്രാന്‍സിസിനോട് നടത്തുന്ന ധന്യനായ പോള്‍ ആറാമന്‍റെ വാഴ്ത്തപ്പെട്ട പദപ്രഖ്യാനത്തിനായുള്ള അഭ്യര്‍ത്ഥനയോടെ കര്‍മ്മത്തിന് തുടക്കംകുറിക്കും.

പാപ്പാ അവരുടെ അഭ്യര്‍ത്ഥന സ്വീകരിച്ച് പ്രഖ്യാപനം നടത്തുകയും, ആഗോളസഭയില്‍ വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍റെ അനുസ്മരണദിനം എന്നായിരിക്കുമെന്നും അപ്പോള്‍ത്തന്നെ വിളമ്പരംചെയ്യും.
തുടര്‍ന്ന് കൃതജ്ഞതാഗീതവും, പ്രാര്‍ത്ഥനയുമാണ്.
ഗ്ലോരിയ ഗീതത്തോടെ വാഴ്ത്തപ്പെട്ടപദപ്രഖ്യാപന കര്‍മ്മം സമാപിക്കും. ആഗോളസഭയ്ക്കു ലഭിക്കുന്ന വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പായുടെ ജീവിതവിശുദ്ധിക്കും ആധുനികയുഗത്തില്‍ പാപ്പായിലൂടെ സഭയ്ക്കു ലഭിച്ച തുല്യതയില്ലാത്ത സേവനങ്ങള്‍ക്കും, ശനിയാഴ്ച സമാപിച്ച കുടുംബങ്ങള്‍ക്കായുള്ള പ്രത്യേക സിനഡുസമ്മേളനത്തിനും കൃതജ്ഞതയായി പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തിലുള്ള ദിവ്യബലി തുടരും.








All the contents on this site are copyrighted ©.