2014-10-17 12:44:07

മിഷന്‍ ഞായര്‍ -
സുവിശേഷപ്രഘോഷണത്തിന്
അടിയന്തിര സ്വഭാവമെന്ന്
പാപ്പാ ഫ്രാന്‍സിസ്


17 ഒക്ടോബര്‍ 2014, വത്തിക്കാന്‍
ക്രിസ്തുവിനെ പ്രഘോഷിക്കുന്ന പ്രേഷിതജോലിക്ക് അടിയന്തിര സ്വഭാവമുണ്ടെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. ഒക്ടോബര്‍ 19-ാം തിയതി ആഗോളസഭ ആചരിക്കുന്ന ഈ വര്‍ഷത്തെ മിഷന്‍ഞായറിനോടനുബന്ധിച്ച് പാപ്പാ ഫ്രാന്‍സിസ് പുറപ്പെടുവിച്ച സന്ദേശത്തിലാണ് സുവിശേഷവത്ക്കരണത്തിന്‍റെ അടയന്തിര സ്വഭാവത്തെക്കുറിച്ച് പാപ്പാ ഊന്നിപ്പറയുന്നത്.

സഭ പ്രകൃത്യാ പ്രേഷിതയാണെന്നും, ക്രിസ്തുവിന്‍റെ സുവിശേഷമൂല്യങ്ങള്‍ പ്രഘോഷിച്ചുകൊണ്ട് മുന്നേറാന്‍ വിളിക്കപ്പെട്ടിരിക്കുകയാണെന്നും പാപ്പാ സന്ദേശത്തിന് ആമുഖമായി പ്രസ്താവിച്ചു. ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിക്കുവാനും ക്രിസ്തുവിനെ കണ്ടുമുട്ടാന്‍ ജനങ്ങളെ ഒരുക്കുവാനും സുവിശേഷ സന്തോഷവുമായി ഇറങ്ങിപ്പുറപ്പെട്ട അപ്പസ്തോലന്മാരെപ്പോലെ ഇന്നും ക്രൈസ്തവര്‍ പ്രേഷിതജോലികളുമായി തങ്ങളുടെ ജീവിതപരിസരങ്ങളില്‍ വ്യാപൃതരാകണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

സുവിശേഷ സന്തോഷത്തിന് ത്രിത്വാത്മകമാനമുണ്ടെന്ന് പാപ്പാ സന്ദേശത്തില്‍ വിവരിച്ചു. പിതാവാണ് സന്തോഷത്തിന്‍റെ ഉറവിടം. പുത്രനാണ് അതിന്‍റെ ആവിഷ്ക്കരണം, പരിശുദ്ധാത്മാവാണ് അതിന്‍റെ ദായകന്‍.
ക്രിസ്തു പിതാവിനെ സ്തുതിക്കുന്നത് പരിശുദ്ധാത്മാവിന്‍റെ നിറവില്‍ ലഭിച്ച സന്തോഷത്തോടെയാണെന്നും, പിതാവിനോടുള്ള അളവറ്റ പുത്രസ്നേഹത്തില്‍നിന്നും അഗാധമായ ആനന്ദത്തിന്‍റെ നിമിഷങ്ങള്‍ ഉതിരുന്നത് ക്രൈസ്തവര്‍ മാതൃകയാക്കണമെന്നും പാപ്പാ സന്ദേശത്തിലൂടെ ആഹ്വാനംചെയ്തു.

അതിനാല്‍ ക്രിസ്തുവിനെ കണ്ടെത്തുന്ന എല്ലാവരുടെയും ഹൃദയത്തിലും സുവിശേഷത്തിന്‍റെ സന്തോഷം നിറയുന്നു. അവിടുന്നു നല്കുന്ന രക്ഷയുടെ വാഗ്ദാനം സ്വീകരിക്കുന്നവര്‍ പാപത്തില്‍നിന്നും ദുഃഖത്തില്‍നിന്നും ആന്തരിക ശൂന്യതയില്‍നിന്നും ഏകാന്തതയില്‍നിന്നും സ്വതന്ത്രായിത്തീരുന്നു.
ക്രിസ്തുവിനൊടൊത്തുള്ള സന്തോഷം ജീവിതത്തില്‍ നിലനില്ക്കുമെന്നും പാപ്പാ സന്ദേശത്തിലൂടെ പ്രസ്താവിച്ചു.

ഒക്ടോബര്‍ 19-ന് കേരളത്തിലെ എല്ലാ ഇടവകകളിലും കത്തോലിക്കാ സ്ഥാപനങ്ങളിലും മിഷന്‍ ഞായര്‍ ആചരിക്കുകയും അന്നത്തെ പ്രത്യേകമായ സ്തോത്രക്കാഴ്ച പാപ്പായുടെ പ്രേഷിതനിയോഗങ്ങള്‍ക്കായി പ്രാദേശിക സഭ എത്തിച്ചുകൊടുക്കുകയും ചെയ്യും.









All the contents on this site are copyrighted ©.